വിഴിഞ്ഞം∙ പൊലീസ് ചമഞ്ഞ് അതിഥിത്തൊഴിലാളി ക്യാംപിൽ കടന്നുകയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തി 84,000 രൂപയും മൊബൈൽ ഫോണുകളും കവർന്നു. 3 മലയാളികൾ ഉൾപ്പെട്ട ആറംഗ സംഘത്തിൽ 2 പേരെ നാട്ടുകാർ പിടികൂടി. സംഭവത്തെ തുടർന്ന് തൊഴിലാളികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടിയപ്പോൾ സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. ഇതിനിടെ റോഡിൽ വീണ് ഒരാൾക്ക് തലയ്ക്ക് പരുക്കേറ്റു. പശ്ചിമ ബംഗാൾ ദിമാപൂർ സ്വദേശി നൂർ അലമിയ(27), ചാല ഫ്രണ്ട്സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി(27) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി വെങ്ങാനൂർ നെല്ലിവിള മുള്ളുവിളയിൽ ജ്ഞാനശീലന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സംഭവം. ക്യാംപിൽ 30 പേരുണ്ടായിരുന്നു. ഓട്ടോയിൽ എത്തിയ ആറംഗ സംഘം പൊലീസാണെന്നു പറഞ്ഞ് ലഹരി വസ്തുക്കൾ ഉണ്ടോയെന്നു തിരക്കിയായിരുന്നു പരിശോധന. അവിടെ ചീട്ടുകളിക്കുന്ന സംഘത്തെ ചോദ്യം ചെയ്ത് വിരട്ടിയ ശേഷം തൊഴിലാളികളുടെ പഴ്സിലും ഷർട്ടിലും സൂക്ഷിച്ചിരുന്ന 84,000 രൂപയും ഫോണുകളും കൈക്കലാക്കി. ഇതോടെ തൊഴിലാളികൾ ബഹളം വച്ചു. രക്ഷപ്പെട്ടവരെ കുറിച്ച് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.