ADVERTISEMENT

ആറ്റിങ്ങൽ ∙ മേനംകുളം കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിനിടയിൽ കെട്ടിടാവശിഷ്ടങ്ങൾ തകർന്നു വീണ് മരിച്ച അഗ്നിരക്ഷാ സേനാംഗം ആറ്റിങ്ങൽ കരിച്ചിയിൽ ജെഎസ് നിവാസിൽ ജെ.എസ്.രഞ്ജിത്തിന് നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ വൈകിട്ട് മൂന്നോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാടിന്റെ നാനാതുറകളിലുള്ള നൂറു കണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു. മാതാപിതാക്കളായ സിന്ധുവിനെയും ജയകുമാരൻനായരെയും എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കൾ വിഷമിച്ചു.

രണ്ടാഴ്ച മുൻപ് സഹോദരൻ ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞ ശേഷം രഞ്ജിത്തിന്റെ വിവാഹാലോചനകൾ തുടങ്ങാനിരിക്കെയാണ് ദുരന്തം. നാട്ടിലെ ഏത് പൊതു പരിപാടികൾക്കും രഞ്ജിത്ത് മുന്നിലുണ്ടാകുമായിരുന്നു. ഒഴിവു സമയങ്ങളിൽ പ്രദേശത്തെ കുട്ടികൾക്കൊപ്പം കായിക പരിശീലനത്തിനുമുണ്ടാകും.മന്ത്രി ആന്റണി രാജു, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ഫയർഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ,

ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവർ അഗ്നിരക്ഷാ സേനാ ആസ്ഥാനത്ത് എത്തി അന്ത്യാഞ്ജലിയർപ്പിച്ചു. രഞ്ജിത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഫയർഫോഴ്സ് റീജനൽ ഓഫിസർ പി. ദിലീപൻ, ജില്ല ഓഫിസർ എസ്. സൂരജ് ആറ്റിങ്ങൽ നഗരസഭാധ്യക്ഷ എസ്.കുമാരി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

fire-broke-out-in-thumba-kinfra-ranjith1
ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം തന്റെ സ്റ്റേഷനായ ചാക്ക ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചപ്പോൾ അപകട സമയത്തു കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ വിങ്ങിപ്പൊട്ടുന്നു. ചിത്രം: മനോരമ

കണ്ണീർനനവിൽ സഹപ്രവർത്തകർ

ആറ്റിങ്ങൽ∙ മിനിറ്റുകൾ മുൻപ് വരെ തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന രഞ്ജിത്തിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ സഹപ്രവർത്തകർ വിതുമ്പി. രഞ്ജിത്തിന്റെ വീട്ടിലെത്തിയ സഹപ്രവർത്തകരിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. രഞ്ജിത്ത് ജോലി നോക്കിയിരുന്ന ചാക്ക അഗ്നി രക്ഷാ നിലയത്തിലെ ഒരു യൂണിറ്റിലുള്ള അഞ്ചു പേരൊഴികെ മുഴുവൻ പേരും സ്റ്റേഷൻ ഓഫിസർ എസ്. ജെ. സജിത്തിന്റെ നേതൃത്വത്തിൽ മൃതദേഹത്തെ വീട്ടിലേക്ക് അനുഗമിച്ചു. ഹോംഗാർഡ് അംഗങ്ങൾ, സെൽഫ് ഡിഫൻസ് ടീം അംഗങ്ങൾ അമൃത മിത്ര വനിതാ വൊളന്റിയർമാർ എന്നിവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു

tvm-fire-accident1
(1) ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം ചാക്ക ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിനുശേഷം ആറ്റിങ്ങലിലെ വീട്ടിലേയ്ക്ക് പുറപ്പെട്ടപ്പോൾ ആദരസൂചകമായി വാട്ടർ സല്യൂട്ട് നൽകി യാത്രയാക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ (2) രഞ്ജിത്തിന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവരുന്നു.

