ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാരായ 2 യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട ട്രാഫിക് വാർഡന്മാരെ സംരക്ഷിക്കാൻ ആരോഗ്യവകുപ്പിലെ ഉന്നതരുടെ മുതൽ പൊലീസ് സ്റ്റേഷൻ വരെ ശക്തമായ ഇടപെടൽ. സംഭവത്തിൽ ഉൾപ്പെട്ട വാർഡന്മാരായ സതീശനെയും ഷെഫീക്കിനെയും സംരക്ഷിക്കാൻ സിപിഎം നേതാക്കളും രംഗത്തുണ്ട്.വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടും കേസ് എടുക്കാൻ മെഡിക്കൽ കോളജ് പൊലീസ് തയാറല്ല.

മർദനമേറ്റവർ നേരിട്ടു വരാതെ കേസ് എടുക്കില്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കു കൂട്ടുവന്നവരെന്ന വിരവമല്ലാതെ മറ്റൊന്നും മെഡിക്കൽ കോളജ് അധികൃതർക്കും അറിയില്ല.മർദനനമേറ്റവർ നെടുമങ്ങാട് സ്വദേശികളെന്നാണു പറയുന്നു. സംഭവത്തിനുശേഷം ഇവർ എങ്ങോട്ടുപോയെന്നു ആർക്കും നിശ്ചയമില്ല.

ചവിട്ടി വീഴ്ത്തി, വീണ്ടും ചവിട്ടി

വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കാണു യുവാക്കളെ വാർഡന്മാർ മർദിച്ചത്. വാർഡിൽ നിന്നു പുറത്തുപോയി വന്ന ഇവർ ഒപി കവാടത്തിലൂടെ ആശുപത്രിയുടെ അകത്തേക്കു കയറാൻ ശ്രമിച്ചു. ഇതു കണ്ടു നിന്ന ട്രാഫിക് വാർഡന്മാർ ചോദ്യം ചെയ്തു. ഇതു വാക്കേറ്റത്തിനു കാരണമായി.

വാർഡന്മാർ യുവാക്കളെ പിടികൂടി ആശുപത്രി സെക്യൂരിറ്റി ഓഫിസറുടെ മുറിയുടെ അടുത്തു കൊണ്ടുവന്നാണ് മർദിച്ചത്. ചവിട്ടി വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഒരു യുവാവിനെ കസേരയിൽ പിടിച്ചിരുത്തി 2 വാർഡന്മാർ വളഞ്ഞു നിന്ന് ഇടിക്കുകയായിരുന്നു

.ഇതു കണ്ടു സ്ത്രീകൾ നിലവിളിച്ചു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മൊബൈലിൽ ഷൂട്ട് ചെയ്തയാളെ ട്രാഫിക് വാർഡന്മാർ വിരട്ടി ഓടിച്ചതിനാൽ മുഴുവൻ ദൃശ്യങ്ങളും റെക്കോർഡ് ചെയ്യാനായില്ല. സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാർ ഇടപെടാൻ തയാറായില്ല. മർദന വിവരം അറിഞ്ഞ് എത്തിയ മെഡിക്കൽ കോളജ് സ്റ്റേഷനിലെ പൊലീസുകാരാണ് വാർഡന്മാരെ പിടിച്ചു മാറ്റിയത്.

കേസുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്നു യുവാക്കളെ വാർഡന്മാർ ഭീഷണിപ്പെടുത്തി. ചെവിയിലും മുഖത്തും മുറിവേറ്റ യുവാക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇവിടെ മെഡിക്കൽ കോളജിൽ നിന്നു പോയി. എങ്ങോട്ടു പോയെന്ന് ആർക്കും വ്യക്തമല്ല. യുവാക്കളിൽ ഒരാൾ മറ്റൊരു സംഭവത്തിൽ പ്രതിയാണെന്ന് പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്.

മർദനം, രാഷ്ട്രീയ സമ്മർദം 

മർദനത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരകൾ നേരിട്ടു വരാതെ കേസ് എടുക്കില്ലെന്നു പ്രതികരിച്ചത്. സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കേണ്ട സംഭവമല്ലേയെന്ന് ഓർമിപ്പിച്ചപ്പോൾ അതു തങ്ങൾ നോക്കിക്കോളാം എന്നായിരുന്നു മറുപടി. രാഷ്ട്രീയ സമ്മർദം

കൊണ്ടാണ് കേസ് എടുക്കാത്തതെന്നാണു വിവരം. മന്ത്രിയുടെ ഓഫിസിൽ നിന്ന് ഒരാളെ ഡ്യൂട്ടിയിൽ നിന്നു മാറ്റിനിർത്താനാണ് ആശുപത്രി സൂപ്രണ്ട് നിസാറുദീനു നിർദേശം നൽകിയിരിക്കുന്നത്. വിഡിയോയിൽ 2 വാർഡന്മാരും മർദിക്കുന്നതിന്റെ ദൃശ്യം ഉണ്ട്. അതിൽ ആരെയാണു മാറ്റിയതെന്ന് ആർക്കും അറിയില്ല. . 

വാർഡന്മാരെ നിയമിച്ചത് ആര്? 

മെഡിക്കൽ കോളജ് ക്യാംപസിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നോക്കാനാണ് ട്രാഫിക് വാർഡന്മാരെ നിയമിച്ചിരിക്കുന്നത്. ഇവരെ സുരക്ഷാ ജോലികൾ ഏൽപിച്ചിട്ടില്ല. വാർഡന്മാരെ നിയമിച്ചിരിക്കുന്നതു പട്ടം ട്രാഫിക് സ്റ്റേഷനിൽ നിന്നാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. മറ്റേതോ ഏജൻസിയാണു നിയമിച്ചതെന്നും പറയുന്നുണ്ട്. ഒന്നിനും ആശുപത്രി അധികൃതർക്കു കൃത്യമായ മറുപടി ഇല്ല.

വാർഡനെ മാറ്റിയെന്ന് സൂപ്രണ്ട്

മെഡിക്കൽ കോളജിൽ യുവാവിനെ മർദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദ്ദീൻ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് സൂപ്രണ്ടിന് നിർദേശം നൽകിയിരുന്നു. ട്രാഫിക് വാർഡനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം കർശന നടപടി സ്വീകരിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com