കാട്ടാക്കട ∙ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര കാണാൻ വീട്ടുകാർ പോയിരുന്ന സമയം വീട് കുത്തിതുറന്ന് വൻ കവർച്ച. 23 പവൻ സ്വർണം കള്ളൻ കൊണ്ടു പോയി. രണ്ടര മണിക്കൂറിനുള്ളിൽ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം മനസ്സിലാക്കിയത്. ആനാകോട് മണിയൻ പറമ്പിൽ വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ രാജേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനി രാത്രി ഏഴരയോടെ വീടിനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര കാണാൻ കുടുംബ സമേതം പോയി. ഒൻപതോടെ തിരികെയെത്തി. രണ്ടര മണിക്കൂറിനുള്ളിലായിരുന്നു കവർച്ച.'
Also read: ഒറ്റ ദിവസം; കുറ്റകൃത്യങ്ങൾക്കെതിരെ 836 കേസെടുത്ത് പൊലീസ്
വീടിന്റെ പിൻവാതിൽ തുറന്ന് അകത്ത് കടന്ന തസ്കരൻ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും 200 രൂപയും കവർന്നു.ആസൂത്രിത കവർച്ചയാണൊ എന്ന് പൊലീസ് സംശയിക്കുന്നു. ക്ഷേത്ര ഉത്സവവും വീട്ടുകാർ ക്ഷേത്രത്തിലേയ്ക്ക് പോകും എന്ന് അറിയുന്നവർ ആരെങ്കിലും കവർച്ച ആസൂത്രണം ചെയ്തിരിക്കാം എന്നാണ് നിഗമനം. ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.കാട്ടാക്കട ഇൻസ്പെക്ടർ ബിനീഷ് ലാൽ, എസ്.ഐ.സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.