അപകടം നടക്കുമ്പോൾ രഞ്ജിത്തിന്റെ സമീപമുണ്ടായിരുന്ന ചാക്ക ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, ഷാജി, രതീഷ് മോഹൻ, ആകാശ് , പൊൻരാജ്, അസി. സ്റ്റേഷൻ ഓഫിസർ വിജയകുമാർ , കഴക്കൂട്ടം സ്റ്റേഷൻ ഓഫിസർ ഗോപകുമാർ, ചെങ്കൽചൂള അസി. സ്റ്റേഷൻ ഓഫിസർ മധു എന്നിവർക്ക് ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപെട്ട രഞ്ജിത്തിനെ മൂന്ന് മിനിറ്റിനുള്ളിൽ കൂടെയുണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേഷനിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായിരുന്നു രഞ്ജിത്. ഒഴിവ് സമയങ്ങളിൽ സ്റ്റേഷന്റെ പറമ്പിലെ സഹപ്രവർത്തകരുടെ ക്രിക്കറ്റ് കളിക്ക് ചുക്കാൻ പിടിക്കുന്നത് രഞ്ജിത്ത് ആണെന്ന് സഹപ്രവർത്തകർ വിതുമ്പലോടെ ഓർക്കുന്നു.

എട്ടിലേറെ സേനാംഗങ്ങൾക്ക് പൊള്ളൽ

കഴക്കൂട്ടം ∙ കിൻഫ്ര പാർക്കിലെ കെഎംഎസ്‍സിഎൽ മരുന്നു സംഭരണശാലയിൽ തീ പിടിത്തത്തിനിടയിൽ അപകടത്തിൽപ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ എട്ടിലേറെ അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു. ഗോഡൗണിൽ തീ പടർന്നതോടെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി. 

ഗോഡൗൺ ഷട്ടർ ഇട്ട് പൂട്ടിയിരുന്നതിനാൽ ഇരുമ്പ് ഷട്ടർ തുറക്കാതെ തീ അണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അപകടത്തിൽ മരിച്ച ചാക്ക യൂണിറ്റിലെ ഫയർ ഓഫിസർ രഞ്ജിത്തും കൂട്ടരും ഇരുമ്പു പാര കൊണ്ട് ഷട്ടറിന്റെ പൂട്ട് തകർക്കുമ്പോഴാണ് ഭിത്തിയുടെ ഒരു വശം ഇടിഞ്ഞു വീണത്. അതിനടിയിൽപ്പെട്ട രഞ്ജിത്തിനെ പുറത്തെടുക്കാൻ വിഴിഞ്ഞം യൂണിറ്റിലെ സ്റ്റേഷൻ ഓഫിസർ ടി.കെ. അജയ്, മറ്റു യൂണിറ്റുകളിൽ നിന്ന് എത്തിയ ശ്രീകാന്ത്, ഷാജി, രതീഷ് മോഹൻ, ആകാശ്, പൊൻരാജ്, സജിത്ത്, വിജയകുമാർ തുടങ്ങിയവർ ശ്രമിക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്. 

തീപിടിത്തം ഉണ്ടായതിന്റെ തലേന്ന് സന്ധ്യയോടെ ശക്തമായ മഴ പെയ്തിരുന്നു. അതുകൊണ്ടു തന്നെ സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരുന്നത് ഒരു പരിധിവരെ ഒഴിവായി. ജില്ലയിലെ മിക്ക ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ രാവിലെ 7 വരെ വെള്ളം ചീറ്റിയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.

ധീര സേനാംഗങ്ങളിൽ ഇനി രഞ്ജിത്തും എം.എ.അനൂജ്

തിരുവനന്തപുരം ∙ സഹജീവികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരിൽ പതിമൂന്നാമനായി ജെ.എസ്.രഞ്ജിത്. ഇന്നലെ പുലർച്ചെ കിൻഫ്ര പാർക്കിലെ കെഎംഎസ്‍‍സിഎൽ ഗോഡൗണിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടയിൽ കെട്ടിടം തകർന്നു വീണു മരിച്ച ചാക്ക അഗ്നിരക്ഷാ േസനാ യൂണിറ്റിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത് ഇനി ഫയർ ഫോഴ്സ് ആസ്ഥാനത്തെ ധീര സേനാംഗങ്ങളുടെ ഫലകത്തിൽ പതിമൂന്നാമത്തെ പേരാകും.

