‘കൊല്ലാൻ വരുന്നവരെ നെയ്യാറിൽ മുക്കി കൊല്ലും’, രാത്രി വാതിലിൽ വെട്ടും; അവർ മാതാപിതാക്കളുടെ കല്ലറയിലെ മണൽ വരെ ഊറ്റിയെടുത്തു

HIGHLIGHTS
  • മണ്ണ്–മണൽ മാഫിയയ്ക്കെതിരെ ജീവിതാവസാനം വരെ പോരാട്ടം തുടർന്ന ഡാർളി ഓർമയായി
1) ഡാർളി അമ്മൂമ്മയുടെ വീട്ടിലേക്ക് കടക്കാൻ ഉണ്ടായിരുന്ന മൺപാത. ദൂരെയായി വീടും കാണാം. 2017ൽ നെയ്യാർ കരകവിഞ്ഞൊഴുകിയപ്പോൾ ഇത് ഒലിച്ചു പോയി. (2017ൽ പകർത്തിയ ചിത്രം), 2. അണ്ടൂർക്കോണം പാച്ചിറയിലെ വയോജനകേന്ദ്രത്തിൽ ഡാർളി അമ്മൂമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കുന്നു.
SHARE

തിരുവനന്തപുരം ∙ മണ്ണിനും ജലത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ കനൽവഴികളാണ് എസ്.ഡാർളി(86)എന്ന ഡാർളി അമ്മൂമ്മയുടെ ജീവിതം. നെയ്യാറിനെ ഊറ്റി ആർത്തി തീരാത്ത മണൽമാഫിയയ്ക്കു മുന്നിൽ നടത്തിയ ഒറ്റയാൾ പോരാട്ടം  മണലൂറ്റി തുരുത്താക്കി മാറ്റിയ നെയ്യാറ്റിൻകര ഓലത്താന്നി തെന്നാട്ട് കടവിലെ ഇടിഞ്ഞുവീഴാറായ വീട്ടിൽ തരിമ്പും പേടിയില്ലാതെ  ഒറ്റയ്ക്കുള്ള ജീവിതവും പോരാട്ടവും മാഫിയകൾക്കെതിരെ അവർ പൊരുതിയത്. 

നെയ്യാറിന്റെ തീരത്തായിരുന്നു പുലിമുറ്റത്ത് കിഴക്കേത്തോട്ടത്തിൽ ഡാർളിയുടെ വീട്. നെയ്യാറിന്റെ മണൽ  കാർന്നു തിന്നപ്പോൾ പുഴ മാറിയൊഴുകി ഡാർളിയുടെ വീടിനു ചുറ്റുവട്ടത്തു കൂടി ഒഴുകാൻ തുടങ്ങി. മണലൂറ്റുകാർ ഡാർളിയുടെ മാതാപിതാക്കളുടെ കല്ലറയിലെ മണൽ വരെ ഊറ്റിയെടുത്തു. 

കൊല്ലാൻ വരുന്നവരെ നെയ്യാറിൽ മുക്കി കൊല്ലും

തിരുവനന്തപുരം ഗവ.ആയുർവേദ കോളജിൽ കംപോണ്ടറായി ജോലി കിട്ടി. ഒരേക്കറിൽ, 8 മുറികളുള്ള വലിയൊരു വീടായിരുന്നു തറവാട്.  ഭാഗം വച്ചപ്പോൾ ഡാർളിക്ക് 30 സെന്റ് സ്ഥലവും വലിയ വീടും ഓഹരിയായി കിട്ടി. മാതാപിതാക്കളുടെ മരണശേഷം ഡാർളി വീട്ടിൽ ഒറ്റയ്ക്കായി. മണലെടുപ്പുകാർ മോഹവിലയ്ക്ക് നെയ്യാറിന്റെ തീരത്തെ വീടുകൾ വിലയ്ക്കെടുത്തു. ഡാർളിയുടെ സഹോദരങ്ങളും സ്ഥലം മണൽ മാഫിയയ്ക്കു വിറ്റു. ഡാർളിയുടെ വീടു മാത്രം ശേഷിച്ചു. പുഴ തുരന്ന് നാലു വശത്തു നിന്നും മണലൂറ്റുകാർ ഡാർളിയെ ഒറ്റപ്പെടുത്തി. വീടും പറമ്പും ദ്വീപു പോലെയായി. വീടീനു പുറത്തിറങങാൻ പറ്റാത്ത അവസ്ഥ. വീടും സ്ഥലവും വിറ്റില്ലെങ്കിൽ കൊന്നുകളയുമെനനു മണലൂറ്റുകാരുടെ നിരന്തര ഭീഷണി. കൊല്ലാൻ വരുന്നവരെ നെയ്യാറിൽ മുക്കി കൊല്ലുമെന്നു ഡാർളി തിരിച്ചും.

