ബാലരാമപുരം∙ കെഎസ്ഇബി കരാർ വാഹനത്തിൽ അപകടകരമായ നിലയിൽ കൊണ്ടുപോവുകയായിരുന്ന ഇലക്ട്രിക് പോസ്റ്റിന് പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ പ്രാവച്ചമ്പലം ഇടയ്ക്കോട് തുണ്ടുനട കൊട്ടറത്തൽ മേലെ വിജയ നിവാസിൽ പ്രതാപചന്ദ്രൻ(47) മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് നരുവാമൂട്–മുക്കമ്പാലമൂട് റോഡിൽ വെള്ളാപ്പള്ളി ജംക്‌ഷന് സമീപമാണ് സംഭവം.
പോസ്റ്റ് സമീപത്തെ ഇടവഴിയിൽ ഇറക്കുന്നതിനായി വാഹനം പെട്ടെന്ന് പിന്നിലേക്ക് എടുത്തപ്പൊഴാണ് പ്രതാപചന്ദ്രൻ അപകടത്തിൽപ്പെട്ടത്. കെഎസ്ഇബി ബാലരാമപുരം സെക്‌ഷന്റെ കരാർ വാഹനമാണ് അപകടം ഉണ്ടാക്കിയത്. പോസ്റ്റിന് പിന്നിൽ അപായ സൂചന നൽകുന്ന കൊടി അടക്കം മുന്നറിയിപ്പുകൾ ഇല്ലായിരുന്നു.
നരുവാമൂട് പൊലീസ് വാഹനം പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം സമീപത്ത് സ്ഥാപിച്ചിരുന്ന ചുവന്ന കൊടി വലിച്ചുകീറി കെട്ടിയതായും ബന്ധുക്കൾ ആരോപിച്ചു. പെയിന്റിങ് തൊഴിലാളിയാണ് പ്രതാപചന്ദ്രൻ. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും നെറ്റിയിലാണ് പോസ്റ്റിന്റെ അറ്റം ഇടിച്ചത്. ഉടനെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ബീന. മക്കൾ: അക്ഷയ്, അനഘ. നരുവാമൂട് പൊലീസ് കേസെടുത്തു.