ADVERTISEMENT

തിരുവനന്തപുരം ∙ സ്വന്തം കുടുംബാംഗത്തെ പോലെ രണ്ടാഴ്ചയോളം തന്നെ പരിചരിച്ചതിനും തുടർചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയതിനും നന്ദി പറഞ്ഞ് ഗോപിനാഥ് മടങ്ങി. തലച്ചോറിനെ ബാധിച്ച ഗുരുതര രോഗത്തിന് ഇനിയുള്ള ചികിത്സ ട്രിച്ചി മെഡിക്കൽ കോളജിൽ. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ ആശ്രയമറ്റ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശി ഗോപിനാഥിനും കുടുംബത്തിനുമാണ് തലസ്ഥാനം പുതുജീവൻ നൽകിയത്. തീരെ അവശനായി അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്ന ഗോപിനാഥിനെ തമ്പാനൂർ റെയിൽ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ശ്രീകാന്ത് കണ്ടതാണ് വഴിത്തിരിവായത്.

അച്ഛൻ ബാലനും അമ്മ ശിരുംബൈയും സഹോദരി വിജയലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷൻ മാസ്റ്റർ സഹായം തേടിയതോടെ സഹായത്തിനുള്ള വഴി തെളിഞ്ഞു. ലയൺസ് ഇന്റർനാഷനലിന്റെ മുൻ ഗവർണർ അലക്സ് കുര്യാക്കോസ്, ലയൺ സൗഹൃദ കൂട്ടായ്മ അംഗങ്ങളായ അനിൽകുമാർ, കെ.എസ്.സുനിൽ, സന്തോഷ് ജേക്കബ്, ജെ.കെ. സേതുമാധവൻ, റെജി ഉമ്മർ, വി.ജി.  സുധീർകുമാർ എന്നിവർ സഹായഹസ്തവുമായെത്തി. ഗോപിനാഥിനെയും കുടുംബത്തെയും നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചു.

അടുത്ത ദിവസം തിരുവനന്തപുരം കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കരുണയുടെ വാതിൽ എന്ന പേരിൽ ഒരു കോർ ഗ്രൂപ്പ് രൂപീകരിച്ചു. പിആർഎസ് ആശുപത്രിയിലെ ഡോ. മിനി പ്രകാശ്, എസ് യുടിയിലെ ന്യൂറോളജിസ്റ്റ് ഡോ. അയ്യപ്പൻ, പ്ലാസ്റ്റിക് സർജൻ ഡോ. വൈശാഖ് വർമ, മെഡിക്കൽ കോളജ് ന്യൂറോളജി പ്രഫ. ഡോ.അലക്സ് ഐപ്പ് എന്നിവർ സൗജന്യ സേവനത്തിനു സന്നദ്ധരായി. ദിവസേനയുള്ള പരിചരണം കെയർ ആൻഡ്  ക്യൂർ ഏജൻസി ഉടമ ഷിജു സ്റ്റാൻലി നൽകി.2 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ഗോപിനാഥിന് ബോധം തിരിച്ചു കിട്ടി.15 ദിവസം പിന്നിട്ടപ്പോഴേക്കും സാധാരണ നിലയിലായി.തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക്  വിവരങ്ങൾ കാണിച്ച് കത്ത് എഴുതി.

മണിക്കൂറുകൾക്കകം തമിഴ്നാട് സ്റ്റേറ്റ് ഹെൽത്ത് മിഷൻ ഡയറക്ടർ ശിൽപ പ്രഭാകറിന്റെ വിളിയെത്തി. ആദ്യം പുതുക്കോട്ട മെഡിക്കൽ കോളജിലെ ന്യൂറോളജി വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും പിന്നീട് ട്രിച്ചി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒന്നര മാസത്തേക്കുള്ള പ്രോട്ടീൻ ആഹാരങ്ങളും മരുന്നുകളും തുടർ ചികിത്സയ്ക്കു വേണ്ട ഒരു ലക്ഷം രൂപയും നൽകി ഗോപിനാഥിനെയും കുടുംബത്തേയും ഇന്നലെ പുലർച്ചെ തലസ്ഥാനം യാത്രയാക്കി. ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗവും മെട്രോ സ്കാൻ ഉടമയുമായ ഐ.സി. ചെറിയാൻ ആണ് സൗജന്യമായി ആംബുലൻസ് വിട്ടുനൽകിയത്.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ. കണ്ണന്റെയും, പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ അലക്സ് കുര്യാക്കോസിന്റെയും, സൗഹൃദ കൂട്ടായ്മയുടെയും പിആർഎസ് ആശുപത്രിയുടെ ഉടമ ലയൺസ് പാസ്റ്റ് ഇന്റർനാഷനൽ ഡയറക്ടർ മുരുകൻ, തമിഴ് സംഘം  സെക്രട്ടറി മുത്തുരാമൻ,തമിഴ്നാട് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ ഉണ്ണിക്കൃഷ്ണൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വികാര നിർഭരമായ യാത്രയയപ്പ്. ഗോപിനാഥന്റെ സഹോദരിയുടെ ബിരുദ പഠനം ആരംഭിക്കുന്നതിന് വേണ്ട സഹായങ്ങൾ സൗജന്യമായി നൽകാമെന്ന് മലങ്കര ഓർത്തഡോക്സ് സഭയും ലയൺസ് സൗഹൃദ കൂട്ടായ്മയും അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com