തിരുവനന്തപുരം∙വന സംരക്ഷണ ജീവനക്കാരുടെ തസ്തികയിൽ വനാശ്രിത പട്ടികവർഗ വിഭാഗക്കാരുടെ പ്രത്യേക നിയമനം വൈകിയതിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2018ൽ സർക്കാർ നൽകിയ ശുപാർശ 2020ൽ എങ്കിലും പൂർത്തിയാക്കേണ്ടതായിരുന്നു. ഇത്രയും വൈകിയതിന് നീതീകരണമില്ലെന്നും കുറ്റകരമായ അനാസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര വനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ, വനം മന്ത്രി എ.കെ.ശശീന്ദ്രന്റെയും വനം മേധാവി ബെന്നിച്ചൻ തോമസിന്റെയും സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫിസർ)നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വർഗവിഭാഗക്കാർക്ക് സ്വീകരണം നൽകി.
വനാശ്രിത പട്ടിക വർഗവിഭാഗക്കാർക്കു മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. വനം വകുപ്പിനെക്കുറിച്ച് ജനങ്ങൾക്കു നല്ല അഭിപ്രായമല്ലെന്നും മൃഗങ്ങളെ മാത്രം സംരക്ഷിക്കുന്നതിൽ താൽപര്യമുള്ളവരായതാണു കാരണമെന്നും ചടങ്ങിൽ അധ്യക്ഷനായ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ വിഷയത്തിൽ വനം വകുപ്പ് പിന്നാക്കമാണെന്നാണ് പൊതു വിമർശനം. പങ്കാളിത്ത വനപരിപാലനം-25 വർഷങ്ങൾ എന്നതിന്റെ മുദ്ര , അരണ്യം വനദിന പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ആര്യനാട് ബി.സനകന് തിരുവനന്തപുരം ജില്ലയിലെ വനമിത്ര പുരസ്‌കാര വിതരണം മന്ത്രി ശശീന്ദ്രൻ നിർവഹിച്ചു.