കാട്ടാക്കട ∙ ചേലക്കാട് കുളം നാട്ടുകാർക്ക് പ്രയോജന പ്രദമാകുന്ന തരത്തിൽ നവീകരിക്കണമെന്ന് ആവശ്യം. മഴക്കാലത്ത് കുളത്തിലേക്ക് കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം കുളത്തിൽ ചെളിയും മണ്ണും നിറയാൻ കാരണമാകുന്നു. ഇതൊഴിവാക്കാൻ മഴ വെള്ളം സമീപത്തെ മേച്ചിറ തോട്ടിലേക്ക് ഒഴുക്കി വിടാനുള്ള ഓട നിർമിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഓട നിർമിച്ചില്ലെങ്കിൽ കുളം നവീകരിച്ചതുകൊണ്ട് കാര്യമില്ല. ഈ ആവശ്യം ഉദ്യോഗസ്ഥരോട് നാട്ടുകാർ ഉന്നയിച്ചിട്ടും ഓട നിർമിക്കാൻ നടപടി ഇല്ല.
8 ലക്ഷം രൂപ വിനിയോഗിച്ച് നിർത്തടപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. 51 മീറ്റർ ഭാഗത്തെ കരിങ്കൽ ഭിത്തി നിർമാണവും ചെളി കോരിമാറ്റലും ആണ് പ്രധാന ഇനങ്ങൾ. 10 കൊല്ലം മുൻപും ആറു ലക്ഷത്തോളം രൂപ വിനിയോഗിച്ച് നവീകരിച്ച കുളമാണ്. കുളം കയ്യേറ്റം ഒഴിവാക്കാനെന്ന പേരിൽ 10 മീറ്ററോളം തകർന്ന ഭിത്തി നിർമിക്കുന്നതിനു പകരം ഒരു ഭാഗം മുഴുവൻ ഉണ്ടായിരുന്ന ഭിത്തി പൊളിച്ച് പുതിയ നിർമാണം നടക്കുന്നു. കുളത്തിന് അകത്തേക്ക് ഇറക്കിയാണ് പുതിയ ഭിത്തി നിർമാണം. ഇത് കുളത്തിന്റെ വിസ്തൃതി കുറച്ചുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പഴയ ഭിത്തി പൊളിച്ച കരിങ്കല്ല് ഉപയോഗിച്ചാണ് പുതിയ ഭിത്തി നിർമാണം. ഇതിനു പുറമേ 3 ലോഡ് കല്ല് കൂടി ഇതുവരെ ഇറക്കി. 183 എംക്യൂബ് കരിങ്കല്ലാണ് ഭിത്തി നിർമാണത്തിനുള്ള എസ്റ്റിമേറ്റിൽ. പഴയ കല്ല് 40 എംക്യൂബ് വരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും അളവ് കല്ലിനുള്ള പണം കുറയ്ക്കുമെന്ന് അധികൃതർ പറയുന്നെങ്കിലും 100 എംക്യൂബിലേറെ പഴയ കല്ല് പഴയ ഭിത്തി പൊളിച്ചതിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിന്റെ കാശെല്ലാം കരാറുകാരുടെ പോക്കറ്റിലേക്ക് വീഴും.
സിപിഎം പ്രാദേശിക നേതാക്കൾ ഭാരവാഹികളായ തട്ടിക്കൂട്ട് ഗുണഭോക്തൃ കമ്മിറ്റി നവീകരണ ജോലികൾ കരാറുകാരനു മറിച്ച് നൽകി. ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നാണ് ആക്ഷേപം, ജനങ്ങൾക്ക് പ്രയോജന പ്രദമാകുന്ന നിലയിലും, മഴവെള്ളം കുളത്തിലേക്ക് കുത്തിയൊലിച്ച് ഇറങ്ങുന്നത് ഒഴിവാക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നവീകരണത്തിലെ അഴിമതി സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.