726 എഐ ക്യാമറകൾ സ്ഥാപിച്ചിട്ട് 8 മാസം; 236 കോടി ചെലവ്: എന്നുമുതൽ പ്രവർത്തനം തുടങ്ങും?

ai-traffic-camera-1
എഐ ക്യാമറ ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ സീറ്റ് ബെ‍ൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വണ്ടി ഓടിച്ചാൽ കയ്യോടെ പിടികൂടി പിഴ ഈടാക്കുന്നത് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചിട്ട് 8 മാസമായിട്ടും വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം പ്രവർത്തനാനുമതിയായില്ല. 726 ക്യാമറകളാണ് 236 കോടി ചെലവാക്കി കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. 

കെൽട്രോണിനായിരുന്നു പൂർണ ചുമതല. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസം പിന്നിടുന്നു. എന്നാൽ പദ്ധതിയുടെ ആദ്യ ഉത്തരവിൽ ഉണ്ടായ ചില പാകപ്പിഴകളും പദ്ധതിയുടെ ചെലവിൽ ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയ വീഴ്ചകളുമാണ് ക്യാമറകളെ ഫയലുകളിൽ കുരുക്കിയത്. ഒടുവിൽ 6 കോടിയോളം രൂപ കുറയ്ക്കാമെന്ന് കെൽട്രോൺ സമ്മതിച്ചതോടെയാണ് ധനകാര്യ വകുപ്പ് അയഞ്ഞത്. ആദ്യത്തെ ഉത്തരവ് മാറ്റി പുതിയ ഉത്തരവിറക്കാൻ ഫയൽ ഇനി മന്ത്രിസഭാ യോഗം പരിഗണിക്കണം.

5 വർഷത്തിനകം കെൽട്രോണിന് 236 കോടി തിരിച്ചടച്ചാൽ മതിയെന്നായിരുന്നു വ്യവസ്ഥ. 5 വർഷത്തിനിടെ റോഡിൽ വാഹനങ്ങളിൽ നിന്നുള്ള പിഴയായി 450 കോടി രൂപ സർക്കാരിന് വരുമാനം ലഭിക്കുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ വിഭാവനം ചെയ്തിരുന്നത്. ഒരു മാസം 726 ക്യാമറകളിലുമായി 30,000 വാഹനങ്ങളുടെ കുറ്റം കണ്ടെത്തി അറിയിക്കുന്നുണ്ടെങ്കിലും സർക്കാർ തീരുമാനം വരാത്തതിനാൽ പിഴയീടാക്കുന്നതു തുടങ്ങിയിട്ടില്ല. 100 രൂപയാണ് എഐ ക്യാമറയിൽപെടുന്ന കുറ്റകൃത്യങ്ങൾക്ക് പിഴ. ഇൗ കണക്കു പ്രകാരം 3 കോടിയാണ് പിഴയിനത്തിൽ മാസം സർക്കാരിന് വരുമാനം ലഭിക്കേണ്ടിയിരുന്നത്.

മോട്ടർവാഹന വകുപ്പിനു മാത്രമല്ല പൊലീസിനും ഈ ക്യാമറകൾ കൊണ്ട് വിവിധ ഉപയോഗമുണ്ടായിരുന്നു. പ്രധാന പാതകളിലും ജംക്‌ഷനുകളിലും പൊലീസും മോട്ടർ വാഹനവകുപ്പും ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ പകുതിയും പ്രവർത്തിക്കുന്നില്ല. എഐ ക്യാമറകളുടെ വരവ് കാത്തിരിക്കുകയാണ് പൊലീസും മറ്റു സുരക്ഷാ ഏജൻസികളും .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA