ADVERTISEMENT

പെരുമാതുറ ∙ പെരുമാതുറയുടെ മനോഹരമായ കായൽത്തീരങ്ങൾ ലഹരി വിൽപനക്കാരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി  മാറി. മൂന്നു പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശം ഒരുകാലത്ത് സിനിമ ചിത്രീകരണത്തിന് പ്രിയപ്പെട്ട കേന്ദ്രമായിരുന്നു. ഇന്ന് പകൽ സമയത്തു പോലും നാട്ടുകാർ ഒറ്റയ്ക്കു പോകാൻ ഭയക്കുന്ന വിധം എന്തും ചെയ്യാൻ മടിക്കാത്ത സംഘങ്ങളുടെ പിടിയിലാണിവിടം.

പണ്ടു പ്രവർത്തിച്ചിരുന്ന ചകിരി മില്ലിന്റെ തകർന്ന കെട്ടിടം മാത്രമാണ് ഇന്ന് കൊട്ടാരം തുരുത്ത് പ്രദേശത്തുള്ളത്. അവിടെ പോയാണ് ലഹരി ഉപയോഗിച്ചതെന്നു കഴിഞ്ഞ ദിവസം അമിത ലഹരി ഉപയോഗം കാരണം മരിച്ച പതിനേഴുകാരൻ മാതാവിനോടു പറഞ്ഞിരുന്നു. ഈ പ്രദേശങ്ങളിൽ അവിടെ ലഹരി ഉപയോഗിച്ചതിന്റെ ശേഷിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴോ മാറ്റിയതിന്റെ ലക്ഷണം കാണാം. പതിനേഴുകാരന്റെ മരണം വിവാദമായതോടെ പ്രദേശത്തെ ലഹരി കേന്ദ്രങ്ങളിലെല്ലാം രാത്രിക്കു രാത്രി ശുചീകരണം നടന്നുവെന്നു വ്യക്തം. നേരത്തെ സിറിഞ്ചുകളും കുപ്പികളും നിറഞ്ഞ നിലയിലായിരുന്നു ഈ പ്രദേശങ്ങളെന്നു നാട്ടുകാർ പറയുന്നു. 

ലഹരിയുടെ കേന്ദ്രങ്ങൾ

പടിഞ്ഞാറ് കടൽ. കിഴക്ക് കായൽ. അതിനിടയിൽ ഞരമ്പുകൾ പോലെ ചാലു വെട്ടിയ കായൽ പ്രാന്തപ്രദേശങ്ങൾ. റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് അടുക്കടുക്കായി ഒരാൾക്കു നടക്കാൻ മാത്രം കഴിയുന്ന വഴിയുടെ ഇരു ഭാഗത്തുമായി നിറയെ വീടുകൾ. ലഹരിയുടെ വിൽപനയും ഉപയോഗവും കൂടുതലായി നടക്കുന്നത് കൊട്ടാരം തുരുത്ത്, ഒറ്റപ്പന കായൽ പ്രദേശം, മാടൻവിള, ചേരമാൻ തുരുത്ത് തുടങ്ങിയ ഒറ്റപ്പെട്ട തുരുത്തുകളും ചതുപ്പുകളും നിറഞ്ഞ പ്രദേശങ്ങളാണ്.

syringe-cover-tvm
ഒറ്റപ്പന കായൽ പ്രദേശത്ത് ലഹരി ഉപയോഗിച്ച ശേഷം ഉപേഷിച്ച സിറിഞ്ച് കവർ.

പണ്ടു തൊണ്ട് അഴുക്കാൻ ഉപയോഗിച്ചിരുന്ന ചാലുകളാണ് ഗൂഢ സംഘങ്ങൾക്കു രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നത്. ഏതു വഴി പൊലീസ്, എക്സൈസ് സംഘങ്ങൾ എത്തിയാലും പെട്ടെന്നു കാണാനും വെള്ളത്തിൽ ചാടി രക്ഷപ്പെടാനും ഇവർക്കാകും.ചിറയിൻകീഴ്, അഴൂർ, കഠിനംകുളം  പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമമാണ് ഒറ്റപ്പന കായൽ പ്രദേശം. എക്സൈസിന്റെ ചിറയിൻകീഴ്, കഴക്കൂട്ടം റേഞ്ചുകളുടെ അതിർത്തി കൂടിയാണ് ഇവിടം. 

എതിർത്താൽ ഭീഷണി, ആക്രമണം

ലഹരി വിൽപന തടയാൻ ശ്രമിച്ചതിന്റെ പേരിൽ ആക്രമണവും ഭീഷണിയും നേരിട്ടവരുണ്ട്. പെരുമാതുറ മുസ്‍ലിം ജമാഅത്തിന്റെ മുൻ ട്രഷറർ സഫീർ അബ്ദുൽ ജബ്ബാർ ആണ് ഇത്തരത്തിൽ ഒരനുഭവം പങ്കുവച്ചത്. കൊട്ടാരം തുരുത്തിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നറിഞ്ഞ് അവരെ വിലക്കാൻ പോയതായിരുന്നു സഫീറും സംഘവും. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ഒരാൾ മൂർച്ചയുള്ള ഒരായുധം പുറത്തെടുത്ത് ആഞ്ഞു വീശി. പെട്ടെന്ന് ഒഴിഞ്ഞു മാറിയതുകൊണ്ട് ഭാഗ്യത്തിനാണ് അന്നു രക്ഷപ്പെട്ടതെന്നു സഫീർ പറയുന്നു.

ജമാഅത്തിന്റെ ജനറൽ സെക്രട്ടറി എം.ബഷറുള്ളയ്ക്കും ഉണ്ട് സമാനമായ അനുഭവം. വീടിനടുത്തുള്ള ഒറ്റപ്പന കായൽ പ്രദേശത്തു ലഹരി സംഘങ്ങൾ കെട്ടിയ താൽക്കാലിക താവളം പൊളിച്ചു കളയുന്നത് ബഷറുള്ളയാണെന്ന് ആരോപിച്ച് ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ‘പുതപ്പിച്ചു കിടത്താൻ വെള്ളത്തുണി വാങ്ങി വച്ചോ’ എന്നു വീട്ടുകാരോടു പറഞ്ഞിട്ട് അവർ സ്ഥലം വിട്ടു. പിന്നീടും ലഹരി ഉപയോഗിക്കുന്നവർക്കെതിരെ താൻ പ്രവർത്തിച്ചിട്ടുണ്ടെന്നു ബഷറുള്ള പറയുന്നു. 

ലഹരി ഇടപാടുകൾ നടത്തുന്നവരെയും ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരെയും ജമാഅത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കില്ലെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നു ബഷറുള്ള പറഞ്ഞു. കേസുകളിൽപ്പെടുന്നവരുടെ കുടുംബങ്ങളെ ഇക്കാര്യം അറിയിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com