ADVERTISEMENT

തിരുവനന്തപുരം ∙  സാമൂഹിക വിരുദ്ധരും ഗുണ്ടകളും അതിക്രമം തുടരുമ്പോഴും ജില്ലയിൽ പൊലീസ് നിഷ്ക്രിയം.  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ മറ്റൊരു നേർക്കാഴ്ചയായി അരിസ്റ്റോ ജംക്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രി നടന്നത്. പാറ്റൂർ മൂലവിളാകത്ത് സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി എവിടെയെന്നറിയാതെ വലയുകയാണ് പൊലീസ്. അതിനിടയിലാണ് തമ്പാനൂരിൽ സ്ത്രീകൾക്കെതിരെ നേരെ വീണ്ടും അതിക്രമം ഉണ്ടായത്. 

സാമൂഹിക വിരുദ്ധരെ‌യും ഗുണ്ടകളെയും പിടികൂടാനായി സിസിടിവികളെ മാത്രം പൊലീസ് ആശ്രയിച്ചു തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നു ആരോപണമുണ്ട്. ജില്ലയിലെ മണൽ കടത്ത് ക്വാറി മാഫിയകളും പൊലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് മുൻപ് പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് പാറ്റൂർ ജംക്‌ഷനിൽ കാറിൽ സ‍ഞ്ചരിച്ച നാലംഗ സംഘത്തെ ആക്രമിച്ച ഗുണ്ട ഓംപ്രകാശിനെ പിടികൂടാൻ  ഇതു വരെ സാധിച്ചിട്ടില്ല. ഇയാളെ തിരക്കി പൊലീസ് പല സംസ്ഥാനങ്ങളിലും പോയെങ്കിലും കിട്ടിയില്ല. ഇയാൾക്ക് വിവരങ്ങൾക്ക് ചോർത്തി നൽകാൻ പൊലീസിൽ തന്നെ ചാരന്മാർ ഉണ്ടെന്നാണ് വിവരം. ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടും പൊലീസിനു ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല.

ക്വാറി മണൽ മാഫിയകളിൽ നിന്ന് പടി പറ്റിയ പൊലീസുകാരെ പല തവണ മാറ്റി നിയമിച്ചിട്ടും നഗരത്തിലെ അക്രമങ്ങൾക്ക് അറുതി വരുത്താൻ സാധിക്കാത്തത് പൊലീസിന് തലവേദനയായി മാറിയിട്ടുണ്ട്. ഇതിനൊപ്പം പൊലീസ് ബീറ്റ് സംഘങ്ങളും രാത്രി പട്രോളിങ് ടീമും നിർജീവമായതും അക്രമികൾക്ക് തുണയാകുന്നു. അക്രമം നടക്കുന്നതിനു മുൻപ് സ്ഥലത്ത് എത്തേണ്ട പൊലീസ് സംഘം പരാതി നൽകിയാലും ഇടപെടാത്ത സംഭവങ്ങളും അനവധിയാണ്. അക്രമങ്ങളും അനിഷ്ട സംഭവങ്ങളും മുൻകൂട്ടി റിപ്പോർട്ട് ചെയ്യേണ്ട സ്പെഷൽ ബ്രാഞ്ച് സംഘങ്ങളും നിഷ്്ക്രിയമാണ്. വാഹനങ്ങളിൽ എത്തിയും അല്ലാതെയും സ്ത്രീകളെ ആക്രമിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. സിസിടിവി പരിശോധിച്ച് വണ്ടി  നമ്പർ വഴി അക്രമികളിൽ ചിലരെ പിടികൂടാൻ സാധിക്കുന്നുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് വീഴ്ച തുടരുകയാണ്.

