ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ തലസ്ഥാന ജില്ലയ്ക്കു തലോടൽ. പ്രത്യേകമായി പുതിയ പദ്ധതികൾ അധികമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പല പദ്ധതികളും മുൻ ബജറ്റുകളിലെ പദ്ധതികളുടെ തുടർച്ചയാണ്. എങ്കിലും പലതും തലസ്ഥാനത്തിന്റെ അഭിമാന പദ്ധതികളാണ്.

vizhinjam-port
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആകാശ കാഴ്ച.

വിഴിഞ്ഞം വാണിജ്യ ഇടനാഴി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അനുബന്ധ മേഖലകൾ വാണിജ്യ വ്യവസായ കേന്ദ്രമായി വികസിപ്പിക്കും. വിഴിഞ്ഞം –നാവായിക്കുളം ഔട്ടർ റിങ് റോഡ് സംസ്ഥാനത്തെ പ്രധാന വ്യാവസായിക ഇടനാഴിയായി വികസിപ്പിക്കും. ഈ റോഡിനു ചുറ്റും വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും

വിപുലമായ താമസ സൗകര്യങ്ങളും ഉൾപ്പെടുന്ന ടൗൺഷിപ്പുകൾ രൂപപ്പെടും.വ്യാവസായിക ഇടനാഴിയുടെ ഇരുവശങ്ങളിലും അധിവസിക്കുന്ന ജനങ്ങളെക്കൂടി പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാൻ സർക്കാർ മുൻകയ്യെടുക്കും.

സർക്കാർ, സ്വകാര്യ സംരംഭകർ, ഭൂവുടമകൾ എന്നിവരുൾപ്പെടുന്ന വികസന പദ്ധതികൾ തയാറാക്കും.ലാൻഡ് പൂളിങ് സംവിധാനവും പിപിപി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തി 60000 കോടി രൂപയുടെ വികസന പദ്ധതികളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

ഔട്ടർ റിങ് റോഡ്

ദേശീയപാത അതോറിറ്റി ടെൻഡർ നടപടികളിലേക്കു കടന്ന വിഴിഞ്ഞം –നാവായിക്കുളം ഔട്ടർ റിങ് റോഡിനു വേണ്ടി സ്ഥലമേറ്റെടുക്കാൻ കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. സ്ഥലമേറ്റെടുപ്പിന് ചെലവാകുന്ന തുക തുല്യ വിഹിതമായി കേന്ദ്രവും സംസ്ഥാനവും പങ്കിടും. ഈ പദ്ധതിക്ക് ആകെ ചെലവ്

5000 കോടി രൂപയാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭാരത്‍മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദേശീയപാത അതോറിറ്റി റോഡ് നിർമിക്കുന്നത്. പദ്ധതിക്കു സ്ഥലമേറ്റെടുക്കാൻ സിൽവർ ലൈൻ പദ്ധതിക്കു നിയോഗിച്ചിരുന്ന റവന്യു വിഭാഗം ജീവനക്കാരെ പുനർ വിന്യസിച്ചിരുന്നു. 

ടെക്നോപാർക്കിൽ ഡിജിറ്റൽ സയൻസ് പാർക്ക്

ടെക്നോപാർക്ക് ഫേസ് 4 ൽ 13.65 ഹെക്ടറിൽ ഡിജിറ്റൽ സയൻസ് പാർക്ക് നിർമിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് ഇത്തവണ ബജറ്റിൽ പ്രഖ്യാപനമുണ്ട്. 3 സയൻസ് പാർക്കിനും ഡിജിറ്റൽ സയൻസ് പാർക്കിനും ഉൾപ്പെടെ 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റൽ സയൻസ് പാർക്കിന്റെ കെട്ടിടം പൂർത്തിയാകുന്നതുവരെ ടെക്നോപാർക്ക് ക്യാംപസിൽ തന്നെ മറ്റൊരിടത്ത് 10000 ചതുരശ്ര അടിയിൽ മേയിൽ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിക്കുമെന്നാണു പ്രഖ്യാപനം. ഇതിനായി ഡിജിറ്റൽ സർവകലാശാലയും എഡിൻബറോ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

ലൈഫ് സയൻസ്പാർക്കിൽ മൈക്രോ ബയോം മികവിന്റെ കേന്ദ്രം

തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ മൈക്രോ ബയോം മികവിന്റെ കേന്ദ്രത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് പൂർത്തിയായി. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലൈഫ് സയൻസ് പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിഹിതമായി 20 കോടി രൂപ വകയിരുത്തി.