tvm-fire-accident
(1) തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിനു തീപിടിച്ചപ്പോൾ. കെട്ടിടത്തിനു മുന്നിലെ ചുമരും ബീമും വീണാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം സംഭവിച്ചത്. (2) ആളിക്കത്തൽ... തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ അഗ്നിബാധ അണയ്ക്കാൻ അഗ്നിരക്ഷാസേനാംഗങ്ങളുടെ ശ്രമം. ഷി‍ജു ഭാവന എടുത്ത ചിത്രം.

പത്തനംതിട്ട അഗ്നിരക്ഷാ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത് (30) വരെ പന്ത്രണ്ടു പേരാണ് ഇതിനു മുൻപ് ഡ്യൂട്ടിക്കിടയിൽ മരിച്ചത്. 2020 ഒക്ടോബർ 22 ന് പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു കാണാതായ ആൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിൽ റബർ ഡിങ്കി മറിഞ്ഞായിരുന്നു ശരത്തിന്റെ മരണം.    

2013 സെപ്റ്റംബർ 20 ന് പമ്പ ത്രിവേണിയിൽ കുടുങ്ങിയ അയ്യപ്പന്മാരെ രക്ഷിക്കുന്നതിനു വടം കെട്ടുന്നതിനിടയിൽ ഒഴുക്കിൽപെട്ടു മരിച്ച സീതത്തോട് അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ആലപ്പുഴ കനാൽ വാർഡ് തൈപ്പറമ്പിൽ ചിത്തേന്ദ്രൻ, 2011 ഫെബ്രുവരി 23 ന് 11 കെവി ലൈനിൽ അറ്റകുറ്റപ്പണിക്കിടയിൽ തളർന്നു ലൈനിൽ വീണ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മരിച്ച തൃശൂർ അഗ്നിരക്ഷാ നിലയത്തിലെ ഡ്രൈവർ അങ്കമാലി കിടങ്ങൂർ മഞ്ഞപ്ര പന്തപ്പിള്ളി വീട്ടിൽ പി. വിനോദ്‌കുമാർ,

2009 ഡിസംബർ 31 ന് കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2010 ജനുവരി 14 ന് മരിച്ച കായംകുളം ഫയർ ഫോഴ്സിലെ ഫയർമാൻ കായംകുളം കുറ്റിത്തെരുവ് വാളക്കോട് വീട്ടിൽ ഒ.ഷെമീർ, 2008 ജൂൺ 28 ന് രക്ഷാപ്രവർത്തനത്തിനു പോയ അഗ്നിരക്ഷാ സേനാ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ മരിച്ച തൊടുപുഴ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.കെ.ചാക്കോ എന്നിവരാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ ഡ്യൂട്ടിക്കിടയിൽ മരിച്ചത്.

tvm-fire-accident2
തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം തീപിടിത്തത്തിൽ നശിച്ചപ്പോൾ. ചിത്രം: മനോരമ

2002 മേയിൽ കോഴിക്കോട് വടകരയിൽ കിണറിനുള്ളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ 3 അഗ്നിരക്ഷാ ഉദ്യോഗസ്ഥരാണ് മരിച്ചത്.    വടകര സ്റ്റേഷനിലെ ഡ്രൈവർ മെക്കാനിക് കെ.കെ.രാജൻ, ഫയർമാൻമാരായ എം.ജാഫർ, ബി.അജിത് കുമാർ എന്നിവർ. 1987 േമയ് 4 ന് പുനലൂർ സ്റ്റേഷനിലെ ഫയർമാൻ പി.ഗോപാലകൃഷ്ണൻ, 1989 നവംബർ 22 ന് ചിറ്റൂർ സ്റ്റേഷനിലെ ഫയർമാൻമാരായ കെ.കൃഷ്ണൻ, കെ.ബി.ശിവദാസ്, 1992 ഏപ്രിൽ 5 ന് ചാലക്കുടി സ്റ്റേഷനിലെ ഫയർമാൻ കെ.രാധാകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ജീവൻ വെടിഞ്ഞവരാണ്.

