വർക്കല റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടൽ; ജലക്ഷാമം തുടർക്കഥ

HIGHLIGHTS
  • കണ്ണംബ, ചാലുവിള, കല്ലംകോണം, ചെറുകുന്നം ഉൾപ്പെടെ വാർഡുകളിൽ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം
വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഗുഡ്സ്ഷെഡ് റോഡിലെ പൈപ്പ് പൊട്ടൽ നന്നാക്കാനുള്ള ശ്രമം
SHARE

വർക്കല∙ റെയിൽവേ സ്റ്റേഷന് കിഴക്ക് വശം നാലു വാർഡുകളിൽ ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായി വെള്ളം മുട്ടിച്ചു പൈപ്പ് ലൈനിൽ വീണ്ടും പൊട്ടൽ. ഗുഡ്സ് ഷെഡ് റോഡിൽ ഇതിനകം റോഡ് കുഴിച്ചു ഒൻപതോളം ഭാഗത്ത് കണ്ടെത്തിയ പൊട്ടലുകൾ ജലഅതോറിറ്റി അടച്ചെങ്കിലും വീണ്ടും ഇതേ റോഡിൽ തന്നെ പൈപ്പ് ചോർച്ച കണ്ടെത്തി അവ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. റെയിൽവേയുടെ സിഗ്നൽ കേബിൾ സ്ഥാപിക്കുന്നതിന് നടത്തിയ ഡ്രില്ലിങിനിടെയാണ് ഇത്രയും ഭാഗത്ത് പൈപ്പ് പൊട്ടിയതെന്നും റെയിൽവേ കരാറുകാരന്റെ ഏകപക്ഷീയമായ നിർമാണ പ്രവർത്തനമാണ് പൈപ്പ് ലൈനിൽ ഇത്രയും തകരാറുകൾ സംഭവിക്കാൻ കാരണമെന്നും ജലഅതോറിറ്റി പറയുന്നു.

ബുധനാഴ്ച രാവിലെ ഗുഡ്സ് ഷെഡ് റോഡിൽ വീണ്ടും കുഴിയെടുത്തപ്പോൾ 400 എംഎം പൈപ്പിന്റെ ഒരു ഭാഗം നീളത്തിൽ തകർന്ന കാഴ്ചയാണ് കണ്ടത്. പൈപ്പ് മാറ്റൽ പ്രക്രിയ വേഗത്തിൽ നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം കണ്ണംബ, ചാലുവിള, കല്ലംകോണം, ചെറുകുന്നം ഉൾപ്പെടെ വാർഡുകളിൽ ഉയർന്ന സ്ഥലങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി. ഡിസംബർ പത്ത് മുതൽ കണ്ണംബയിലെ കാട്ടുപുറം റോഡ്, ചാലുവിള റോഡ്, തേരിക്കക്കുന്ന് റോഡ് ഭാഗങ്ങളിൽ ഇതുവരെയും വെള്ളം ലഭിക്കാത്ത സാഹചര്യമാണെന്നു കൗൺസിലർ പ്രിയഗോപൻ പറഞ്ഞു.

വെള്ളം കുടി മുട്ടിയതിന്റെ പേരിൽ വീട് മാറിപ്പോയവരുണ്ട്. രണ്ടു ദിവസത്തിനകം പരിഹാരമില്ലെങ്കിൽ എല്ലാവരെയും പങ്കെടുപ്പിച്ചു സമരപരിപാടികൾ അതോറിറ്റി ഓഫിസിനു മുന്നിൽ ആസൂത്രണം ചെയ്യുമെന്നു ഇവർ പറയുന്നു. അതേസമയം റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്ത് തുടരുന്ന ജലക്ഷാമം പരിഹാരത്തിനു ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള നടപടി കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു. പൈപ്പ് നന്നാക്കൽ പുരോഗതി വിലയിരുത്തി, താലൂക്ക് ഓഫിസിലെ വലിയ ടാങ്കറുകൾ ഉപയോഗിച്ചു പ്രശ്നബാധിത സ്ഥലങ്ങളിൽ വെള്ളം എത്തിക്കാനാണ് നീക്കം. അതേസമയം കിണറുകൾ ഇല്ലാത്ത വീട്ടുകാരാണ് പ്രതിസന്ധിയിൽ വലയുന്നത്. ഇവർ ഇരട്ടി തുക നൽകി ടാങ്കർ ജലം വരുത്തേണ്ട സ്ഥിതിയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS