ADVERTISEMENT

പെരുമാതുറ ∙ ‘എന്റെ കുഞ്ഞിനു ലഹരി മരുന്നും കൊടുത്ത് ഇവിടെ കൊണ്ടു കളഞ്ഞിട്ടു പോയി. അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരണം സാറേ..’ കാണുന്ന ഓരോ ആളോടും റജില ഈ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് കരിക്കു വാങ്ങി സഹോദരിക്കു കൊടുത്ത ശേഷം ഇപ്പോ വരാം എന്നു പറഞ്ഞ് ഇർഫാൻ ഒരാളുടെ സ്കൂട്ടറിൽ കയറി പോകുന്നതാണ് വീട്ടുകാർ അവസാനം കണ്ടത്. വൈകിട്ട് ആറു മണിയോടെ ആരോ ബൈക്കിൽ കൊണ്ടു വന്ന് വീട്ടു മുറ്റത്ത് ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു.‘ഞാൻ ബന്ധുവിന് ആക്സിഡന്റ് പറ്റിയെന്നു കേട്ട് അവിടെ പോയിട്ടു വരുമ്പോൾ എന്റെ മോൻ ഈ വീട്ടിനകത്തുണ്ട്. ഇവിടെയുണ്ടായ‍ിരുന്ന ഒരു കസേര അടിച്ചു പൊട്ടിച്ചു. എന്തു പറ്റിയെന്നു മകളോടു ഞാൻ ചോദിച്ചു. വന്നു കയറിയപ്പോൾ മുതൽ ഇങ്ങനെയാണെന്ന് അവൾ പറഞ്ഞു. ‘ഉമ്മാ, എനിക്ക് ഇരിക്കാനും നിക്കാനും വയ്യാ’ എന്നു പറഞ്ഞ് അവൻ തലയിൽ പിടിച്ചു വലിക്കുകയും ഞെളിപിരി കൊള്ളുകയും ചെയ്തു.

കിടന്ന കിടപ്പിൽ നിന്നെണീറ്റ് ഛർദിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്കു  കൊണ്ടുപോയി. അവർ ഒരു ഇൻജക്‌ഷൻ കൊടുത്തു. ലഹരി മരുന്ന് ഉപയോഗിച്ചതാണെന്നും മൂന്നു ദിവസത്തേക്കുള്ള ഡോസ് ഒന്നിച്ച് അടിച്ചതാണെന്നും അവർ പറഞ്ഞു. സാവധാനം അസ്വസ്ഥത കുറയും എന്നാണ്  പറഞ്ഞത്. വീട്ടിൽ കൊണ്ടു വന്നിട്ടും അവന്റെ അവസ്ഥ മോശമായിരുന്നു. ഒരു സ്വസ്ഥതയില്ലാതെ ഇവിടെയെല്ലാം  നടന്നു. കിടക്കാനും വയ്യ. അതിനിടയിൽ മലമൂത്ര വിസർജനമെല്ലാം നടത്തി. രാത്രി ഒരു മണിയായപ്പോഴേക്കും വല്ലാതെ തളർന്നു കിടപ്പായി. അങ്ങനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ‍കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ മരിച്ചിട്ടു മണിക്കൂറിലധികമായെന്നാണു പറഞ്ഞത്–’ റജില പറഞ്ഞു.

സുഹൃത്തുക്കൾ ലഹരി നൽകി, അവശനായപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു; 17 കാരന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി അമ്മ
കഴക്കൂട്ടം(തിരുവനന്തപുരം) ∙ പതിനേഴുകാരന്റെ ദുരൂഹ മരണത്തിനു പിന്നിൽ സുഹൃത്തുക്കളുടെ പ്രേരണയാലുള്ള അമിത ലഹരി ഉപയോഗമെന്ന് ആരോപിച്ച് മാതാവ്.  ഇന്നലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ ഇർഫാനെ (17) തിങ്കളാഴ്ച വൈകിട്ട് സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയെന്നും അവശ നിലയായപ്പോൾ വീട്ടിൽ ഉപേക്ഷിച്ചു മടങ്ങിയെന്നും മാതാവ് റജില ആരോപിച്ചു. റജിലയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തലും.  മൊഴി രേഖപ്പെടുത്തിയ കഠിനംകുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

