ADVERTISEMENT

തിരുവനന്തപുരം ∙ മാലിന്യ നീക്കം നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ, ഒരു ലക്ഷം വീടുകളിൽ ബയോ കംപോസ്റ്റർ കിച്ചൻ ബിന്നുകൾ തുടങ്ങി അടുത്ത സാമ്പത്തിക വർഷത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 43 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കോർപറേഷൻ ബജറ്റ്.

ഹരിത കർമ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനുള്ള മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളുടെ (എംആർഎഫ്) ലൊക്കേഷൻ മാപ്പ് പ്രസിദ്ധീകരിക്കും. മാലിന്യം നീക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.

അരുവിക്കരയിൽ നിന്നു വെള്ളം കൊണ്ടുവരുന്നതിനു ശേഷി കൂടിയ പുതിയ പൈപ്പ് സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്.കെഎസ്ആർടിസിക്ക് 100 ഇ ബസുകൾ വാങ്ങി നൽകിയും കെഎസ്ഇബി, അനെർട്ട് എന്നിവയുമായി ചേർന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജറുകൾ സ്ഥാപിച്ചും 2035 ൽ നഗരത്തെ കാർബൺ ന്യൂട്രൽ ആയി പ്രഖ്യാപിക്കും. എല്ലാ തെരുവു വിളക്കുകളും അടുത്ത സാമ്പത്തിക വർഷം എൽഇഡിയിലേക്ക് മാറ്റും. ഗ്രീൻ സർട്ടിഫിക്കേഷൻ ഉള്ള കെട്ടിടങ്ങൾക്ക് 10% നികുതി ഇളവു നൽകും.