ബ്രഹ്മപുരത്തും രഞ്ജിത്

ആറ്റിങ്ങൽ∙ ബ്രഹ്മപുരത്തുണ്ടായ തീ പിടിത്തം നിയന്ത്രിക്കുന്നതിനായി കൈമെയ് മറന്ന് പ്രവർത്തിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയിൽ രഞ്ജിത്തും ഉണ്ട്. ബ്രഹ്മപുരത്ത് രഞ്ജിത്ത് രണ്ട് ദിവസം രക്ഷാപ്രവർത്തനത്തിനായി ഉണ്ടായിരുന്നു. ബ്രഹ്മപുരം പ്രവർത്തനത്തിന് രഞ്ജിത്തിന് റിവാർഡും ലഭിച്ചിരുന്നു. 

അവയവദാനത്തിന് സമ്മതപത്രം; നൽകാനായതു കണ്ണുകൾ 

∙  മരണശേഷം അവയവങ്ങളെല്ലാം ദാനം ചെയ്യാൻ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത് സമ്മതപത്രം നൽകിയിരുന്നു. എന്നാൽ, അപകടത്തിൽപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി ആശുപത്രി അധികൃതർ സഹപ്രവർത്തകരെ അറിയിച്ചു. അതിനാൽ കണ്ണു മാത്രം ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കത്തിയവയിൽ കാലാവധി കഴിഞ്ഞ മരുന്നുകളും ; ഇത് ഗോഡൗണിൽ വന്നതിൽ ദുരൂഹത

തിരുവനന്തപുരം∙ മേനംകുളം കിൻഫ്ര പാർക്കിൽ കത്തിയമർന്ന കെട്ടിടത്തിൽ ആശുപത്രികൾക്ക് ആവശ്യമുള്ള കെമിക്കലുകൾ മാത്രമാണു സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ വാദിക്കുമ്പോഴും കാലാവധി കഴിഞ്ഞ മരുന്നുകൾ അവിടെ വന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.കാലാവധി കഴിഞ്ഞതിനാൽ ഉപയോഗശൂന്യമായതാണോ അതോ കമ്പനികൾ നൽകിയപ്പോൾ തന്നെ ഗുണമേന്മയില്ലെന്നു കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചതാണോ എന്നും വ്യക്തമല്ല.

നിബന്ധന അനുസരിച്ച് കെമിക്കലുകളും മരുന്നുകളും വെവ്വേറെ കെട്ടിടങ്ങളിലാണു സംഭരിക്കേണ്ടത്. സംസ്ഥാനത്തെ കെഎംഎസ്‌സിഎലിന്റെ ഗോഡൗണുകളിൽ മേനംകുളത്തു മാത്രമേ ഈ സൗകര്യം ഉള്ളൂ. പ്രധാന കെട്ടിടത്തിൽ നിന്നു 15 മീറ്റർ മാറിയാണ് കെമിക്കൽ ഗോഡൗണുള്ളത്. കെമിക്കലുകൾക്കൊപ്പം മരുന്നുകൾ സൂക്ഷിക്കേണ്ട സാഹചര്യം വ്യക്തമല്ല.

ranjith-tvm-fire-accident
(ഇൻസെറ്റിൽ മരിച്ച ജെ.എസ്.രഞ്ജിത്ത്) മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ തീ അണയ്ക്കുന്നതിനിടയിൽ മരിച്ച ചാക്ക അഗ്നിരക്ഷാ യൂണിറ്റിലെ ഫയർ റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം അഗ്നിരക്ഷാസേന ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ചപ്പോൾ ഫയർഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ ആദരാഞ്ജലിയർപ്പിക്കുന്നു. വി.എസ്.ശിവകുമാർ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി ആന്റണി രാജു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം. ചിത്രം: ആർ.എസ്.ഗോപൻ∙ മനോരമ

