ADVERTISEMENT

തിരുവനന്തപുരം∙ നാടിനു മധ്യേ കുംഭച്ചൂടാണ്. പക്ഷെ ഭക്തമനസ്സുകളിൽ ദേവീമന്ത്രങ്ങൾ സാന്ത്വനം പകരുന്ന കുളിർതെന്നലാണ്. എല്ലാ  മനസ്സുകളും ആറ്റുകാലിലേക്കാണ്. വ്രതനിഷ്ഠയുടേയും ആത്മാർപ്പണത്തിന്റേയും ദിനങ്ങളിലാണ് ഈ നാളുകളിലെ അവരുടെ ജീവിതം. അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതുവരെ ഇനി ഭക്തഹൃദയങ്ങളിൽ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവി മാത്രം നിറഞ്ഞുനിൽക്കും.  

Attukal-Temple

ഭക്തസഹസ്രങ്ങളുടെ മനമുരുകിയുള്ള ദേവീസ്തുതികൾക്കിടയിലാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കാപ്പുകെട്ടോടെ പൊങ്കാല ഉത്സവത്തിന് തുടക്കമായത്. കുംഭത്തിലെ കാർത്തിക നക്ഷത്രമായ ഇന്നലെ പുലർച്ചെ 4.30 നാണ് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് അനുഷ്ഠാനപൂർവം നടന്നത്.

attukal-bhagavathi-temple-5

പശ്ചാത്തലത്തിൽ ക്ഷേത്രമുറ്റത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടുകാർ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആദ്യ ദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. കണ്ണകിയുടെ വിവാഹ വർണനയാണ് രണ്ടാംദിവസമായ ഇന്നു പാടുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ ദേവിയെ പാട്ടിലൂടെ അതിമനോഹരമായി വർണിക്കും.

Also read: വിപണി കീഴടക്കാൻ ‘കുട്ടനാടൻ തണ്ണിമത്തനും’; പാടശേഖരങ്ങളിലും പുഴയുടെ ഓരങ്ങളിലും നന്നായി വളരും

കാപ്പുകെട്ടുന്ന വേളയിൽ ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയ ഭക്തർ ദേവീമന്ത്രങ്ങൾ ഉരുവിട്ടു. ആചാരവെടിയും ഇതോടൊപ്പം മുഴങ്ങി.  പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടിയത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി.കേശവൻ നമ്പൂതിരിയുടെ കയ്യിലും കെട്ടി.

attukal-bhagavathi-temple-3

വ്രതശുദ്ധിയോടെ തയാറാക്കുന്ന കാപ്പും കെട്ടാനുള്ള പുറുത്തിനാരും നെടിയവിളാകം കുടുംബക്കാർ ക്ഷേത്രത്തിലെത്തിച്ചു. പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്. ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും.ഏഴിന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേൽശാന്തി അനുഗമിക്കും.

manorama-stall-thiruvanthupuram
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തോടനുബന്ധിച്ചു മലയാള മനോരമ ഒരുക്കിയ സ്റ്റാൾ ജനറൽ കൺവീനർ എസ്. ജയലക്ഷ്മി – ഉദ്ഘാടനം ചെയ്യുന്നു. മനോരമ ഏജന്റ് ആറ്റുകാൽ ഗോപാലകൃഷ്ണൻ, പാടശേരി ഉണ്ണി, പി.കെ. കൃഷ്ണൻ നായർ, ട്രസ്റ്റ് പ്രസിഡന്റ് ബി.അനിൽകുമാർ, ചെയർമാൻ ഗീതകുമാരി, സെക്രട്ടറി ശിശുപാലൻ നായർ, സി.അജിത്കുമാർ, യാന വിമൻസ് ഹോസ്പിറ്റൽ എംഡി ഡോ.വിവേക് പോൾ വിതയത്തിൽ, കോട്ടുകാൽ കൃഷ്ണകുമാർ, മലയാള മനോരമ ഡപ്യൂട്ടി മാനേജർ (സർക്കുലേഷൻ) ആർ.ടി. ശ്രീജിത്ത് തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെയാണ് പത്തു ദിവസത്തെ ഉത്സവത്തിന് സമാപനം കുറിക്കുന്നത്.  കുത്തിയോട്ട വ്രതം നാളെ ആരംഭിക്കും. 7ന് പൊങ്കാല കഴിഞ്ഞ് വൈകിട്ട് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി പുറത്തെഴുന്നള്ളത്ത്. മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പിറ്റേന്ന് രാവിലെ മടക്കിയെഴുന്നള്ളത്ത് നടക്കും. അർധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും. 