പ്രതികരണങ്ങൾ

ദുസ്സഹം: അനൂപ് ജേക്കബ്

ബജറ്റ് സമ്പൂർണ ജനദ്രോഹപരമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ. നികുതി വർധന ഏർപ്പെടുത്തിയത്  ജനജീവിതം ദുസ്സഹമാക്കും.  ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാതെ വെള്ളക്കരം, വൈദ്യുതി, പെട്രോൾ, ഡീസൽ, ഭൂമിയുടെ ന്യായവില, മോട്ടർ വാഹന നികുതികൾ, മദ്യം ഉൾപ്പെടെയുള്ള സകലതിനും നികുതി നിരക്ക് വർധിപ്പിച്ചത് സർക്കാരിന്റെ ജനങ്ങളോടുള്ള നിഷേധാത്മകമായ സമീപനമാണ്– അനൂപ് പറഞ്ഞു. 

പ്രവാഹി സൗഹൃദം: പി.ശ്രീരാമകൃഷ്ണൻ

ബജറ്റ് പ്രവാസി സൗഹൃദമാണെന്നും സീസൺ സമയത്തെ വിമാനയാത്രാ നിരക്കിൽ ഇടപെടാനുളള തീരുമാനം രാജ്യത്ത് ആദ്യമാണെന്നും നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. പ്രവാസികൾക്ക് പ്രതീക്ഷാ നിർഭരമായ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച പ്രവാസി സൗഹൃദ ബജറ്റാണ് ഇതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

സമരം വേണ്ടിവരും: ജോയിന്റ് കൗൺസിൽ 

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കേണ്ട ക്ഷാമബത്ത കുടിശിക 15 % ആയി ഉയരുമ്പോൾ ബജറ്റിൽ തുക വിതരണം ചെയ്യുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാത്തത്  പുരോഗമന സർക്കാരിന് ചേർന്ന നടപടിയല്ലെന്ന് സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ആരോപിച്ചു.  അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭങ്ങൾക്ക് തയാറാകേണ്ട സാഹചര്യമാണുള്ളതെന്ന് സമര സമിതി ചെയർമാൻ ഒ.കെ.ജയകൃഷ്ണനും ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും അറിയിച്ചു.

ശമ്പളവും അടിച്ചു മാറ്റുന്നു : സെറ്റോ 

ഇന്ധന, വാഹന നികുതി വർധനവിലൂടെ ഉദ്യോഗസ്ഥരുടെ ശമ്പളവും സർക്കാർ അടിച്ച് മാറ്റുന്നെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ. സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിലേക്കു തള്ളിവിടുന്ന ബജറ്റാണിത്. ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിച്ചില്ല.പുതിയ തൊഴില അവസരങ്ങളില്ല.ലീവ് സറണ്ടർ നൽകിയിട്ട് 3 വർഷമായി. പങ്കാളിത്ത പെൻഷൻകാരെയും സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരെയും ഒന്നിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിനും പണിമുടക്കിനും കേരള എൻജിഒ അസോസിയേഷൻ  നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു .

നടുവൊടിക്കുന്നു : സെക്രട്ടേറിയറ്റ് അസോ.

പൊതുജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദേശങ്ങളാണ് ബജറ്റിൽ ഉള്ളതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ. ബിനോദും ആരോപിച്ചു.

ബജറ്റിൽ ജില്ലയ്ക്ക് അനുവദിച്ച  പ്രധാന പദ്ധതികൾ

കോവളം– ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാലിനെ സാമ്പത്തിക – വ്യാപാര ഇടനാഴിയാക്കുന്നതിനു 300 കോടികാർബൺ ന്യൂട്രൽ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും 2 വർഷത്തിനുള്ളിൽ ഗ്രീൻ ഹൈഡ്രജൻ ഹബ് സ്ഥാപിക്കാൻ 200 കോടി രൂപയുടെ പദ്ധതി.

ഇതിന് ബജറ്റിൽ 20 കോടി രൂപ അധികമായി നീക്കിവച്ചു.ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ അനുബന്ധമായി നഴ്സിങ് കോളജുകൾ.കോവളത്തെ എക്സ്പീരിയൻഷ്യൽ വിനോദ സഞ്ചാര കേന്ദ്രമായി മാറ്റും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ രാജ്യാന്തര കൺസൾട്ടന്റിനെ തിരഞ്ഞെടുക്കും.

നഗര പുനരുജ്ജീവനവും സൗന്ദര്യവൽക്കരണവുമാണ് ലക്ഷ്യം.കലക്ടറേറ്റിൽ സൗകര്യം വർധിപ്പിക്കും. 10,000 ചതുരശ്ര അടി അധിക സ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകനങ്ങൾ നടത്താനും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്താനുമുള്ള സംസ്ഥാന ചേംബർ സ്ഥാപിക്കും.

