ADVERTISEMENT

പാലോട്∙ സബ് റജിസ്ട്രാർ ഓഫിസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് 2009ൽ പാലോട് ടൗണിൽ അരങ്ങേറിയ പൊലീസ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ടു വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിന്നുള്ള 38 പേർക്കെതിരെ പൊലീസ് എടുത്ത കേസിൽ 36പേരെയും നെടുമങ്ങാട് വനം കോടതി വെറുതേ വിട്ടു. രണ്ടു പേർ യഥാസമയം ഹാജരാക്കതിനാൽ കോടതി മാറ്റിനിർത്തി. വിവിധ ഘട്ടങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥർ അടക്കം 68 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചിട്ടും നാട്ടുകാർ കുറ്റം ചെയ്തതായി തെളിയിക്കാൻ കഴിഞ്ഞില്ല.

thiruvananthapuram-news-paper
ലാത്തിച്ചാർജിനെ തുടർന്ന് പിറ്റേ ദിവസത്തെ മനോരമ വാർത്ത

അഡ്വ. ഷാജുദ്ദീൻ, ബിആർഎം ഷഫീർ എന്നിവരാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്.  2009 ഒക്ടോബർ 18നാണ് കേസിന് ആധാരമായ സംഭവം. ഇത്  ഇന്നും ജനങ്ങളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നുങ്ങളും ഒരു നാട്ടിൻപുറത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഭീകര ലാത്തിച്ചാർജാണ് പൊലീസ് അഴിച്ചുവിട്ടത്.

വർഷങ്ങളായി പെരിങ്ങമ്മല പഞ്ചായത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് റജിസ്ട്രാർ ഓഫിസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നന്ദിയോട് പഞ്ചായത്തിലെ ആശുപത്രി ജംക്‌ഷനിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ പാലോട് സമര സമിതി രൂപീകരിച്ചു. പല തവണ  ഓഫിസ് മാറ്റാൻ ശ്രമിച്ചപ്പോഴും എതിർപ്പു കാരണം നടന്നില്ല. ഒക്ടോബർ 18ന് വലിയ പൊലീസ് സന്നാഹത്തോടെ ഓഫിസ് മാറ്റാൻ ശ്രമം നടന്നതോടെ  ഉന്തും തള്ളുമായി. ഇതിനിടെ ഏതോ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കല്ലു പതിച്ചു അന്നത്തെ നെടുമങ്ങാട് ഡിവൈഎസ്പി സുകേശനു പരുക്കേറ്റു.തുടർന്നാണ്  പൊലീസ് കനത്ത ലാത്തിച്ചാർജ് അഴിച്ചുവിട്ടത്.അതിനിടെ  പല കോണുകളിൽ നിന്നും  വീണ്ടും കല്ലേറുണ്ടായി. 

അരിശം പൂണ്ട പൊലീസ് കണ്ണിൽ കണ്ടവരെയെല്ലാം വളഞ്ഞിട്ടു തല്ലി, കടകളിലും വീടുകളിലും അഭയം തേടിയവരെ അകത്തു കയറി തല്ലിച്ചതച്ചു. റോഡിൽ പാർക്ക് ചെയ്തിരുന്ന നിരപരാധികളുടെ വാഹനങ്ങൾ വരെ അടിച്ചു തകർത്തു. ടൗണിൽ ഭീകരാന്തരീക്ഷം  സൃഷ്ടിച്ചു. പൊലീസിന്റെ ഭീകരമുഖം കണ്ട പലരും തളർന്നു വീണു. കല്ലേറിൽ അനവധി നാട്ടുകാർക്കും 21 പൊലീസുകാർക്കും പരുക്കേറ്റിരുന്നു. പിന്നീട് പൊലീസിനെ ആക്രമിച്ചു എന്ന കുറ്റം ചുമത്തി സമര സമിതിയിലെ മുപ്പത്തി എട്ടോളം പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നീണ്ട പതിനാലു വർഷം കേസു നടന്നു. അതിനിടെ പലരും മരിച്ചു.ഒടുവിൽ ഇന്നലെയാണ്  നാട്ടുകാരെ തേടി ആശ്വാസ വിധിയെത്തിയത്.

മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി. രഘുനാഥൻനായർ, എ. ഇബ്രാഹിംകുഞ്ഞ്, സിപിഎം ലോക്കൽ സെക്രട്ടറി ജോർജ് ജോസഫ്, എ.എം. മുസ്തഫ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. പവിത്രകുമാർ, ബിജെപിയിലെ മാമൂട് തുളസി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഡി. കുട്ടപ്പൻനായർ, ഗാർഡർ സ്റ്റേഷൻ സ്വദേശികളായ ഇബ്രാഹിം കബീർ, മുബാറക് താജുദ്ദീൻ, ഷെനിൽ റഹിം അടക്കമുള്ള അനവധി പേർ പ്രതികളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com