ADVERTISEMENT

വിതുര∙ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവധിക്കാലം ചെലവഴിയ്ക്കാൻ കുട്ടികളുടെ പ്രഥമ പരിഗണന മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി തന്നെ. ഏപ്രിൽ പിറന്ന ശേഷം ഇവിടേയ്ക്കെത്തിയ സംഘങ്ങളിൽ ഏറിയ കൂറും കുട്ടികൾ കൂടി ഉൾപ്പെട്ടതാണെന്നു അധികൃതർ പറയുന്നു. പഠന ഭാരം ഇറക്കി വച്ചു മാതാ പിതാക്കളുടെ കൈ പിടിച്ചു പ്രകൃതിയുടെ മാസ്മരികത നുണയാനെത്തുന്ന കുട്ടികളുടെ മുഖത്ത് അല തല്ലുന്നതു നിറ പുഞ്ചിരി മാത്രം. 

തൊട്ടടുത്തു നിൽക്കുന്ന ആളെ പോലും കാണാനാവാത്ത വിധം കോട മഞ്ഞിറങ്ങുന്ന പ്രതിഭാസത്തിൽ നിന്നും അൽപം അകലെയാണു ഇത്തവണ പൊന്മുടിയെങ്കിലും ജില്ലയുടെ മറ്റിടങ്ങളെ അപേക്ഷിച്ചു ചൂട് ഇവിടെ താരതമ്യേന കുറവാണ്. എപ്പോഴും തെളിഞ്ഞ കാലാവസ്ഥ. ഉച്ച തിരിയുമ്പോൾ ചെറിയ തോതിൽ മഞ്ഞിറങ്ങും. മുഴുവൻ സമയവും തണുത്ത കാറ്റ്. 

അപ്പർ സാനിറ്റോറിയത്തിലെ നിരന്ന പാറക്കെട്ടാണു കുട്ടികൾക്കു ഏറെ പ്രിയപ്പെട്ടതെന്നു തോന്നുന്നു. അസംഖ്യം കുരുന്നുകൾ ഈ പാറക്കെട്ടുകളിലൂടെ തുള്ളിച്ചാടി നടക്കുന്നതു സ്ഥിരം കാഴ്ചയാണ്. ഒളിച്ചു കളിയും തൊട്ടു കളിയുമുൾപ്പടെ നാടൻ ചന്തം വിളമ്പുന്ന അനവധി കുട്ടിക്കളികൾ പൊന്മുടിയിൽ ധാരളം. കുട്ടികളുടെ ആഘോഷങ്ങളിൽ കൈ കോർക്കുന്ന കുട്ടിത്തം വിട്ടു മാറാത്ത മുതിർന്നവരും പതിവ് കാഴ്ചയാകുന്നു. 

പൊന്മുടി വന സംരക്ഷണ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ സുസജ്ജമാണ്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ സദാ ഇവർ ശ്രദ്ധാലുക്കളാണ്. മദ്യവും സിഗരറ്റും ഇപ്പോഴും പൊന്മുടിയ്ക്കു അന്യമായി തന്നെ തുടരുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ഇവർ പ്രത്യേക പരിശോധന തുടർന്നു കൊണ്ടേയിരിക്കുന്നു.

ഈസ്റ്റർ ദിനമായ നാളെ മുതൽ തിരക്ക് കൂടുമെന്നാണു വിലയിരുത്തൽ. വിഷു ദിനങ്ങളിലും തിരക്ക് ഉയർന്നേക്കും.നോമ്പ് കാലം കഴിയുന്നതോടു കൂടി ഈ വർഷത്തിലെ ഏറ്റവും വലിയ തിരക്കിനു പൊന്മുടി സാക്ഷ്യം വഹിച്ചേക്കും എന്നാണു പ്രതീക്ഷ. കോവിഡ് കാലവും മോശം കാലാവസ്ഥയും റോഡ് തകർച്ചയും മൂലം ഏറെ നാൾ അടഞ്ഞു കിടന്ന പൊന്മുടി തിരക്ക് നിറഞ്ഞ പ്രതാപ കാലത്തിലേക്കു മടങ്ങി കൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com