പോത്തൻകോട് ∙ ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർഥിനിയെ നടുറോഡിൽ വച്ച് അതിക്രൂരമായി മർദിച്ച നാലംഗ സംഘത്തിൽ ഒരാളെക്കൂടി പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. ചേങ്കോട്ടുകാണം എസ്എൻ പബ്ലിക് സ്കൂളിനു സമീപം പ്ലാവില വീട്ടിൽ നിന്നും അണിയൂർ പറയ്ക്കോട്ടുകോണത്ത് രാഗസുധയിൽ വാടകയ്ക്കു താമസിക്കുന്ന എം. ദീപുലാൽ ( 34 ) ആണ് അറസ്റ്റിലായത്. സംഭവത്തിനു ശേഷം ദീപുലാൽ ഒളിവിലായിരുന്നു. ബുധനാഴ്ച വൈകിട്ട് ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ഇന്നലെ വൈകിട്ട് സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. സംഭവത്തിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. 2010ൽ കാട്ടായിക്കോണത്ത് ഓണപ്പരിപാടിക്കിടെ ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും ഇതിൽ റജി എന്നയാണ് മർദനമേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ദീപുലാൽ. 2015ൽ ആയുധം കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനും പോത്തൻകോട് സ്റ്റേഷനിൽ കേസുണ്ട്. 2022 ജൂണിൽ ചെമ്പഴന്തിയിൽ ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ച കേസിലും പ്രതിയാണ് . കൂടാതെ കഴക്കുട്ടം കോവളം, വിഴിഞ്ഞം സ്റ്റേഷനുകളിലും ദീപുലാലിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒന്നും രണ്ടും പ്രതികളായ കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ (28), പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31) എന്നിവരെ സംഭവം നടന്ന് അടുത്ത ദിവസം തന്നെ ഒളിസങ്കേതത്തിൽ നിന്നും അറസ്റ്റു ചെയ്തിരുന്നു. ഇക്കഴിഞ്ഞ 9ന് ചേങ്കോട്ടുകോണം ജംക്‌ഷനു സമീപം വൈകിട്ട് 4.10ഓടെയായിരുന്നു സംഭവം.
ക്ലാസുകഴിഞ്ഞ് സ്കൂൾ യൂണിഫോമിൽ കൂട്ടുകാരുമൊത്തു ബസ് സ്റ്റോപ്പിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ തലമുടിയിൽ പിടിച്ചതിന് പ്രതികരിച്ചെന്ന കാരണത്താലായിരുന്നു നാലംഗ ക്രിമിനൽ സംഘം ക്രൂരമായി മർദിച്ചത്. തടയാനെത്തിയ സഹപാഠിയെ കഴുത്തു ഞെരിച്ച് ദൂരെയെറിയുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരുക്കേറ്റിരുന്നു.