വസ്ത്രനിർമാണ കമ്പനി നിർമിച്ച കെട്ടിടം കെഎംഎസ്‌സിഎൽ 10 വർഷം മുൻപ് ഏറ്റെടുക്കുകയായിരുന്നു. സിമന്റ് കല്ലിൽ നിർമിച്ച കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ശക്തമായ ചൂടേറ്റപ്പോൾ തന്നെ കെട്ടിടം തകരുകയായിരുന്നു. തീപിടിത്തത്തിനിടെ ശക്തമായ സ്ഫോടനം ഉണ്ടായതിലും പൊലീസിനു സംശയമുണ്ട്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചാൽ സ്ഫോടന ശബ്ദം ഉണ്ടാകുമോയെന്ന് അവർ പരിശോധിക്കും.

ഓടിമാറുന്ന എംഡിമാർ

കേരള മെ‍ഡിക്കൽ സർവീസസ് കോർപറേഷന്റെ തലപ്പത്തു രണ്ടര വർഷത്തിനിടെ എത്തിയത് 9 മാനേജിങ് ഡയറക്ടർമാർ. നവജ്യോത് ഖോസ, അജയകുമാർ, ബാലമുരളി, ശ്രീറാം വെങ്കിട്ടരാമൻ, വീണാ മാധവൻ, ഡോ.ചിത്ര, മൃൺമയി ജോഷി, കേശവേന്ദ്ര കുമാർ എന്നിവരെയാണ് ഈ കാലയളവിൽ എംഡിമാരായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന കെ.ജീവൻബാബുവിനെ എംഡിയായി നിയമിച്ചു. താൽപര്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച അദ്ദേഹത്തെ നിർബന്ധിപ്പിച്ച് ഈ തസ്തികയിൽ ഇരുത്തുകയായിരുന്നു. എംഡിമാർ ഭരിക്കാനുണ്ടെങ്കിലും ജനറൽ മാനേജർമാരാണ് കോർപറേഷനെ നിയന്ത്രിക്കുന്നത്.

മന്ത്രിയുടെ ഓഫിസിൽ നിന്ന് ഉൾപ്പെടെ രാഷ്ട്രീയ, വാണിജ്യ താൽപര്യങ്ങൾ ഉള്ളവർ ജനറൽ മാനേജരെ മാത്രമേ ബന്ധപ്പെടാറുള്ളൂ. വർഷം 700 കോടി രൂപയോളം ഇടപാടുകൾ നടത്തുന്ന സ്ഥാപനം പലതരം ഇടപാടുകാരുടെയും പ്രിയപ്പെട്ട സ്ഥാപനമാണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്ഥാപനത്തിന്റെ ചെയർമാൻ. ഇവർക്കു പലവിധത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഉള്ളതിനാൽ ഇവിടത്തെ ദിനംപ്രതിയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ല.

ബ്ലീച്ചിങ് പൗഡർ വാങ്ങിയതും വഴിവിട്ട്

ജൂലൈയിൽ വാങ്ങിയത് 4.04 ലക്ഷം കിലോഗ്രാം ബ്ലീച്ചിങ് പൗഡർ

തിരുവനന്തപുരം / കോഴിക്കോട് ∙ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണുകളിൽ തീപിടിത്തതിനു കാരണമായതെന്നു കരുതുന്ന ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ദുരൂഹത. കോർപറേഷൻ ടെൻഡർ ക്ഷണിക്കാതെ, ‘കാരുണ്യ’ മുഖേന കഴിഞ്ഞ ജൂലൈയിലാണു 4.04 ലക്ഷം കിലോഗ്രാം ബ്ലീച്ചിങ് പൗഡറിന്റെ ദുരൂഹമായ ഇടപാടു നടന്നത്. അവശ്യമരുന്ന് (എസൻഷ്യൽ ഡ്രഗ്സ്) സംഭരിക്കാനുള്ള പട്ടികയിൽപ്പെടുത്തി പൊതു ടെൻഡർ വഴി വർഷം തോറും ബ്ലീച്ചിങ് പൗഡറും വാങ്ങിയിരുന്നു. ‘കാരുണ്യ’ വഴിയാകുമ്പോൾ, ഉൽപന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന എൻഎബിഎൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതുപോലെയുള്ള കർക്കശ വ്യവസ്ഥകളില്ല.