വെള്ളായണി കാർഷിക കോളജിലെ കാർഷിക ജൈവ വൈവിധ്യ പ്രവർത്തനം അടുത്ത വർഷം നടപ്പിലാക്കും.കോട്ടൂരിൽ ലോക നിലവാരത്തിലുള്ള ആന പുനരധിവാസ കേന്ദ്രത്തിന് ഒരു കോടി രൂപതിരുവനന്തപുരത്തെ ബയോ 360 ലൈഫ് സയൻസ് പാർക്കിന്റെ ക്യാംപസിൽ മെഡ്ടെക് പാർക് 2023-24-ന്റെ രണ്ടാം പകുതിയോടെ പ്രവർത്തനക്ഷമമാകും.

ഇവിടേക്ക് മെഡ്ടെക് നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎംടിസി നടത്തും. ഇതിന് 10 കോടി രൂപ.തിരുവനന്തപുരം ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾക്ക് 26.6 കോടി രൂപ.വിഴിഞ്ഞം ഉൾപ്പെടെ സംസ്ഥാനത്തെ 5 തുറമുഖങ്ങളിൽ ഷിപ്പിങ് പ്രവർത്തനങ്ങൾക്കുള്ള തുറമുഖ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 40.5 കോടി രൂപ

വിഴിഞ്ഞം, ആറ്റിങ്ങൽ ഉൾപ്പെടെ സംസ്ഥാനത്തെ 8 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ പ്രീ-ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ സ്റ്റേ,ൻ മന്ദിരങ്ങൾ നിർമിക്കാൻ 20 കോടി രൂപ അധികമായി അനുവദിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അത്യാധുനിക ബയോസേഫ്റ്റി ലെവൽ-3 ലാബുകൾ

ഇൻസ്ട്രമെന്റേഷൻ സൗകര്യങ്ങൾ, പരീക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ലബോറട്ടറി സൗകര്യം വികസിപ്പിക്കാൻ 80000 ചതുരശ്ര അടി കൂട്ടിച്ചേർക്കാൻ 50 കോടി രൂപ. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിന് 81 കോടി രൂപയും 120 കോടി രൂപ ചെലവിൽ ആർസിസിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തുന്നതിന് സംസ്ഥാന വിഹിതമായി

13.80 കോടി രൂപയും.കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന്റെ തിരുവനന്തപുരം ക്യാംപസ് ഉൾപ്പെടെ നാലു കേന്ദ്രങ്ങളുടെ വികസനത്തിന് 23 കോടി രൂപ.തിരുവനന്തപുരം ഉൾപ്പെടെ 2 മൃഗശാലകള‍ുടെ നവീകരണത്തിനും പുതിയ മൃഗങ്ങളെ ലഭ്യമാക്കാനും വെർച്വൽ പെറ്റ് അഡോപ്ഷൻ പദ്ധതിക്കുമായി

ആകെ 8.15 കോടി രൂപ.ചെമ്പഴന്തി ശ്രീനാരായണ രാജ്യാന്തര പഠന കേന്ദ്രത്തിന് 35 ലക്ഷം രൂപ.ജിവി രാജ സ്പോർട്സ് സ്കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷന്റെയും അപ്ഗ്രഡേഷനും ശേഷി വർധിപ്പിക്കാനുമായി 20 കോടി രൂപ.ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെയും നേതൃത്വത്തിൽ വായിലൂടെ നൽകാവുന്ന പേവിഷ വാക്സിൻ വികസിപ്പിക്കാൻ 5 കോടി.തിരുവനന്തപുരം ഉൾപ്പെടെ മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം ഫാർമസ്യൂട്ടിക്കൽ സയൻസ് കോളജ് എന്നിവയുടെ വികസന പ്രവർത്തനങ്ങൾക്ക്

232.27 കോടി രൂപ കാൻസർ ചികിത്സാ വിഭാഗത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിഇടി സിടി സ്കാനർ വാങ്ങാൻ 15 കോടി രൂപ.തിരുവനന്തപുരം ഉൾപ്പെടെ 3 ആയുർവേദ മെഡിക്കൽ കോളജുകൾക്ക് 20.15 കോടി രൂപ.‌തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ

നടപ്പിലാക്കുന്ന ‘നഗര ജലവിതരണം മെച്ചപ്പെടുത്തൽ’ പദ്ധതിക്ക് 100 കോടി രൂപ.നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന് (നിഷ്) 18.93 കോടി രൂപ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനു ഗവേഷണങ്ങൾക്കും മറ്റുമായി ഒരു കോടി രൂപ. ‘ഇന്നവേഷൻ-ഡ്രിവൺ നോളജ് ഇക്കോണമി ആൻഡ് ട്രാൻസ്‌ഫർമേഷൻ ഇൻ ദി ഗ്ലോബൽ സൗത്ത്’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന് 5 ലക്ഷം രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com