വിഴിഞ്ഞം∙ചൊവ്വര–അടിമലത്തുറ ഭാഗത്തെ സ്വകാര്യ റിസോർട്ടിനു സമീപത്ത് പാതയിൽ യുകെയിൽ നിന്നുള്ള വിദേശ വനിതയ്ക്കു നേരെ 5 അംഗ സംഘത്തിന്റെ അതിക്രമവും പീഡനശ്രമവും എന്ന പരാതിയിൽ ടാക്സി ഡ്രൈവർ അടിമലത്തുറ സ്വദേശി സിൽവയ്യ (35)നെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വിദേശ വനിതയെ ശല്യം ചെയ്തുവെന്നതിനാണ് അറസ്റ്റ് എന്നു പൊലീസ് അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് എത്തിയ വിദേശവനിതയ്ക്കു നേരെയുണ്ടായ അതിക്രമത്തിൽ നിസ്സാര വകുപ്പു ചുമത്തിയതിനെതിരെ പരാതി ഉയർന്നു. കൂട്ടു പ്രതികളായ നാലുപേരെ പിടികൂടിയതുമില്ല. അതിക്രമം തടയാൻ എത്തിയ റിസോർട്ട് ഷെഫിനു മർദനമേറ്റിരുന്നു.
ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ഒപ്പം പോകാൻ ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വിഴിഞ്ഞം പൊലീസ് പറയുന്നു. എന്നാൽ ടാക്സി ഡ്രൈവർ ഉൾപ്പെട്ട സംഘം വനിതയെ പിന്തുടർന്ന് പാതയുടെ ഇരുട്ടുള്ള ഭാഗത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷെഫ് രാജ ഷേക്ക് എത്തി വനിതയെ രക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘം മർദിച്ചു. 31 ന് രാത്രി നടന്ന സംഭവം സംബന്ധിച്ച് വിദേശ വനിത റിസോർട്ട് അധികൃതർക്ക് നൽകിയ പരാതിയെതുടർന്ന് ഷെഫും റിസോർട്ട് മാനേജരും വെവ്വേറെ പരാതികൾ വിഴിഞ്ഞം പൊലീസിന് നൽകുകയായിരുന്നു.എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐ കെ.എൽ.സമ്പത്ത്, എഎസ്ഐ സാബു ചന്ദ്രൻ, എസ്‌സിപിഒ രവിപ്രസാദ്, സിപിഒ സുജിത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.