വീടിനു നേരെ ബോംബാക്രമണം: ഗുണ്ടാസംഘം അറസ്റ്റിൽ 

തിരുവനന്തപുരം∙ വീടിനു നേർക്ക് ബോംബ് ആക്രമണം നടത്തിയ കേസിൽ ഗുണ്ടാ സംഘം അറസ്റ്റിലായി. കണ്ണാന്തുറ സ്വദേശി റൂബൻ സ്റ്റാൻലി (21), ബാല നഗർ സ്വദേശി സഫർ (21), തുമ്പ പള്ളിത്തുറ സ്വദേശി അഖിൽ അജയകുമാർ (22) , വെട്ടുകാട് സ്വദേശി സജിൻ എന്നു വിളിക്കുന്ന കണ്ണപ്പൻ (22) എന്നിവരാണ് പിടിയിലായത്. പേട്ട ഏറുമല അപ്പൂപ്പൻ കോവിലിനു സമീപം യുവാവിനെ ആക്രമിക്കുവാൻ എത്തിയ സംഘം വീടിനു നേരെ ബോംബ് എറിയുകയായിരുന്നു. പേട്ട , വലിയതുറ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ  റൂബൻ, സഫർ എന്നിവർ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. അഖിൽ ഒട്ടേറെ ബോംബേറ് കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.     ശംഖുമുഖം എസി പ്യഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ്എച്ച്ഒ രതീഷ്, പേട്ട എസ്എച്ച്ഒ സാബു തുടങ്ങിയവർ ഉൾപ്പെട്ട  സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കുമെന്നു എസി പൃഥ്വിരാജ് അറിയിച്ചു.

വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം

മലയിൻകീഴ് ∙ റോഡരികിൽ സ്കൂട്ടർ നിർത്തി ഫോൺ ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല പിന്നാലെ സ്കൂട്ടറിൽ എത്തിയയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. പിടിവലിക്കൊടുവിൽ മാല പൊട്ടി റോഡിൽ വീണതോടെ ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. വിളവൂർക്കൽ മലയം ഷിജി ഭവനിൽ ഷിജിയുടെ 5 പവന്റെ മാലയാണ് കവരാൻ ശ്രമം നടന്നത്. മലയിൻകീഴ് – പാപ്പനംകോട് റോഡിൽ പാമാംകോട് ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കൺസ്ട്രക്‌ഷൻ കമ്പനിയിലെ ജോലി കഴിഞ്ഞ് പള്ളിച്ചൽ ഭാഗത്തു നിന്നും വന്ന ഷിജി ഫോൺ റിങ് ചെയ്തതിനെ തുടർന്നാണ് പാമാംകോട് എത്തിയപ്പോൾ വാഹനം നിർത്തിയത്. ഇതിനിടെയാണ് ഹെൽമറ്റ് ധരിച്ച് ചുവന്ന സ്കൂട്ടറിൽ എത്തിയ ആൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്. മാല പൊട്ടി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഷിജിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരാതിയിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്തു. സ്കൂട്ടറിൽ വന്നയാൾ ഷിജിയെ ഏറെ നേരം പിന്തുടർന്ന് എത്തിയതാണെന്ന് സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഇൻസ്പെക്ടർ ടി.വി.ഷിബു പറഞ്ഞു.

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദനം

വിഴിഞ്ഞം ∙ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് സ്വർണവും പണവും ഫോണും കവരുകയും നഗ്ന വിഡിയോ പകർത്തുകയും ചെയ്ത കേസിൽ പിടിയിലാകാനുള്ള മുഖ്യപ്രതി ഷാഫിയുൾപ്പെടെ ശേഷിച്ച പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ്. വിഴിഞ്ഞം, കോവളം എസ്എച്ച്ഒ മാരുടെ നേതൃത്വത്തിലുള്ള സംഘം സമീപ ജില്ലകളിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചതായി ഫോർട്ട് അസി. കമ്മിഷണർ എസ്. ഷാജി അറിയിച്ചു.

മുഖ്യപ്രതി ഷാഫിക്കായി തിരച്ചിൽ നടത്തുന്നതിനിടെ അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാൾ‌ ചൊവ്വാഴ്ച അർധ രാത്രി വിഴിഞ്ഞത്തെ വീട്ടിലെത്തി ഭാര്യയെയുൾപ്പെടെ ആക്രമിച്ചു മുങ്ങിയിരുന്നു. ഫോൺ സ്വിച്ച്ഡ് ഓഫ് ആയത് തിരച്ചിലിനെ ബാധിച്ചു.  ഷാഫിയെ കൂടാതെ 2 പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങൽ ഊരുപൊയ്ക നിവാസി അനൂപിനു മർദനമേറ്റ കേസിൽ കോയമ്പത്തൂർ സ്വദേശിനി പൂർണിമ(23), തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26) എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിരുന്നു. 9ന് ആണ് അനൂപിനെ തെന്നൂർക്കോണത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി സംഘം മർദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com