വൻ തിരക്ക്

തിരുവനന്തപുരം ∙ ഉത്സവം ആരംഭിച്ച ആദ്യ ദിനം തന്നെ ആറ്റുകാൽ ദേവീ ക്ഷേത്രത്തിലേക്ക് ഭക്തരുടെ തിരക്ക്. പുലർച്ചെ നടത്തിയ കാപ്പുകെട്ട് ചടങ്ങ് ദർശിക്കാൻ ആയിരങ്ങളാണ് എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഭക്ത പ്രവാഹം കാരണം സകല നിയന്ത്രണങ്ങളും പാളി.

വൈകുന്നേരത്തെ ദീപാരാധന തൊഴാനാണ് ഇന്നലെ ഏറെ തിരക്ക് അനുഭവപ്പെട്ടത്. കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദൻ നിർവഹിച്ചു. ആറ്റുകാൽ അംബാ പുരസ്ക്കാരം ഓട്ടിസം ബാധിച്ചവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന അമ്മ എന്ന സംഘടനയുടെ സാരഥി ഡോ. പി. ഭാനുമതിക്ക് സമ്മാനിച്ചു.

അംബാ പ്രസാദം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും ഉണ്ണി മുകുന്ദൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ബി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശിശുപാലൻ നായർ, ഭാരവാഹികളായ പി.കെ. കൃഷ്ണൻ നായർ, വി.ശോഭ, എൻ.എ. അജിത് കുമാർ, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ പി. ജയലക്ഷ്മി, കെ. വിജയ കുമാർ, ആർ.ഐ. ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.രമേശ് നാരായണനും മകൾ മധുശ്രീയും അവതരിപ്പിച്ച സംഗീത പരിപാടിയും മേതിൽ ദേവികയും നൃത്തവും ആസ്വാദ്യകരമായി.

ആറ്റുകാലിൽ ഇന്ന്

രാവിലെ 4.30– പള്ളിയുണർത്തൽ 5.00– നിർമാല്യ ദർശനം 5.30–അഭിഷേകം6.05–ദീപാരാധന 6.40– ഉഷപൂജ, ദീപാരാധന6.50–ഉഷശ്രീബലി7.15–കളഭാഭിഷേകം 8.30–പന്തീരടി പൂജ, ദീപാരാധന 11.30–ഉച്ചപൂജ ഉച്ചയ്ക്ക് 12– ദീപാരാധന 12.30– ഉച്ചശ്രീബലി 1.00–നട അടയ്ക്കൽ4.00– നട തുറക്കൽ 6.45 –ദീപാരാധന രാത്രി 7.15 ഭഗവതീസേവ 9.00–അത്താഴപൂജ 9.15–ദീപാരാധന 9.30–അത്താഴ ശ്രീബലി 12.00– ദീപാരാധന1.00– നട അടയ്ക്കൽ, പള്ളിയുറക്കം. 

കലാവേദിയിൽ

അംബ: 11.00–ഭക്തിഗാനമേള, 5.00– വീണക്കച്ചേരി, 6.00–ശാസ്ത്രീയനൃത്തം,7.00–സംഗീതസദസ്, 9.30–മധു ബാലകൃഷ്ണൻ നയിക്കുന്ന ഗാനമേളഅംബിക: 5.00– ഭജന,6.00–ലളിത സഹസ്രനാമ പാരായണം, 7.00–ദേവീ മാഹാത്മ്യ പാരായണം, 8.00–സത്സംഗ്, 9.00–ദേവീമാഹാത്മ്യപാരായണം, 10.00–ഭക്തിഗാനാമൃതം, 11.00–ഭക്തിഗാനാമൃതം, 5.00–ഭക്തിഗാനസുധ, 6.00–ശാസ്ത്രീയനൃത്തം, 7.00–ശാസ്ത്രീയനൃത്തം, 8.00–നൃത്തസന്ധ്യ,  9.00–ശാസ്ത്രീയനൃത്തം, 10.00–ശാസ്ത്രീയനൃത്തം, 11.00–ഗാനമേള

അംബാലിക: 5.00–6.00–ഭജന, 7.00–സൗന്ദര്യലഹരി പാരായണം, 8.00–ഭജന, 9.00–ഓട്ടൻതുള്ളൽ, 10.00–സൗന്ദര്യലഹരി പാരായണം, 11.00–ദേവീമാഹാത്മ്യ പാരായണം, 5.00–ഭജന, 6.00–നൃത്തനൃത്ത്യങ്ങൾ, 7.00–ശാസ്ത്രീയനൃത്തം, 8.00–നൃത്തസന്ധ്യ, 9.00–ശാസ്ത്രീയനൃത്തം,10.00–ഭരതനാട്യം, 11.00–ശാസ്ത്രീയനൃത്തം.