വാതിലിൽ  വെട്ടും

രാത്രി ഡാർളിയുടെ വീടിന്റെ വാതിലിൽ മണൽമാഫിയകളുടെ ഗുണ്ടകൾ വെട്ടുകത്തികൊണ്ട്  തുടരെ വെട്ടും. നായ്ക്കുട്ടി മാത്രമായിരുന്നു കൂട്ട്.   പരാതി നൽകിയെങ്കിലും സ്ഥലം വിറ്റ് ഒഴിഞ്ഞു പോകാനായിരുന്നു ഉപദേശം. 

ഒറ്റയ്ക്കായ ഡാർളിയെ പൂജപ്പുരയിലെ വൃദ്ധസദനത്തിലെത്തിച്ചു. ഈ തക്കം നോക്കി മണലൂറ്റുകാർ ഇവരുടെ ഭൂമി ഇടിച്ചു നിർത്തി. വീടും ഭാഗികമായി നശിപ്പിച്ചു. തിരിച്ചെത്തിയ ഡാർളി ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ ഒറ്റയ്ക്ക് താമസമാക്കി. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ മണൽമാഫിയയ്ക്കെതിരെ ഡാർളി പരാതി നൽകി. 

സുരക്ഷയ്ക്കായി 2 പൊലീസുകാരെ നിയോഗിച്ചെങ്കിലും മാഫിയയുടെ പണം കൈപ്പറ്റി പൊലീസുകാർ മാഫിയയ്ക്കൊപ്പം നിന്നു. ഡാർളിയെ ഓടിക്കാൻ പുഴയോരത്തുള്ള വാറ്റുകേന്ദ്രങ്ങളിൽ നിന്നും ഡാർളിയുടെ വീട്ടിലേക്ക് മണൽ മാഫിയകൾ ചാരായം എത്തിച്ച് അവിടെ ചാരായഷാപ്പാക്കി. 

‘ഈ മണ്ണിൽ  മരിക്കണം..’

ആയുർവേദ കോളജിൽ ജോലിക്കു പോയപ്പോൾ ധരിച്ച യൂണിഫോം ഇടയ്ക്കിടെ അവർ അണിയുമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അമ്പൂരിയിൽ 10 സെന്റ് സ്ഥലം നൽകാമെന്നു പറഞ്ഞെങ്കിലും ഡാർളി പോകാൻ തയാറായില്ല. മാതാപിതാക്കൾ അന്തിയുറങ്ങുന്ന മണ്ണിൽ തനിക്കും മരിക്കണമെന്നായിരുന്നു  മറുപടി. 

പ്രളയകാലത്ത് നെയ്യാർ നിറഞ്ഞൊഴുകിയതോടെ ഡാർളിയുടെ വീട്ടിലേക്കുള്ള താൽക്കാലിക പാലം തകർന്നു. റവന്യു അധികൃതർ ഇടപെട്ട് ഇവരെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയെങ്കിലും പിന്നീട് ഇവിടേക്കു തിരിച്ചെത്തി. പെൻഷൻ മാത്രമായിരുന്നു ആശ്രയം. പ്രളയകാലത്ത് പെൻഷൻ ബുക്ക് നഷ്ടപ്പെട്ടതോടെ ജീവിതം ദുരിതങ്ങളുടെ തുരുത്തിലായി. 

അവശയായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ പരണിയത്തെ ബന്ധുവീട്ടിലേക്കും തുടർന്ന് കാട്ടാക്കടയിലെ  വീട്ടിലേക്കും മാറ്റി. 2021 ഒക്ടോബറിൽ ജില്ലാപഞ്ചായത്ത് ഇവരെ ഏറ്റെടുത്ത് അണ്ടൂർക്കോണത്തെ അഗതി മന്ദിരത്തിലെത്തിച്ചു. ഓലത്താന്നിയിലെ നെയ്യാറിന്റെ തീരം ഇന്നറയിപ്പെടുന്നത് ഡാർളിക്കടവെന്ന പേരിലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS