യൂണി. കോളജിൽ രക്തദാനത്തിനു വിസമ്മതിച്ച വിദ്യാർഥിക്ക് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം

Mail This Article
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ രക്തദാനത്തിനു വിസമ്മതിച്ച വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ വളഞ്ഞിട്ടു ക്രൂരമായി മർദിച്ചു. ആറ്റിങ്ങൽ സ്വദേശിയായ ഒന്നാംവർഷ പിജി അറബിക് വിദ്യാർഥി വിദ്യാർഥി മുഹമ്മദ് അൽ അമീനാണു മർദനമേറ്റത്. അവശനിലയിലായ വിദ്യാർഥിയെ സഹപാഠികൾ ചേർന്നു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എസ്എഫ്ഐയുടെ ഭീഷണി ഭയന്നു മുഹമ്മദ് പൊലീസിൽ പരാതി നൽകിയില്ല. അതേ സമയം സംഭവം നടന്നതായും ആരും പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും കന്റോൺമെന്റ് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രക്തദാനത്തിനു മെഡിക്കൽ കോളജിലേക്കു പോകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു മർദനം. ക്ലാസിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകർ രക്തദാനത്തിനു പോകണമെന്നു മുഹമ്മദ് അൽ അമീറിനോട് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യപ്രശ്നം ഉള്ളതിനാൽ പോകാനാകില്ലെന്നു വിദ്യാർഥി പറഞ്ഞതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രകോപിതരായി.
വിവരം യൂണിറ്റ് ഓഫിസ് മുറിയിൽ എത്തി സെക്രട്ടറിയോടു പറയണമെന്നു പറഞ്ഞ് ബഹളം വയ്ക്കുകയും എതിർത്ത മുഹമ്മദിനെ വളഞ്ഞിട്ടു ക്രൂരമായി തല്ലുകയുമായിരുന്നു.മർദന ശേഷം ശ്വാസ തടസ്സമുണ്ടായി അവശനിലയിലായ വിദ്യാർഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അധ്യാപകരെയും വിവരം അറിയിച്ചു. എന്നാൽ അധ്യാപകർ തിരിഞ്ഞു നോക്കുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ല. വിവരമറിഞ്ഞ വിദ്യാർഥിയുടെ രക്ഷിതാക്കളും എത്തി. ഭീഷണി ഭയന്ന് ഇവരും പരാതിപ്പെടാൻ തയാറായില്ല.സംഭവത്തിൽ എസ്എഫ്ഐക്കാർക്കു ബന്ധമില്ലെന്നാണു നേതാക്കളുടെ പ്രതികരണം.