വിതുര ∙ പേപ്പാറ വനം വന്യജീവി റേഞ്ചിലെ ബോണക്കാട് വനത്തിനുള്ളിൽ കുടുങ്ങിയ ഗർഭിണിയായ യുവതിയും മക്കളും യുവതിയുടെ കൂട്ടുകാരിയും അടങ്ങുന്ന നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. അനുവാദമില്ലാതെ വനത്തിനുള്ളിലേക്ക് പ്രവേശിച്ചതിനാണു കേസ് . തിങ്കളാഴ്ച രാത്രിയോടെയാണു ബോണക്കാട് വനത്തിനുള്ളിലേക്കു പ്രവേശിക്കുന്നത്. വാഴ്‌വാംതോൽ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നീങ്ങിയ ഇവർക്കു വഴി തെറ്റി. മൊബൈൽ ഫോണിൽ റേഞ്ച് ടി കിട്ടാതെ വന്നതോടെ കാട്ടിൽ കുടുങ്ങിയ. ഒരു രാത്രിയും പകലും അലഞ്ഞ ശേഷം ബോണഫാൾസ് വെള്ളച്ചാട്ടത്തിനു സമീപം മൊബൈലിൽ റേഞ്ച് കിട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പൊലീസ്, ഫയർ ഫോഴ്സ്, വനം ഉദ്യോഗസ്ഥരുടെ 15 അംഗം സംഘം ഇവരെ രക്ഷിക്കാനുള്ള 4 മണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യം ഏറ്റെടുക്കുന്നത്.
ഇവരെ ബോണഫാൾസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും വാഴ്‌വാംതോൽ വെള്ളച്ചാട്ടം വഴി രാത്രിയോടെ കാണിത്തടം ചെക്പോസ്റ്റിലേക്കു കൊണ്ടു വരികയും പിന്നാലെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കു ശേഷം പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിന് ഒടുവിലാണു കേസെടുത്തത്. ഇവരെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി. സംഘം നൽകിയ വിശദീകരണത്തിൽ വനം വന്യജീവി വകുപ്പ് അധികൃതർ തൃപ്തരല്ല. നാലു പേരുടെയും മൊഴികൾ തമ്മിൽ പരസ്പര ബന്ധമില്ലെന്നും അധികൃതർ പറഞ്ഞു.
സംഘം ഉൾവനത്തിൽ അകപ്പെട്ടതിങ്ങനെ...
വിതുര∙ നാലംഗ സംഘം ബോണക്കാട് വനത്തിനുള്ളിൽ അകപ്പെട്ടതിനെ കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ. തിങ്കളാഴ്ച രാവിലെ എട്ടോടെ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നു സംഘം പൊന്മുടിയിലേക്കു പുറപ്പെടുന്നു. പൊന്മുടിയിൽ എത്തിയ സംഘം ഉച്ചയോടെ വിതുരയിൽ എത്തിയ ശേഷം ഓട്ടോറിക്ഷയിൽ വാഴ്‌വാംതോൽ വെള്ളച്ചാട്ടത്തിലേക്കു പോകാനായി കാണിത്തടം ചെക്പോസ്റ്റിൽ എത്തി. സമയം വൈകിയതിനാൽ അധികൃതർ കടത്തി വിടാൻ കഴിയില്ലെന്ന് അറിയിക്കുന്നു. തുടർന്ന് ജഴ്സിഫാം കവാടം ജംക്‌ഷനിലെത്തി ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം കെഎസ്ആർടിസി ബസിൽ ബോണക്കേട്ടേക്കു തിരിച്ചു. അവിടെയെത്തി സമീപത്തെ ചായക്കടയിൽ നിന്നും ചായ കുടിച്ച ശേഷം തൊട്ടുത്ത അരുവിയിൽ ഇറങ്ങി കുളിക്കുന്നു. അരുവിക്കു സമീപം ഇവരെ കണ്ട പ്രദേശവാസികൾ കാര്യങ്ങൾ ആരായുന്നു. വൈകിയ സമയത്ത് ഇവിടെ നിൽക്കരുതെന്ന് ആവശ്യപ്പെടുന്നു.
തുടർന്നു അവരുടെ കണ്ണു വെട്ടിച്ച് ഉൾ വനത്തിലേക്കു പോകുന്നു. വാഴ്‌വാംതോൽ വെള്ളച്ചാട്ടം ലക്ഷ്യം വച്ചു സഞ്ചരിക്കുന്ന ഇവർ രാത്രി കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം പാറപ്പുറത്തു കിടന്നുറങ്ങുന്നു. ചൊവ്വാഴ്ച രാവിലെ യാത്ര തുടർന്ന ഇവർക്കു വഴി തെറ്റുന്നു. തിരികെ നടക്കാൻ ശ്രമിച്ചെങ്കിലും ആശയക്കുഴപ്പത്തിലാകുന്നു. ഇതിനിടെ മൊബൈലിൽ റേഞ്ച് ലഭിക്കുന്നില്ല. കാട്ടരുവികളിൽ നിന്നും വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാത്ത സാഹചര്യത്തിൽ തീർത്തും അവശരാകുന്നു. വീണ്ടും കുറച്ചു ദൂരം അലഞ്ഞു തിരിഞ്ഞ ഇവർ വൈകിട്ടോടെ ബോണക്കാട് ബോണഫാൾസ് വെള്ളച്ചാട്ടത്തിനു സമീപത്ത് എത്തുമ്പോൾ മൊബൈലിൽ റേഞ്ച് ലഭിക്കുകയും പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറിലേക്കു വിളിക്കുകയും ചെയ്യുന്നു. പിന്നാലെയാണു ദൗത്യ സംഘം വനത്തിനുള്ളിലേക്ക് എത്തുന്നത്.