പേവിഷ ബാധയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ കോർപറേഷൻ വാങ്ങിയെങ്കിലും അതേ മരുന്നുകൾ കൂടുതലായി സംഭരിക്കാൻ ആരോഗ്യ വകുപ്പിൽ രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയ ഉന്നതൻ നിർദേശിച്ചിരുന്നു. ഇത്തരത്തിൽ സംഭരിച്ച 2.50 കോടി രൂപയുടെ മരുന്ന് ഉൾപ്പെടെ 10 കോടി രൂപയുടെ സാമഗ്രികളാണു കൊല്ലത്തെ തീപിടിത്തത്തിൽ നശിച്ചത്. തീപിടിത്തുമുണ്ടായ കൊല്ലത്തെയും തിരുവനന്തപുരത്തെയും ഗോഡൗണുകൾക്ക് കോർപറേഷന്റെ ലൈസൻസില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

tvm-fire-accident3
തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം തീപിടിത്തത്തിൽ നശിച്ചപ്പോൾ. ചിത്രം: മനോരമ

തീപിടിത്തം ഉണ്ടായാൽ അണയ്ക്കുന്നതിനുള്ള സംവിധാനം തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി തന്നെ വെളിപ്പെടുത്തി. സംസ്ഥാനത്തെ ഗോഡൗണുകളിലൊന്നും ഫയർ അലാം, സ്മോക് ‍ഡിറ്റക്ടർ ഉൾപ്പെടെയുള്ള മുന്നറിയിപ്പു സംവിധാനം ഇല്ല. തീപിടിത്തമുണ്ടായ സാഹചര്യത്തിൽ കോർപറേഷന്റെ എല്ലാ മരുന്നു സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു.

തീപിടിച്ചത് എങ്ങനെ?

മഴയിൽ ബ്ലീച്ചിങ് പൗഡറിലേക്ക് വെള്ളം വീണിരിക്കാം. വെള്ളംവീണാലോ ചൂടേറ്റാലോ അതിലെ ക്ലോറിനിൽനിന്നു പുക വരും. 30,000 കിലോ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതിനാൽ ചൂടിന്റെ അളവും കൂടുതലായിരിക്കണം. സാനിറ്റൈസറിന്റെ സാമീപ്യം തീയാളാൻ കാരണമായിരിക്കാം.

കരാർ 2 കമ്പനിക്ക്

പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസാണ് ബ്ലീച്ചിങ് പൗഡറിന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ലക്നൗവിലെ ബങ്കെബിഹാറി കെമിക്കൽസ് രണ്ടാമത് എത്തിയിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നൽകാമെന്നു പറഞ്ഞ കമ്പനിക്കു മുഴുവൻ ഓർഡറും നൽകാൻ കോർപറേഷന്റെയും കാരുണ്യയുടെയും ഉന്നതർ തയാറായില്ല. അവർ പാർക്കിൻസിനു പുറമേ ബങ്കെബിഹാറിയിൽ നിന്നും ബ്ലീച്ചിങ് പൗഡർ വാങ്ങാൻ തീരുമാനിച്ചു. ഈ കമ്പനി വിതരണം ചെയ്ത ബ്ലീച്ചിങ് പൗഡറാണു തീപിടിത്തത്തിനു കാരണമായത്.ടെൻ‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 2023–24 ൽ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർ ഇതേ കമ്പനിയിൽ നിന്നു വാങ്ങാൻ ധാരണയായിട്ടുണ്ടെന്നാണു വിവരം. ഒരു ഭാഗം വിതരണം ചെയ്തിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com