ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയിലും കോടതി വിധിയിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു. ലാത്തിച്ചാർജിൽ സാരമായി പരുക്കേറ്റ  10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിയടിയിൽ 3 പേരുടെ തല പൊട്ടി ചോരയൊഴുകി. 

യൂത്ത് കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് ഫൈസൽ, കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേഷ്, രഞ്ജിത്ത് രവീന്ദ്രൻ ഉൾപ്പെടെയുള്ളവർക്കാണു സാരമായി പരുക്കേറ്റത്. ഫൈസലിന്റെയും രഞ്ജിത്തിന്റെയും തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇവരെയും പരിക്കേറ്റ മറ്റുള്ളവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. 

രാത്രി എട്ടു മണിയോടെയാണു സംഭവം. ഒരു മണിക്കൂറോളം വെള്ളയമ്പലം ജംക്‌ഷനും രാജ്ഭവൻ പരിസരവും സംഘർഷ ഭൂമിയായി. മാർച്ച് മുന്നിൽ കണ്ടു രാജ്ഭവനു മുന്നിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡ് പ്രവർത്തകർ മറികടന്നതോടെ പ്രതിഷേധക്കാർക്കു നേരെ ആറു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രവർത്തകർ തിരിഞ്ഞതോടെയായിരുന്നു ലാത്തിച്ചാർജ്്. 

വനിതാ പ്രവർത്തകർക്കു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഭിജിത്ത്, കെഎസ്‌യു പ്രവർത്തകനായ സുനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഒരു പ്രകോപനവും കൂടാതെയായിരുന്നു പ്രവർത്തകർക്കു നേരെ പൊലീസിന്റെ ആക്രമണം ഉണ്ടായതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു. പിണറായി വിജയനു നേരെ മുൻപു സമരം നടത്തിയപ്പോഴൊന്നും ഇത്തരത്തിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ല. മോദിക്കെതിരെ പ്രതിഷേധിച്ചപ്പോഴാണു പൊലീസ് ക്രൂരമായി  മർദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com