
തിരുവനന്തപുരം ∙ കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ തുടർനടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നൽകി സിപിഎം. സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ ‘ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല’ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജൻ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. മൂന്നു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ല. ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുളള കണ്ണൂരിലെ ആയുർവേദ റിസോർട്ട് നിർമാണത്തിനു പിന്നിൽ അനധികൃത സ്വത്ത് സമ്പാദനം നടന്നതായി ഡിസംബറിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ ആരോപണം ഉന്നയിച്ചതു ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഗോവിന്ദനെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്നെന്ന് സ്വപ്ന സുരേഷ്

കൊച്ചി ∙ സിപിഎം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മറുപടി നൽകി. എം.വി.ഗോവിന്ദൻ അയച്ച വക്കീൽ നോട്ടിസിനുള്ള മറുപടിയിലാണു സ്വപ്ന അദ്ദേഹം ആരാണെന്നോ പാർട്ടിയിലെ പദവി എന്താണെന്നോ മുൻപ് അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയത്. മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്ന ഒരു കോടിയുടെ 10% കോടതിയിൽ കെട്ടിവച്ച് അദ്ദേഹം കേസു നടത്തുമോ എന്നറിയാൻ കാത്തിരിക്കുന്നു.
എം.വി.ഗോവിന്ദനെക്കുറിച്ചു വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ഗോവിന്ദൻ ആരാണെന്ന് അറിയാത്ത സാഹചര്യത്തിൽ സമൂഹത്തിൽ അദ്ദേഹത്തിനു നല്ലപേരുണ്ടെന്നോ അതിനു കോട്ടം തട്ടുമെന്നോ തനിക്കറിയില്ല.കേസിൽ നിന്നും വെളിപ്പെടുത്തലുകളിൽ നിന്നും തന്നെ പിന്മാറ്റാൻ വിജേഷ് പിള്ളയെ അയച്ചത് എം.വി.ഗോവിന്ദനാണെന്ന് ആരോപിച്ചിട്ടില്ല. അങ്ങനെ വിജേഷ് പിള്ള അവകാശപ്പെട്ട കാര്യമാണു താൻ പറഞ്ഞതെന്നു സ്വപ്ന കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ അദ്ദേഹം അയച്ച വക്കീൽ നോട്ടിസിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സ്വപ്ന മറുപടി നൽകി.