ADVERTISEMENT

തിരുവനന്തപുരം∙ 1957–ൽ ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ചുമതലയേറ്റ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പാക്കിയ ചുവടുവയ്പ്പുകളാണു കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് അടിത്തറ പാകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇഎംഎസ് സർക്കാരിന്റെ ഭൂപരിഷ്കരണ നടപടികൾ ദരിദ്ര കർഷകർക്കും കർഷക തൊഴിലാളികൾക്കും ഭൂമിക്കു മേൽ അവകാശം നൽകിയ വിപ്ലവകരമായ ചരിത്രമാണെന്ന് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും വരുത്തിയ മാറ്റങ്ങൾ ഉന്നത ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർത്തുവെന്ന് അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 25-ാം ചരമവാർഷികം വിവിധ പരിപാടികളോടെയാണു സംസ്ഥാനത്ത് ആചരിച്ചത്.  നിയമസഭയ്ക്കു മുന്നിലെ ഇഎംഎസ്‌ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പുഷ്പചക്രം അർപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, തോമസ്‌ ഐസക്‌, എ.കെ. ബാലൻ, സി.എസ്‌.സുജാത തുടങ്ങിയവർ പങ്കെടുത്തു.

ഇഎംഎസ്‌ അക്കാദമിയിൽ നടന്ന അനുസ്‌മരണ സമ്മേളനം എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഇഎംഎസിന്റെ ജീവിതം കമ്യൂണിസ്‌റ്റുകാർ പാഠപുസ്‌തകമാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. തന്റെ ലേഖനങ്ങൾക്കും പുസ്‌തകങ്ങൾക്കും മറ്റും പ്രതിഫലമായി ലഭിക്കുന്ന ചെറുതും വലുതുമായ തുക പോലും പാർട്ടി ആസ്ഥാനത്ത്‌ ഏൽപ്പിക്കുകയും ജീവിത ചെലവുകൾക്ക്‌ അത്യാവശ്യ തുക മാത്രം പാർട്ടിയോട് വാങ്ങുകയുമായിരുന്നു അദ്ദേഹത്തിന്റെ പതിവെന്നു ഗോവിന്ദൻ അനുസ്മരിച്ചു.

ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ ഐ.ബി.സതീഷ്‌, ജി.സ്‌റ്റീഫൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, പുത്തലത്ത്‌ ദിനേശൻ, കെ.കെ ജയചന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലും ഇഎംഎസ്‌ അക്കാദമിയിലും എം.വി. ഗോവിന്ദൻ പതാക ഉയർത്തി. സിപിഎമ്മിന്റെ പാർട്ടി ഓഫിസുകളെല്ലാം ഇഎംഎസ് സ്മരണയിൽ അലങ്കരിച്ചു പതാക ഉയർത്തി. ബ്രാഞ്ചുകളിൽ പതാക ഉയർത്താൻ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സന്നിഹിതരായി. 22ന്‌ എകെജി ദിനാചരണം വരെ ഇരു നേതാക്കളെയും അനുസ്‌മരിച്ചു സംസ്ഥാനത്ത്‌ വിവിധ പരിപാടികൾ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com