ADVERTISEMENT

തിരുവനന്തപുരം ∙ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ യുവാവിനെ വില്ലനാക്കി ക്രൈം ത്രില്ലർ കഥയുമായി സുരക്ഷാ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. ട്രാഫിക് വാർഡന്മാർ യുവാവിനെ വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ മുന്നിൽ ഉള്ളപ്പോഴാണു ആക്രമണം നടത്തിയ ജീവനക്കാരെ ‘സംരക്ഷിച്ച് ’ സുരക്ഷാവിഭാഗം ഓഫിസർ നാസറുദീൻ റിപ്പോർട്ട് നൽകിയത്. നാസറുദീൻ തന്റെ ഭാവനയ്ക്ക് അനുസരിച്ചു ചമച്ച കള്ളക്കഥയെ മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും കണ്ണടച്ച് അംഗീകരിക്കുകയും ചെയ്തു.

മർദനത്തിന് ഇരയായ അഖിലിനെ കത്തിയുമായി എത്തിയ ക്രിമിനലായിട്ടാണ് റിപ്പോർട്ട് ചിത്രീകരിച്ചിരിക്കുന്നത്. കസേരയിൽ ഇരുന്ന അഖിൽ കത്തിയുമായി ചാടി എഴുന്നേറ്റപ്പോൾ പരിഭ്രാന്തരായ ട്രാഫിക് വാർഡൻമാർ  ആക്രമണം ചെറുക്കാൻ അഖിലിനെ പിടിച്ചിരുത്താൻ ശ്രമിച്ചെന്നും പിന്നീട് അടിപിടി ഉണ്ടായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അഖിൽ കത്തി എടുത്തു എന്നതടക്കം കളവാണെന്ന് സിസിടിവി ദൃശ്യത്തിൽ നിന്നു വ്യക്തമായിട്ടും അധികൃതർ ഈ റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു.

മർദനം നടക്കുമ്പോൾ തൊട്ടടുത്ത് സർജന്റുമാർ  ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. എന്നാൽ സർജന്റ് നടത്തിയത് സമയോചിതമായ ഇടപെടൽ എന്നാണ് സുരക്ഷാ വിഭാഗം ഓഫിസറുടെ വിചിത്രമായ ന്യായീകരണം. അച്ഛന്റെ വിയോഗം അറിഞ്ഞ് അഖിൽ കരഞ്ഞു തളർന്ന് ഇരുന്നതിനെ മദ്യലഹരിയിൽ ഇരുന്നുവെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ജീവനക്കാർക്ക് നേരെ ചെറിയൊരു വാക്കേറ്റം ഉണ്ടായാൽ പോലും ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകാറാണ് പതിവ്. എന്നാൽ ഈ സംഭവത്തിൽ  പൊലീസിൽ പരാതി നൽകാൻ അധികൃതർ തയാറായില്ല. 

സംഭവസമയം ട്രാഫിക് വാർഡർമാരെ സഹായിക്കാനായി ആശുപത്രിക്കുള്ളിൽ കയറി ആക്രമണത്തിനു നേതൃത്വം നൽകിയ സ്വകാര്യ ആംബുലൻസ് ഡ്രൈവർ അരുൺദേവിനെയും റിപ്പോർട്ടിൽ വെള്ളപൂശുന്നുണ്ട്. മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കളോട് പൊതുതാൽപര്യാർഥം അരുൺദേവ് വിവരങ്ങൾ ആരാഞ്ഞതാണെന്നാണ് സുരക്ഷാവിഭാഗം ഓഫിസർ ന്യായീകരിക്കുന്നത്. എന്നാൽ സുരക്ഷാജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ആശുപത്രിയിൽ പ്രശ്നങ്ങൾക്കു കാരണമെന്നാണ് പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്.

മർദനം നടന്നയുടൻ സ്ഥലത്ത് എത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അഖിൽ, ഫൈസൽ എന്നിവരെ കണ്ടിരുന്നു. ഈ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നില്ല. അഖിലിന്റെ പക്കൽ കത്തി ഉണ്ടായിരുന്നു എന്ന ആരോപണം അന്വേഷണത്തിൽ കളവാണെന്നു ബോധ്യപ്പെട്ടെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ഫെബ്രുവരി 3ന് വൈകിട്ട് 6.10. ഹൃദയാഘാതം മൂലം മരിച്ച അച്ഛൻ അജയന്റെ മൃതദേഹം ഏറ്റുവാങ്ങാനാണു മകൻ നെടുമങ്ങാട് പാണോട് കിഴക്കുംകര വീട്ടിൽ അഖിൽ (21), സുഹൃത്ത് ഫൈസൽ(22) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്.

സംഭവം ഇങ്ങനെ

ഒപി ബ്ലോക്കിലെ ഗേറ്റിൽ എത്തിയ അഖിലിനെയും ഫൈസലിനെയും സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ചു. തുടർന്നു വാക്കു തർക്കം ഉണ്ടായി. ഉടൻ ഇരുവരെയും പിടികൂടി സുരക്ഷാ വിഭാഗം ഓഫിസറുടെ ഓഫിസിനു മുന്നിൽ എത്തിച്ചു. അച്ഛന്റെ വിയോഗത്തെ തുടർന്നു കരഞ്ഞു തളർന്ന അഖിലിനെ കസേരയിൽ ഇരുത്തി. ഈ സമയം ഫൈസലും ട്രാഫിക് വാർഡർമാരും തമ്മിൽ തർക്കം ഉണ്ടായി. ഇവർ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരെ വിളിച്ചു വരുത്തി. ഇവരിൽ ഒരാൾ ഫൈസലിനെ അടിച്ചു.  അഖിൽ തടസ്സം നിൽക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ച് അഖിലിനെ കസേരയിൽ പിടിച്ചിരുത്തി 2 ട്രാഫിക് വാർഡന്മാർ ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com