ADVERTISEMENT

പാറശാല∙ബവ്കോ മദ്യവിൽപന ശാലയ്ക്കു എതിരെ നടന്ന പ്രതിഷേധ സമരത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകരെ പെ‍ാലീസ് തടഞ്ഞത് വാക്കേറ്റത്തിനും ലാത്തി അടിക്കും ഇടയാക്കി. സമരത്തിനിടയിൽ രക്ത സമ്മർദം താഴ്ന്ന് കുഴഞ്ഞു വീണ കാരോട് പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇന്നലെ രാവിലെ പഴയഉച്ചക്കടയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മദ്യ വിൽപന ശാലയ്ക്കു മുന്നിൽ 9.00 മണി മുതൽ ആണ് സമരങ്ങൾക്ക് തുടക്കം.

പ്രതിഷേധക്കാരുടെ കണ്ണു വെട്ടിച്ച് തിങ്കൾ രാത്രി ലോഡ് ഇറക്കിയ ശേഷം വിൽപന ആരംഭിച്ചതു മുതൽ വിൽപന ശാലയ്ക്കു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ സമരം ശക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥാപനത്തിനു മുന്നിൽ എത്തി മുദ്രാവാക്യം മുഴക്കുകയും മദ്യം വാങ്ങാൻ എത്തിയവരെ തടയുകയും ചെയ്തു. 

 വിൽപന ശാലയ്ക്കു അകത്തേക്ക് കയറാൻ പ്രവർത്തകർ ശ്രമിച്ചത് പെ‍ാലീസ് തടഞ്ഞു. സമരത്തിനിടയിൽ മദ്യം വാങ്ങാൻ എത്തിയവരും പ്രതിഷേധക്കാരുമായി വാക്കേറ്റം ഉണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ പെ‍ാലീസ് ലാത്തി വീശിയതോടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.

മാറിപ്പോയ പ്രവർത്തകനെ പിന്നിൽ നിന്ന് ഒരു പെ‍ാലീസുകാരൻ പ്രകോപനമില്ലാതെ തലയിൽ അടിക്കുക ആയിരുന്നു. സമരം കൂടുതൽ ശക്തമാകുന്നതിനു ഇടയിൽ ആണ് നേതൃനിരയിൽ ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ രക്തസമ്മർദം താഴ്ന്ന് കുഴഞ്ഞു വീണത്. 

  പ്രസിഡന്റിനെ പെ‍ാലീസ് വാഹനത്തിൽ ഉടൻ പാറശാല ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി മോശമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകരെ പെ‍ാലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതോടെ ആണ് സമരം അവസാനിച്ചത്. തീരദേശ സാമിപ്യമുള്ള പ്രദേശത്തെ സൈര്യ ജീവിതത്തിനു ഭീഷണിയാകുന്ന മദ്യ വിൽപന ശാല എത്തിച്ചത് പെ‍ാലീസിന്റെ സഹായത്തോടെ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളാണെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തിങ്കൾ രാത്രി മദ്യ വിൽപന ശാല ആരംഭിച്ച ശേഷം റോഡിൽ നിന്ന് ആൾക്കാരെ വിളിച്ച് വരുത്തിയത് എതാനും സിപിഎം അനുഭാവികളാണ്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ തെളിവായി നിരത്തി.   

മദ്യ വിൽപന ശാലയ്ക്കു മുന്നിൽ നിന്ന് ആൾക്കാരെ വിളിച്ച് കയറ്റുന്ന ദൃശ്യം പ്രാദേശിക വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഇന്നലെ വൈറൽ ആയിരുന്നു. കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.ശ്രീധരൻ നായർ, വൈസ് പ്രസിഡന്റ് സി.റാബി, കാരോട് മണ്ഡലം പ്രസിഡന്റ് സിദ്ധാർഥൻ നായർ, സി.എ ജോസ്, വാർഡ് അംഗങ്ങളായ പെ‍ാഴിയൂർ വിജയൻ, ടി.ആഗ്നസ്, അജിത, യൂത്ത് കോൺഗ്രസ് നേതാക്കളായ മാറാടി സനിൽ, എസ്.കെ അനു, രതീഷ് ബാബു തുടങ്ങിയവർ പ്രതിഷേധങ്ങൾക്ക് നേത‍ൃത്വം നൽകി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com