പ്രധാന ബജറ്റ് നിർദേശങ്ങൾ ഒറ്റനോട്ടത്തിൽ

∙ഹരിത കർമ സേനയ്ക്കായി 100 ഇ– കാർട്ടുകൾ വാങ്ങും.
∙ പബ്ലിക് സൈക്കിൾ ഷെയറിങ് സിസ്റ്റം നടപ്പാക്കുന്നതിനായി 200 ഇലക്ട്രിക്, മാനുവൽ, ഹൈബ്രിഡ് സൈക്കിളുകൾ വാങ്ങും.
∙കോർപറേഷന്റെ 78 കെട്ടിടങ്ങളിലും 56 സർക്കാർ കെട്ടിടങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കും.
∙ മികച്ച രീതിയിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കുന്ന സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് മേയേഴ്സ് അവാർഡ്.
∙5 ഓർഗാനിക് വേസ്റ്റ് കൺവർട്ടർ യൂണിറ്റുകൾ കൂടി സ്ഥാപിക്കും. ഇതിനു പുറമേ എല്ലാ വാർഡിലും കരിയില സംഭരണി.
∙അനിമൽ ക്രമറ്റോറിയം ആരംഭിക്കുന്നതിന് ഒരു കോടി രൂപ.
∙ഹരിത കർമ സേനയിലെ അംഗങ്ങൾക്ക് വനിത വികസന കോർപറേഷൻ മുഖേന വായ്പ.
∙ഒരു ലക്ഷം വീടുകളിൽ ബയോ /കിച്ചൺ ബിൻ സ്ഥാപിക്കുന്നതാണ്.
∙എല്ലാ വാർഡുകളിലും മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ സ്ഥാപിക്കും.
∙വിവിധ ജലാശയങ്ങളിലേക്ക് ഒഴികി വരുന്ന അജൈവ മാലിന്യങ്ങൾ തടയുന്നതിനായി പത്തിടങ്ങളിൽ ട്രാഷ് ബൂം സ്ഥാപിക്കും.
∙5 പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ആരംഭിക്കും.
∙പുതുതായി 44 ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ആരംഭിക്കും.
∙കിടപ്പു രോഗികൾ, അവയവ മാറ്റം ചെയ്തവർ, അവയവദാനം ചെയ്തവർ എന്നിവർക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിക്കും.
∙ആയുർവേദ ആശുപത്രികളിൽ പഞ്ച കർമ്മ ചികിത്സ ഘട്ടം ഘട്ടമായി ഏർപ്പെടുത്തും.
∙കുറഞ്ഞത് 3,000 സംരംഭങ്ങൾ ആരംഭിക്കുന്നതിനു സഹായം നൽകും.
∙3 വർഷത്തിനുള്ളിൽ നെൽകൃഷി 80 ഹെക്ടറിലേക്ക് വ്യാപിപ്പിക്കും.
∙ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് ലിറ്ററിനു 3 രൂപാ നിരക്കിൽ പരമാവധി 40,000 രൂപ സഹായം. സംഘങ്ങളിൽ പാൽ നൽകാത്തവർക്ക് പരമാവധി 20,000 രൂപ. രണ്ടോ അതിലധികമോ കറവ ഉള്ള പശുക്കളെ വളർത്തി ഒരു ദിവസം 10 ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ക്ഷീര കർഷകർക്ക് പരമാവധി 31,100 രൂപ സഹായം.
∙കാലിത്തൊഴുത്ത് നവീകരണത്തിന് ജനറൽ വിഭാഗത്തിന് 25,000 രൂപയും, എസ് സി വിഭാഗക്കാർക്ക് 37,500രൂപയും ധനസഹായം.
∙പുതുതായി 2,000 ഗുണഭോക്താക്കളെ കൂടി ലൈഫ്, പിഎംഎവൈ പദ്ധതിയിൽ ഉൾക്കൊള്ളിക്കും.
∙പേരൂർക്കട മണ്ണാമൂലയിൽ 200 യൂണിറ്റുള്ള ഭവന സമുച്ചയത്തിന് തുടക്കമിടും. മുട്ടത്തറയിൽ മത്സ്യ തൊഴിലാളികൾക്ക് 200 ഭവനങ്ങളുളള സമുച്ചയം. കരിമഠം, മതിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞത് 200 യൂണിറ്റുകൾ അടങ്ങിയ ഭവന സമുച്ചയം.
∙യോഗ്യരായ 1,000 പേർക്ക് ഭവന നിർമാണത്തിനുള്ള ധനസഹായം നൽകും. 300 പേർക്ക് ഭവനം നിർമിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് സഹായം നൽകും.
∙ എസ് സി വിഭാഗത്തിൽ വിദ്യാർഥികളുള്ള കുടുംബത്തിന് ഒരു മുറി കൂടി അധികം നിർമിക്കുന്നതിന് 2 ലക്ഷം രൂപ വീതം 75 പേർക്ക് ധനസഹായം അനുവദിക്കും.
∙കോർപറേഷൻ കെട്ടിടങ്ങളുടെ വാടക ഓൺ ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ബിൽ കലക്ടർമാർക്ക് പിഒഎസ് യന്ത്രങ്ങൾ നൽകും.
∙വിവിധ സേവനങ്ങൾ നൽകുന്നതിന് നിലവിലുള്ള സ്മാർട്ട് ട്രിവാൻഡ്രം ആപ്പിന്റെ 2.0 വെർഷൻ പുറത്തിറക്കും.
∙മത്സ്യ കച്ചവടം നടത്തുന്ന മത്സ്യ തൊഴിലാളികൾക്ക് ഐസ് ബോക്സ് ഘടിപ്പിച്ച മോട്ടർ സൈക്കിൾ, ഓട്ടോറിക്ഷ നൽകും. ചെറിയ തടി വള്ളവും, കട്ട മരവും വാങ്ങുന്നതിന് സബ്സിഡി നൽകും.
∙അർഹരായ എല്ലാ പട്ടികജാതി കുടുംബങ്ങളിലെയും പെൺകുട്ടികളുടെ വിവാഹത്തിന് 75,000 രൂപ ധനസഹായം.
∙ 550 പട്ടിക ജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്. 1000 വിദ്യാർഥികൾക്ക് പഠന മേശയും, കസേരയും. ഡിഗ്രി തലം മുതൽ പഠിക്കുന്നവർക്ക് ലാപ് ടോപ്പ്.
∙വിദ്യാർഥികളുടെ ശാരീരിക, മാനസിക കായിക ക്ഷമത വർധിപ്പിക്കുന്നതിന് എല്ലാ സ്കൂളുകളിലും ഓപ്പൺ ജിംനേഷ്യം.
∙പുതുതായി 15 സ്കൂളുകളിൽ അധിക ക്ലാസ് മുറികൾ. 20 സ്കൂളുകളിൽ അധിക ശുചിമുറികൾ. 5 സ്കൂളുകളിൽ പുതിയ കളിസ്ഥലങ്ങൾ (ടർഫ്).
∙ഒരു വാർഡിൽ നിന്നും ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുട്ടിയെ കണ്ടെത്തി 12–ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചിലവും വഹിക്കും.
∙ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് മരുന്നും ഡോക്ടറുടെ സേവനവും വീടുകളിലെത്തിക്കും.
∙പുതുതായി 500 അയൽ കൂട്ടങ്ങൾ രൂപീകരിക്കും. നഗര പരിധിയിലെ ഗർഭിണികളായ സ്ത്രീകൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് പോഷകാഹാരം നൽകും.
∙വനിതകൾ കുടുംബനാഥരായ 2000 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ധനസഹായം.
∙പുതുതായി 25000 പേർക്ക് ശുദ്ധജല കണക്ഷനുകൾ നൽകും.
∙കഴക്കൂട്ടം, ചന്തവിള ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പുതിയ വിതരണ ശൃംഖല.
∙ദുരന്തങ്ങളിൽ കൈത്താങ്ങാകാൻ പൊതുജനങ്ങളെ ഉൾപ്പെടുത്തി സന്നദ്ധസേന രൂപീകരിക്കും.
∙ അഗ്നി ശമന സേനയുടെ ഫയർ ടെന്ററുകളിൽ വെള്ളം നിറയ്ക്കുന്നതിന് ഉയർന്ന ശേഷിയുള്ള ഓവർ ഹെഡ് ഫിതിംങ് പോയിന്റുകൾ.
∙ആക്കുളം, കുളത്തൂർ, അണമുഖം, ശ്രീകാര്യം, ഉള്ളൂർ, നാലാഞ്ചിറ ഭാഗങ്ങളിൽ നാലായിരം സുവിജ് കണക്ഷൻ നൽകും.
∙നഗരത്തിന്റെ പ്രധാനപ്പെട്ട 98 സ്ഥലങ്ങളിൽ സിസി ക്യാമറകൾ സ്ഥാപിക്കും. 14 സ്ഥലങ്ങളിൽ വേരിയബിൾ മെസേജ് സിസ്റ്റം. പത്ത് സ്ഥലങ്ങളിൽ എമർജൻസി കാൾ ബോക്സ്.
∙48 മണിക്കൂറിനകം കേടായ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്യാത്ത പക്ഷം ഫൈൻ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com