തിരുവനന്തപുരം ∙ പരിശീലന വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നിന്നു തെന്നി മറിഞ്ഞു. നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.35 ന് ആയിരുന്നു അപകടം. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന സെസ്ന 172 ആർ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് അനൂപ് നായർ (34) പ്രാഥമിക ചികിത്സ തേടി.
ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമി അറിയിച്ചു. 45 മണിക്കൂർ പറക്കൽ പരിചയമുള്ള പൈലറ്റാണ് അനൂപ് നായർ. അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ ഇന്നു വിമാനത്താവളത്തിലെത്തും.
വിമാനത്തിനു സാരമായ കേടു സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ പരിശോധന നടക്കുന്നുണ്ട്. വിമാനം റൺവേയിൽ നിന്നു പുറത്തേക്കു തെന്നി മാറിയതിനെത്തുടർന്നു മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂർ റൺവേ അടച്ചിട്ടതോടെ മൂന്നു വിമാന സർവീസുകൾ വൈകി. ഒരു മണിക്കൂറിനുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കിയതിനാൽ മറ്റു സർവീസുകളെ ബാധിച്ചില്ല.