വിശേഷം, വിളക്കുകെട്ട്

അതിവിശേഷമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകെട്ട് ചടങ്ങ്. ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാന നേർച്ച വഴിപാട് കൂടിയാണ് ഇത്.കോവലനെ വധിച്ച പ്രതികാരാഗ്നിയിൽ മധുരാപുരിയെ അഗ്നിക്കിരയാക്കിയ ശേഷം എത്തിയ കണ്ണകിയെ സാന്ത്വനിപ്പിക്കുന്നതിന് നാട്ടുകാർ വാഴത്തടയിൽ കൊതുമ്പു പന്തം കത്തിച്ച് കുത്തിനിർത്തി ആനന്ദനൃത്തം ചവിട്ടിയെന്നാണ് വിശ്വാസം.

ഇതിൽ സന്തോഷവതിയായ ദേവിയുടെ അനുഗ്രഹം ഏവർക്കും ലഭിച്ചു. ഇതാണ് പിന്നീട് വിളക്കുകെട്ട് ആയി മാറിയത്.  പ്രത്യേകം രൂപകൽപന ചെയ്ത ചപ്രങ്ങളിൽ വാഴത്തട വച്ച് കെട്ടുന്നു. തുടർന്ന് ദേവിയുടെ ഇഷ്ട പുഷ്പങ്ങളായ ചുവന്ന ചെമ്പകം, താമര, താഴമ്പൂ എന്നിവ കൊണ്ട് അലങ്കരിക്കുന്നു.

വിളക്കുകെട്ട് നേർച്ചയായി ചപ്രം ശിരസ്സിൽ എടുക്കുന്നവരും നേർച്ചക്കാരും ഒരുപോലെ വ്രതം അനുഷ്ഠിക്കണം. നേർച്ചക്കാർ അലങ്കരിച്ച വിളക്ക് ശിരസ്സിലേറ്റി വാദ്യമേളങ്ങളോടെ വിളക്കുകെട്ട് ക്ഷേത്രത്തിന് മുന്നിലെത്തിക്കുന്നു. അത്താഴപൂജയ്ക്ക് മുൻപ് വിളക്കുകെട്ടുകൾ പൂജിച്ച ശേഷം കൊതുമ്പ് പന്തം കത്തിച്ച് വച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും മൂന്നു പ്രാവശ്യം വലം വച്ച് പ്രദക്ഷിണം അവസാനിപ്പിക്കുന്നതോടെയാണ് വിളക്കുകെട്ട് േനർച്ച അവസാനിക്കുന്നത്. പൊങ്കാല തലേന്നു വരെ വിളക്കുകെട്ട് നേർച്ച തുടരും.

കാഴ്ച സമ്മാന പദ്ധതി ഒരുക്കി  മനോരമ

തിരുവനന്തപുരം ∙ ആറ്റുകാലിലെത്തുന്ന ഭക്തർക്കായി പൊങ്കാല കാഴ്ച സമ്മാന പദ്ധതി ഒരുക്കി മലയാള മനോരമ. ഉള്ളൂർ– ആക്കുളം റോഡിൽ പ്രവർത്തിക്കുന്ന യാനാ വിമൻസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സമ്മാന പദ്ധതി.ക്ഷേത്ര നടപ്പന്തലിൽ ഒരുക്കിയിരിക്കുന്ന മനോരമ സ്റ്റാളിൽ നിന്നു സമ്മാന പദ്ധതിയിൽ പങ്കെടുക്കാനുള്ള കൂപ്പൺ ലഭിക്കും.ചോദ്യത്തിന് ശരിയുത്തരം എഴുതി നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് ദിവസേന ആകർഷകമായ സമ്മാനങ്ങൾ നൽകും.സ്റ്റാളിൽ നിന്ന് മലയാള മനോരമ ദിനപത്രം സൗജന്യമായി ലഭിക്കും. 

ആറ്റുകാലിൽ മനോരമ സ്റ്റാൾ തുറന്നു

തിരുവനന്തപുരം ∙ ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര നടപ്പന്തലിനു സമീപം മലയാള മനോരമ ഒരുക്കിയ സ്റ്റാൾ ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർ പഴ്സൻ ഗീതാ കുമാരി, പ്രസിഡന്റ് ബി. അനിൽകുമാർ, സെക്രട്ടറി കെ. ശിശുപാലൻ നായർ, യാനാ വിമൻസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. വിവേക് പോൾ വിതയത്തിൽ, ജനറൽ മാനേജർ ജോബി ചാണ്ടി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി. ശോഭ, ട്രഷറർ കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സനൽ കുമാർ, സി. അജിത് കുമാർ, കോട്ടുകാൽ കൃഷ്ണകുമാർ, മലയാള മനോരമ സർക്കുലേഷൻ മാനേജർ ആർ.ടി. ശ്രീജിത്, ഏജന്റുമാരായ ആറ്റുകാൽ ഗോപാലകൃഷ്ണൻ, പരമേശ്വരൻ നായർ, സതീഷ് കുമാർ, പാടശേരി ഉണ്ണി എന്നിവർ പങ്കെടുത്തു.ദിന പത്രത്തിനു പുറമേ മലയാള മനോരമയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സ്റ്റാളിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com