പാറശാല∙ കള്ളക്കേസുകൾ റജിസ്റ്റർ ചെയ്ത് രാഹുൽഗാന്ധിയെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാറശാലയിൽ ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാത്രി 7.00 മണിക്ക് ആരംഭിച്ച ഉപരോധം പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. പ്രതിഷേധ സമരം മുൻ എംഎൽഎ എ.ടി ജോർജ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡിസിസി സെക്രട്ടറിമാരായ മഞ്ചവിളാകം ജയൻ, ബാബുക്കുട്ടൻ നായർ, കൊറ്റാമം വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ മഞ്ചവിളാകം ജയൻ, വടകര ജയൻ, രാജാസിങ് തുടങ്ങിയവർ നേതൃത്വം നൽകി.
വായ് മൂടിക്കെട്ടി പ്രകടനം
ബാലരാമപുരം∙ കോടതികളെ കാവിവൽക്കരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ ഇല്ലായ്മ ചെയ്യാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നടപടിക്കെതിരെയും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റി വായ് മൂടിക്കെട്ടി പ്രകടനം നടത്തി.
കെപിസിസി അംഗം വിൻസന്റ് ഡി.പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ, എ.അർഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സൽ ബാലരാമപുരം, പഞ്ചായത്ത് അംഗം എൽ.ജോസ്, കെ.തങ്കരാജൻ, മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേഷ്, മുൻ പഞ്ചായത്ത് അംഗം ബാബു എന്നിവർ പ്രസംഗിച്ചു.