സംഭവത്തെക്കുറിച്ച് റജില  പറഞ്ഞത്: വീട്ടിൽ നിന്ന ഇർഫാനെ വൈകുന്നേരം കൊട്ടാരം തുരുത്തിൽ നിന്നെത്തിയ സുഹൃത്ത് കൂട്ടിക്കൊണ്ടു പോയി. സന്ധ്യയോടെ ഒരു സുഹൃത്ത് ഇർഫാനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ശേഷം  കടന്നു കളഞ്ഞു. ലഹരി മരുന്ന് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച ഇർഫാൻ വീടിനു മുൻപിൽ കിടന്ന കസേര അടിച്ചു പൊട്ടിക്കുകയും അസ്വസ്ഥത കാണിക്കുകയും ഛർദിക്കുകയും ചെയ്തു. തീരെ അവശനായതിനെ തുടർന്ന് വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അത്യാവ‍ശ്യ മരുന്നു നൽകിയ ശേഷം കുറെ സമയം വീട്ടിൽ കഴിഞ്ഞാൽ അസ്വസ്ഥത മാറും എന്നു പറഞ്ഞു വിട്ടു.എന്നാൽ രാത്രിയോടെ ഇർഫാൻ കൂടുതൽ അവശനായി. 

പുലർച്ചെ മൂന്നു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം പെരുമാതുറ സെൻട്രൽ ജമാ അത്തിൽ കബറടക്കി. അടുത്ത കാലത്താണ് ഇർഫാന്റെ പിതാവ്  സുൽഫിക്കർ ഗൾഫിൽ പോയത്. സഹോദരങ്ങൾ: സുൽഫാന, ഇമ്രാൻ. മത്സ്യ ബന്ധന തൊഴിലാളിയായിരുന്നു ഇർഫാൻ. ഇർഫാനു ലഹരി മരുന്നു നൽകി എന്നു സംശയിക്കുന്ന ഒരാളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. എക്സൈസും അന്വേഷണം ആരംഭിച്ചു.

ലഹരിച്ചുഴിയിൽ പെരുമാതുറ അശാന്തിയുടെ തീരം

കഴക്കൂട്ടം ∙ ശാന്തപ്രദേശമായിരുന്ന പെരുമാതുറ തീരദേശത്ത് ഇപ്പോൾ ആരോടു ചോദിച്ചാലും എംഡിഎംഎ ഉൾപ്പെടെ കൂടിയ ലഹരി മരുന്നുകളുടെ പേരറിയാം. മുതലപ്പൊഴിയും പരിസരവും  പുറത്തു നിന്നുള്ളവരുൾപ്പെടെ ഗുണ്ടാ സംഘങ്ങൾ താവളമാക്കി . സ്ത്രീകളെയും കുട്ടികളെയും പോലും ലഹരി മരുന്നിന്റെ കടത്തുകാരായി ഉപയോഗിക്കുന്നുണ്ടെന്ന് ചിറയിൻകീഴ് പഞ്ചായത്ത് പത്താം വാർഡ് മെംബർ അൻസിൽ അൻസാരി പറഞ്ഞു. ഇടുങ്ങിയ വഴികളും തിങ്ങി നിറഞ്ഞ് അടുക്കടുക്കായി വീടുകളുമുള്ള പ്രദേശത്ത് പൊലീസിനും എക്സൈസിനും കടന്നെത്താൻ ബുദ്ധിമുട്ടാണ്. പരിശോധനയ്ക്ക് ആരെങ്കിലും എത്തിയെന്നറിഞ്ഞാൽ അതിവേഗം സാധനങ്ങൾ നീക്കം ചെയ്യാനും ഇവർക്കാകും. മുതലപ്പൊഴിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി മരുന്നു വിൽപന ശക്തമാകുന്നത്.ആറു മാസം മുൻപ് ഒരു കിലോഗ്രാം വരുന്ന ലഹരി മരുന്ന് ഉപേക്ഷിച്ച നിലയിൽ പെരുമാതുറയിൽ നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നു.

അതിനു മുൻപ് 5 കിലോഗ്രാം വരുന്ന കഞ്ചാവും ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്ത് എക്സൈസിനെ ഏൽപിച്ചു. ഇൗ മേഖലയിൽ ലഹരി മരുന്നു കച്ചവടം വ്യാപകമാകുന്നതിനെതിരെ ജമാ അത്തും ശക്തമായ നിലപാട് എടുക്കുകയും പള്ളിയുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ആരും ലഹരി ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന്  താക്കീത് കൊടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം കഞ്ചാവിന്റെ ഉപയോഗം കുറഞ്ഞെങ്കിലും  എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ ഇൗ പ്രദേശത്ത് സുലഭമായി ചിലർ എത്തിക്കുന്നതായി പൊലീസിനു വിവരമുണ്ട്.  പൊലീസ് സ്ഥലത്ത് എത്തുമ്പോൾ വിൽപനക്കാർ കടൽത്തീരം വഴി രക്ഷപ്പെട്ട അവസരങ്ങൾ ഉണ്ട്. പ്രായപൂർത്തിയാകാത്തയാൾ അമിത ലഹരി ഉപയോഗം കാരണം മരിച്ച സംഭവം നാട്ടിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com