ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണെന്നു മാത്രമല്ല, ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ അഭിമാനകരമായ പദ്ധതിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കൊച്ചിയുടെ ഗതാഗത, വിനോദസഞ്ചാര മേഖലകൾക്കു പുതിയ കുതിപ്പേകുന്ന പദ്ധതിക്ക് 1,136.83 കോടി രൂപയാണു ചെലവ്. ആദ്യ ഘട്ടമായാണ് ഹൈക്കോർട്ട്– വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില–കാക്കനാട് ടെർമിനലുകളിൽ നിന്നും സർവീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽ പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. 

വാട്ടർ മെട്രോ
വാട്ടർ മെട്രോ

വൈറ്റിലയിൽ നിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട് എത്താനാകും. പദ്ധതി പൂർണതോതിൽ സജ്ജമാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവീസ് നടത്താനാകും.കൊച്ചിൻ കപ്പൽ നിർമാണശാലയാണ് വാട്ടർ മെട്രോയ്ക്കുള്ള ബോട്ടുകൾ തയാറാക്കുന്നത്. ഇലക്ട്രിക്– ഹൈബ്രിഡ് ബോട്ടുകൾ ഇതിനോടകം രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ഉൾപ്പെടെ ബോട്ടുകളുമായി ഒരേ ലവലിൽ നിൽക്കാൻ കഴിയുന്ന ഫ്ലോട്ടിങ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്.

വാട്ടർ മെട്രോ
വാട്ടർ മെട്രോ

പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇത്തരം സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണു കൊച്ചി വാട്ടർ മെട്രോ ഒരു സംയോജിത ജലഗതാഗത സംവിധാനമാണെന്നു പറയുന്നത്.ആദ്യ ഘട്ടത്തിൽ തന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്കു യാത്ര ചെയ്യാനാകും. ഇതു കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും കാർബൺ ഫുട്പ്രിന്റും കുറയ്ക്കാൻ സഹായിക്കും. പദ്ധതി പൂർണസജ്ജമാകുന്നതോടെ പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 44,000 ടണ്ണിന്റെ കുറവു വരുത്താൻ കഴിയും.– അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com