അതിഥി തൊഴിലാളികളുടെ അനധികൃത പാർപ്പിടങ്ങൾ കണ്ടെത്താൻ പ്രത്യേകസംഘം

migrant-workers
SHARE

തിരുവനന്തപുരം∙ അതിഥി തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ തലങ്ങളിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി ലേബർ കമ്മിഷണർ കെ.വാസുകി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികളിലേക്കു കടക്കും.

അതിഥി തൊഴിലാളികളെ പരസ്പരം ബന്ധിപ്പിക്കുകയും തിരിച്ചറിയൽ നമ്പർ നൽകുകയും ചെയ്യുന്ന അതിഥി മൊബൈൽ ആപ്പിന്റെ പ്രവർത്തനം ഏപ്രിലോടെ കാര്യക്ഷമമാക്കും. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണ് ഈ ആപ് അവതരിപ്പിക്കുന്നതായി അറിയിച്ചത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഓഫ് കേരള (ചിയാക്) ആണ് ആപ് വികസിപ്പിക്കുന്നത്. അതിഥി പോർട്ടലും ഇതോടൊപ്പം നിലവിൽ വരും.

കേരളത്തിലെ 33 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ആപ് വഴി അറിയാനാകുമെന്നാണ് പ്രതീക്ഷ. പൊലീസ്, തൊഴിൽ, ആരോഗ്യവിഭാഗം എന്നിവയുടെ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ വിധത്തിലാണ് ആപ്പിന്റെ രൂപകൽപന. തൊഴിലാളികൾക്ക് ചികിത്സ, അപകട ഇൻഷുറൻസ് എന്നിവ ഉറപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് കാർഡ് 2018ൽ അവതരിപ്പിച്ചിരുന്നു. തൊഴിലാളി ക്ഷേമനിധി ബോർഡ് നേരത്തെ അതിഥി തൊഴിലാളികൾക്കായി ഗെസ്റ്റ് ആപ്പും അവതരിപ്പിച്ചിരുന്നു. ഇവയുടെ എല്ലാം പോരായ്മകൾ നികത്തി ഒറ്റ ക്ലിക്കിൽ സമഗ്രമായ വിവരങ്ങൾ അതിഥി ആപ്പിലൂടെ കൊണ്ടുവരാനാണ് നീക്കം.

ഹെൽത്ത് കാർഡ് നൽകും

പോത്തൻകോട് ∙ പഞ്ചായത്തിൽ വാടക കെട്ടിടങ്ങളിൽ കഴിയുന്ന മുഴുവൻ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്ന പദ്ധതിക്ക് രൂപം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ പറഞ്ഞു. തൊഴിലാളികളുടെ വിവര ശേഖരണവും നടത്തും.

തൊഴിൽ വകുപ്പിനു വീഴ്ച

പോത്തൻകോട് ∙ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ തൊഴിൽ വകുപ്പിനും താൽപര്യമില്ല. പകർച്ചവ്യാധിയടക്കം പ്രശ്നങ്ങൾ സങ്കീർണമായിട്ടും അധികൃതർ നടപടികളിലേക്ക് കടന്നിട്ടില്ല.

എത്രപേർ ?ആർക്കും വ്യക്തതയില്ല

പോത്തൻകോട് ∙ വാടക കെട്ടിടവും ഷെഡുകളും നൽകിയവർക്കു പോലും എത്രപേരാണ് മുറിയിൽ കഴിയുന്നതെന്നും അവർ ആരെണെന്നതും വ്യക്തതയില്ലാത്തതാണ് തൊഴിലാളികളെ എല്ലാവരെയും പരിശോധനയ്ക്ക് പങ്കെടുപ്പിക്കാൻ കഴിയാത്തതെന്നാണു വിവരം. ചില ഉടമകൾ മേൽനോട്ടത്തിന് ആളെ വച്ചിട്ടുണ്ട്. ചില കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുകയും ഒരുമാസം വരെ താമസിച്ച ശേഷം കൂടുതൽ വാടകയ്ക്ക് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവരുമുണ്ട്.

അതിഥത്തൊഴിലാളികൾക്ക് മന്ത് രോഗം ഡിഎംഒയോടു മന്ത്രി വിശദീകരണം തേടി

പോത്തൻകോട് ∙ പഞ്ചായത്തിൽ അതിഥത്തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടർന്ന സംഭവത്തിൽ മന്ത്രി ജി.ആർ.അനിൽ ജില്ലാ മെഡിക്കൽ ഓഫിസറോട് വിശദീകണം തേടി. സംഭവം ശരിയാണെന്നും എന്നാൽ മാസങ്ങൾക്കു മുൻപാണ് രോഗം സ്ഥിരീകരിച്ചതെന്നും അതു വ്യാപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തിയതായും ജില്ലാ മെഡിക്കൽ ഓഫിസർ മറുപടി നൽകി. പ്രദേശവാസികൾക്ക് രോഗവ്യാപന ഭീതി വേണ്ടെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

എങ്കിലും പോത്തൻകോട്, മാണിക്കൽ, വെമ്പായം, അണ്ടൂർക്കോണം എന്നീ പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടുന്ന പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന ഊർജ്ജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചില റിയൽ എസ്റ്റേറ്റ് ഉടമകൾ ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാതെ അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച് അമിത വാടക ഈടാക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടികളെടുക്കാൻ പോത്തൻകോട് പഞ്ചായത്തിനും ആരോഗ്യ വകുപ്പ് അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS