ചിറയിൻകീഴ്∙ശാർക്കര ദേവീക്ഷേത്രത്തിലെ പത്തുദിനം നീണ്ട ഉത്സവാഘോഷങ്ങൾക്കു ഇന്നു രാവിലെ ആരംഭിക്കുന്ന മുഖ്യക്ഷേത്രാചാര ചടങ്ങായ ഗരുഡൻതൂക്ക നേർച്ചയോടെ സമാപിക്കും. കഴിഞ്ഞ ഒരാഴ്ചയായി ക്ഷേത്രസന്നിധിയിൽ കഠിനവൃതാനുഷ്ഠാനങ്ങളുമായി കഴിഞ്ഞുവന്നിരുന്ന 201 നേർച്ചത്തൂക്ക ഭക്തർ മുന്നോടിയായുള്ള ക്ഷേത്രവലംവയ്പു പൂർത്തീകരിക്കുകയും അമ്മയെകാണൽ ആചാരവിധിപ്രകാരം നിർവഹിക്കുകയും ചെയ്തിരുന്നു.
ഇന്നു പുലർച്ചെ ശ്രീകോവിൽ സന്നിധിയിലെത്തി ദേവീപ്രസാദം സ്വീകരിച്ചതിനു ശേഷമാണു ഉടുത്തുകെട്ടലിനും ചമയങ്ങൾക്കുമായി അമ്പലത്തിനടുത്തുള്ള ഭഗവതിക്കൊട്ടാരത്തിലേക്കു യാത്രയാവുക. ഇതിനായി ഇക്കുറിയും നിയോഗിക്കപ്പെട്ടിട്ടുള്ളതു കീഴതിൽ കുടുംബ കാരണവരാണ്.
എട്ടുമണിയോടെ 25പേരടങ്ങുന്ന ആദ്യ നേർച്ചത്തൂക്കസംഘം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രത്യേക നൃത്തച്ചുവടുവയ്പ്പുകളോടെ തൂക്കവില്ലിനെ ലക്ഷ്യമാക്കി പുറപ്പെടും. മുഖ്യപൂജാരിയിൽ നിന്നു തീർഥം വാങ്ങി പണ്ടാരത്തൂക്കം തൂക്കവില്ലേറി വാനിലേക്കുയരുന്നതോടെ ഗരുഡൻതൂക്കനേർച്ച ആരംഭിക്കും.
മറ്റു ക്ഷേത്രങ്ങളിൽ നിന്നു തീർത്തും വ്യത്യസ്ഥമായി ഒറ്റവില്ലിൽത്തൂക്കമാണു ശാർക്കരയിൽ നടന്നുവരുന്നത്. രണ്ടുവില്ലുകളിലായി വൈകുന്നേരത്തോടെ 201നേർച്ച ഭക്തരും സന്ധ്യാദീപാരാധന വിളക്കിനു മുൻപായി തൂക്കവില്ലേറും. കുഞ്ഞുങ്ങളെ തൂക്കനേർച്ചക്കാരുടെ കൈകളിൽ സമർപ്പിച്ചുള്ള പിള്ളത്തൂക്കവും ശാർക്കരയിലെ വഴിപാടുകളിൽ ഏറെ പവിത്രത പകരുന്ന മറ്റൊരു കാഴ്ചയാണ്.
രാത്രി എട്ടുമണിക്കു ഗജവീരൻമാരുടെ അകമ്പടിയോടെ ആറാട്ടെഴുന്നള്ളത്ത് ഘോഷയാത്ര ഊരുചുറ്റൽ പൂർത്തിയാക്കി ഭക്തജനങ്ങളൊരുക്കിയിട്ടുള്ള സ്വീകരണങ്ങളേറ്റുവാങ്ങി പന്ത്രണ്ടരമണിയോടെ ക്ഷേത്രസന്നിധിയിൽ തിരിച്ചെഴുന്നള്ളും. തുടർന്നു വലിയകാണിയ്ക്ക സമർപ്പണവും കളമെഴുത്തും പാട്ടും പൂർത്തിയാവുന്നതോടെ കൊടിയിറങ്ങും.