ADVERTISEMENT

തിരുവനന്തപുരം ∙ തുടരെയുണ്ടായ മരണങ്ങൾ ഇരുൾ വീഴ്ത്തിയ നോവിൽ നീറിയ തംബുരുവിനും പറക്കമുറ്റാത്ത 2 മക്കൾക്കും മനോരമ വാർത്തയിലൂടെ പുതുജീവൻ. ജപ്തി നോട്ടിസുമായി വീട്ടിൽ നിന്നിറങ്ങേണ്ട ദൈന്യതയിൽ നിന്ന കുടുംബത്തിനു ബാങ്കിലെ വായ്പ പൂർണമായും തീർത്ത് ഗ്രെയിൻ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എ. പോൾരാജ് ആധാരം വീണ്ടെടുത്തു നൽകി. 

മക്കളുടെ പഠനത്തിനും മറ്റുമായി തംബുരുവിന്റെ അക്കൗണ്ടിലേക്കു വായനക്കാരുടെ സ്നേഹക്കൈനീട്ടം വേറെയുമെത്തി. എല്ലാവ‍ർക്കും മുന്നിൽ നന്ദിയുടെ തൊഴുകൈകളുമായി തംബുരുവും കുടുംബവും.കിണറുപണിക്കിടെ മരണപ്പെട്ട സഹോദരൻ എടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയിലായ 34കാരി ചെറുന്നിയൂർ കുഴിവിള വീട്ടിൽ തംബുരുവിന്റെ കഥയാണ് ‘മനോരമ’ കഴിഞ്ഞ ഫെബ്രുവരി 17നു റിപ്പോർട്ട് ചെയ്തത്.

ഭർത്താവും അച്ഛനും അമ്മയും മരിച്ച തംബുരു നിത്യചെലവിനു പോലും വഴിയില്ലാതെ നിൽക്കെയായിരുന്നു കേരള ബാങ്കിന്റെ വർക്കല ബ്രാഞ്ചിൽ നിന്നു ജപ്തി നോട്ടിസെത്തിയത്. 5.13 ലക്ഷം രൂപയായിരുന്നു ബാധ്യത. മനോരമ വാ‍ർത്ത വന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നായി സഹായ വാഗ്ദാനമെത്തി. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണിയുടെ ഇടപെടലിൽ വായ്പയുടെ പലിശ ഒഴിവാക്കി ബാധ്യത 3.95 ലക്ഷമായി കുറവു ചെയ്തു. ഈ തുക കഴിഞ്ഞദിവസം ബാങ്കിലടച്ചാണ് പോൾ രാജ് സഹായഹസ്തം നീട്ടിയത്.

വീണ്ടെടുത്ത വീടിന്റെ രേഖകൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ തംബുരുവിനു കൈമാറി. എ. പോ‍ൾ രാജ്, അസോസിയേഷൻ ഭാരവാഹികളായ ബി.വിജയകുമാർ, രാജപ്പ, ചാല കൗൺസിലർ സിമി ജ്യോതിഷ്, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജോസഫ് പെരേര, പോൾ രാജ് ആൻഡ് കമ്പനിയിലെ സുകുമാര പിള്ള, പിആർഒ എം. സിന്ധുകുമാർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com