തിരുവനന്തപുരം ∙ അഞ്ചു വയസ്സുകാരിയുടെ ചികിത്സയ്ക്ക് ഇറക്കുമതി ചെയ്ത മരുന്നിന് 7 ലക്ഷം രൂപ ജിഎസ്ടി; ശശി തരൂർ എംപിയുടെ ഇടപെടലിൽ ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്രമന്ത്രിയുടെ നിർദേശം. മരുന്നു ലഭിച്ച കുഞ്ഞിന് ചികിത്സ തുടരും. ഇന്ത്യ റിസർവ് ബറ്റാലിയനിലെ കോൺസ്റ്റബിളിന്റെ മകളാണ് ചികിത്സയിൽ കഴിയുന്നത്. 65 ലക്ഷം രൂപ വിലയുള്ള മരുന്നാണ് കുഞ്ഞിന് ഇമ്യൂണോ തെറപ്പിക്കു കുത്തിവയ്ക്കേണ്ടിയിരുന്നത്.
വിദേശത്തു നിന്ന് മരുന്ന് ഇറക്കുമതി ചെയ്യാൻ കടം വാങ്ങിയും ക്രൗഡ് ഫണ്ടിങ്ങിലൂടെ സഹായം തേടിയുമാണ് പണം കണ്ടെത്തിയത്. എന്നാൽ, മരുന്ന് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ കസ്റ്റംസ് തടയുകയായിരുന്നു.
7 ലക്ഷം രൂപ ജിഎസ്ടി അടയ്ക്കാൻ വഴിയില്ലാത്തതിനാൽ ഈ മാസം 16 ന് കുടുംബം ശശി തരൂർ എംപിയോട് സഹായം അഭ്യർഥിച്ചു. അവശ്യ മരുന്നിനു ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിക്കു കത്തെഴുതി. 10 ദിവസം കഴിഞ്ഞും നടപടിയുണ്ടായില്ല. മരുന്ന് കൂടുതൽ കാലം തടഞ്ഞുവച്ചാൽ കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമാകുമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമനെ നേരിട്ടു ഫോണിൽ അറിയിച്ചു.
തുടർന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് കേന്ദ്ര എക്സൈസ് ആൻഡ് കസ്റ്റംസ് ബോർഡ് ചെയർമാൻ വിവേക് ജോഹ്‌രിയെ വിളിച്ച് മരുന്നിന് ജിഎസ്ടി ഇളവു നൽകാൻ നിർദേശം നൽകുകയായിരുന്നു. ഇക്കാര്യം വിവേക് ജോഹ്‌രി തന്നെ എംപിയെ വിളിച്ച് അറിയിച്ചു. രാത്രി 7 മണിയോടെ നടപടികളെല്ലാം പൂർത്തിയാക്കി മരുന്നിന് ജിഎസ്ടി ഒഴിവാക്കി ഉത്തരവിറങ്ങിയതായി ശശി തരൂർ എംപി അറിയിച്ചു.