തിരുവനന്തപുരം∙പ്രസവം കഴിഞ്ഞ് എട്ടു ദിവസമായ ജീവനക്കാരിയെ ഓഫിസിലേക്കു വിളിച്ചു വരുത്തി അവധി അപേക്ഷ വാങ്ങിയ സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം ആരംഭിച്ചു. അടിയന്തര റിപ്പോർട്ട് നൽകാൻ റജിസ്ട്രാറെ വൈസ് ചാൻസലർ ചുമതലപ്പെടുത്തി. മൂന്ന് വനിതാ ജീവനക്കാരെ അന്വേഷണ കമ്മിഷനായി നിയോഗിക്കാനും വിസി നിർദേശം നൽകി.
പ്രസവ അവധിക്കായി അപേക്ഷ നൽകിയ ജീവനക്കാരിയെ നേരിട്ടു കണ്ടോ ഫോണിലോ വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ജീവനക്കാരിയെ വിളിച്ചു വരുത്തിയ ഡപ്യൂട്ടി റജിസ്ട്രാറുടെ മൊഴിയും രേഖപ്പെടുത്തും. വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.