ADVERTISEMENT

തിരുവനന്തപുരം ∙ മകളുടെ വിവാഹ ആവശ്യത്തിനു സ്വകാര്യ ബാങ്കിൽ സ്ഥിര നിക്ഷേപമായിട്ടിരുന്ന 4 ലക്ഷം രൂപ ഓൺലൈൻ ബാങ്ക് തട്ടിപ്പിലൂടെ വീട്ടമ്മയ്ക്കു നഷ്ടമായി. വട്ടിയൂർക്കാവ് വയലിക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന സുനിതയ്ക്കാണു ഇസാഫ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം നഷ്ടമായത്.

കഴിഞ്ഞ 23 നാണു സംഭവം. വൈകിട്ട് മൂന്നോടെ ബാങ്കിൽ നിന്നാണെന്നും ഒടിപി നമ്പർ പറഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ടാണു സുനിതയ്ക്ക് ഫോൺ കോൾ എത്തിയത്. ട്രൂ കോളറിൽ ബാങ്കിന്റെ പേരു തെളിഞ്ഞിരുന്നതിനാൽ സംശയം തോന്നിയില്ലെന്നു സുനിത പറയുന്നു. ആദ്യം ഒരു ഒടിപി നമ്പർ നൽകിയെങ്കിലും രണ്ടാമതു വീണ്ടും വിളിച്ചു രണ്ടാമത്തെ നമ്പർ ചോദിച്ചു. ഈ നമ്പറും  നൽകി അര മണിക്കൂർ കഴിഞ്ഞപ്പോൾ 4 തവണയായി അക്കൗണ്ടിലുണ്ടായിരുന്ന 4,62,035 രൂപയും പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു വർഷത്തെ കാലാവധിയിൽ സുനിത പണം നിക്ഷേപിച്ചത്.

സാധാരണ ഗതിയിൽ സ്ഥിരം നിക്ഷേപ അക്കൗണ്ടിൽ തട്ടിപ്പ് നടത്തുക എളുപ്പമല്ല. എന്നാൽ നെറ്റ് ബാങ്കിങ് സംവിധാനമുള്ള അക്കൗണ്ടായിരുന്നു സുനിതയുടേത്. ഇക്കാര്യം സുനിതയ്ക്ക് അറിയില്ലായിരുന്നു. അക്കൗണ്ടിൽ കയറുന്നതിനു വേണ്ടി തട്ടിപ്പുകാർ ശ്രമിച്ചപ്പോഴാണ് സുനിതയുടെ ഫോണിലേക്ക് ആദ്യ ഒടിപി നമ്പർ അയച്ചതെന്നു കരുതുന്നു. സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന പണം സേവിങ്സ് അക്കൗണ്ടിലേക്കു മാറ്റുകയാണ് അടുത്ത തട്ടിപ്പ്. ഇതിനായി ഓപ്ഷൻ നൽകിയപ്പോഴാണു രണ്ടാമത് ഒടിപി നമ്പർ വന്നതെന്നാണു കരുതുന്നത്. തട്ടിപ്പ് അറിയാതെ രണ്ടു നമ്പറുകളും സുനിത പറഞ്ഞുകൊടുത്തു. തൊട്ടുപിന്നാലെ പണം നഷ്ടമായി.

വട്ടിയൂർക്കാവ് കുലശേഖരം കുരുവിക്കാട് ആണു സുനിതയും കുടുംബവും ആദ്യം താമസിച്ചിരുന്നത്. സെപ്റ്റംബറിൽ മകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ ഈ സ്ഥലം വിറ്റു വെള്ളൈക്കടവിൽ മൂന്നര സെന്റ് സ്ഥലം വാങ്ങി. ബാക്കി തുകയാണു വിവാഹ ആവശ്യത്തിനായി ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഇപ്പോൾ വാടകയ്ക്കാണു താമസം. പണം നഷ്ടമായതോടെ എങ്ങനെ വിവാഹം നടത്തുമെന്ന ആശങ്കയിലാണു സുനിതയും ഭർത്താവ് ഗോപകുമാറും.

വെള്ളയമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയാണു സുനിത. ഭർത്താവ് ഗോപകുമാർ സ്കൂൾ ബസ് ഡ്രൈവറാണ്. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയതായി സുനിത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com