ADVERTISEMENT

തിരുവനന്തപുരം∙ എത്ര വലിയ നേതാവ് ആയാലും വിഭാഗീയതക്കു മുതിർന്നാൽ അത് അനുവദിക്കില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മുന്നറിയിപ്പ്. എന്നാൽ അതേ യോഗത്തിൽ തന്നെ മുൻ ജില്ലാ സെക്രട്ടറിമാരായ ആനാവൂർ നാഗപ്പനെയും കടകംപള്ളി സുരേന്ദ്രനെയും അനുകൂലിക്കുന്നവർ ചേരി തിരിഞ്ഞ് ആരോപണ–പ്രത്യാരോപണങ്ങൾ ഉന്നയിച്ചു.

പാർട്ടിയുടെ തിരുത്തൽ രേഖ റിപ്പോർട്ട് ചെയ്യാനായി വിളിച്ചു ചേർത്ത ജില്ലാ സെക്രട്ടേറിയറ്റ്–കമ്മിറ്റി യോഗങ്ങളിൽ ശക്തമായ മുന്നറിയിപ്പാണ് സംസ്ഥാന നേതൃത്വം നൽകിയത്. ഗോവിന്ദനെ കൂടാതെ പി.കെ.ശ്രീമതി, പി.കെ.ബിജു, ആനാവൂർ നാഗപ്പൻ എന്നീ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുത്തു. 

സമീപകാലത്ത് ജില്ലയിലെ പാർട്ടിയെ നാണക്കേടിലാക്കിയ സംഭവങ്ങളുടെ പേരിൽ പഴി ചാരൽ ഉണ്ടായി. മുൻ ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂരിന്റെ കാലത്ത് അരങ്ങേറിയ ചെയ്തികൾക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. അതേ സമയം ആനാവൂരിനെ സംരക്ഷിക്കാനും ചിലർ രംഗത്തെത്തി.

ആനാവൂരിനെയും അനുചരന്മാരെയും ‘മാവോയുടെ നാൽവർ സംഘത്തോടും’ അണ്ണനും കൊച്ചണ്ണന്മാരുമായും’ വിശേഷിപ്പിച്ച് ചിലർ പരിഹസിച്ചു. ആനാവൂരിന്റെ വിശ്വസ്തരായ ജില്ലാ സെക്രട്ടേറിയറ്റ്–കമ്മിറ്റി അംഗങ്ങളായിരുന്നു ഉന്നം. ഈ പരിഹാസത്തെ എം.വി.ഗോവിന്ദൻ തള്ളി. അത്തരം വാക് പ്രയോഗങ്ങൾ ഇവിടെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനെതിരെ ഉയർന്ന ചില വിവാദങ്ങളും ചിലർ ഏറ്റുപിടിച്ചു. സ്വപ്ന സുരേഷ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണത്തിനെതിരെ എന്തുകൊണ്ട് കടകംപള്ളി കേസു കൊടുത്തില്ലെന്ന ചോദ്യം ഉയർന്നു. അന്നു ജില്ലാ സെക്രട്ടറി ആയിരുന്ന ആനാവൂർ വിലക്കിയതു മൂലമാണ് അതു ചെയ്തതെന്ന വിശദീകരണത്തെ ആനാവൂരും തള്ളിയില്ല.

ചില എസ്എഫ്ഐ–ഡിവൈഎഫ്ഐ നേതാക്കന്മാരുടെ വിക്രിയക്കെതിരെ കടുത്ത വികാരം യോഗത്തിലുണ്ടായി. ഇവർക്ക് നൽകി വന്ന സംരക്ഷണം ചോദ്യം ചെയ്യപ്പെട്ടു. അവർ പറഞ്ഞു നടക്കുന്നത് പാർട്ടി കമ്മിറ്റിയിൽ പറയാൻ കൊള്ളാത്ത കാര്യമാണെന്ന് ചിലർ തുറന്നടിച്ചു. നേതാക്കന്മാരുടെ വ്യക്തിപരമായ ദൂഷ്യങ്ങൾക്കെതിരെ ഒളിയമ്പുകളും യോഗത്തിൽ ഉയർന്നു. .

ജില്ലയിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ചു തന്നെ മുന്നോട്ടു പോകുമെന്ന് പുതിയ ജില്ലാ സെക്രട്ടറി വി.ജോയിയും യോഗത്തിൽ പറഞ്ഞു. തിരുത്തലിന് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ഉണ്ടാകുമെന്നു നേതാക്കൾ വ്യക്തമാക്കി. ജില്ലാ സെക്രട്ടേറിയറ്റിലെ ഒരു ഒഴിവ് നികത്തുന്നത് സംബന്ധിച്ച ചർച്ച യോഗത്തിൽ ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com