ADVERTISEMENT

തിരുവനന്തപുരം ∙ ട്രപ്പീസ് വശമുണ്ടെങ്കിൽ കുട്ടികൾക്ക് മറ്റന്നാൾ മുതൽ റോഡിലെ കുഴികൾ മറി കടന്ന് സ്കൂളുകളിലെത്താം. മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, നഗരഹൃദയത്തിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്താൻ അടവുകളെല്ലാം പയറ്റേണ്ട ഗതികേടിലാണ്. കുഴികളിൽ വീഴാതെ, അപകടമൊന്നും പറ്റാതെ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളാനായി ഒരു യോഗമെങ്കിലും ഈ ജനപ്രതിനിധികൾ വിളിച്ചു കൂട്ടാത്തതെന്തു കൊണ്ട്? ചെളിയിൽ കുളിച്ച് നമ്മുടെ കുഞ്ഞുങ്ങൾ എത്ര നാൾ സ്കൂളിൽ പോകും?

റോഡ് 1: കാലൊടിക്കുന്ന കുഴികൾ ഏറെ
മോഡൽ സ്കൂൾ (എം.ജി.രാധാകൃഷ്ണൻ റോഡ്)

സ്മാർട്ട് റോഡ് നിർമാണത്തിനാണ് ആദ്യം റോഡ് പൊളിച്ചത്. ജല അതോറിറ്റിയുടെ സുവിജ് ലൈൻ സ്ഥാപിക്കാൻ മാസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാം തവണ വീണ്ടും കുഴിക്കൽ പുരോഗമിക്കുന്നു. പണി തീരാൻ ഇനിയും ഒരാഴ്ചയെങ്കിലും വേണ്ടി വരും. പൈപ്പ് സ്ഥാപിക്കാൻ ഒരു മാസത്തേക്ക് റോഡ് അടയ്ക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ സമയ പരിധി കടന്ന് ആഴ്ചകളായിട്ടും പണി തീർന്നിട്ടില്ല. ഇതിലെ അടുത്ത കാലത്തൊന്നും മോഡൽ സ്കൂളിലേക്കു പോകാമെന്ന് ആരും വിചാരിക്കേണ്ട.

തിരുവനന്തപുരത്ത് വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിനു മുൻപിലെ റോഡ്.

റോഡ് 2: മാൻഹോൾ മൂടിയില്ലെങ്കിൽ വൻ അപകടം
ഹോളി എയ്ഞ്ചൽസ് സ്കൂൾ (ജനറൽ ആശുപത്രി– വഞ്ചിയൂർ റോഡ് )

സ്മാർട് നിലവാരത്തിലേക്ക് ഉയർത്താൻ കേരള റോഡ് ഫണ്ട് ബോർഡിനെ ഏൽപിച്ച റോഡാണിത്. സ്കൂൾ ഗേറ്റിന്റെ തൊട്ടു മുന്നി‍ൽ നിർമിച്ച മാൻ ഹോൾ ഇപ്പോഴും മൂടിയിട്ടില്ല. മീറ്ററുകൾ മാറി മറ്റൊരു മാൻഹോൾ നിർമിച്ചിട്ടുണ്ടെങ്കിലും വേലി കെട്ടി തിരിച്ചിട്ടുണ്ട്. നാളെ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായെങ്കിലും ഈ മാൻഹോൾ മൂടിയില്ലെങ്കിൽ കുട്ടികൾക്ക് അത് വൻ അപകടക്കെണിയാകും.

തൈക്കാട് മോഡൽ എൽപി സ്കൂളിനു മുന്നിൽ പൊളിഞ്ഞു കിടക്കുന്ന റോഡ്.

റോഡ് 3: മഴ തുടങ്ങിയാൽ ചെളിയിൽ തെന്നി വീഴും
തൈക്കാട് മോഡൽ എൽപിഎസ് (നോർക്ക– ഗാന്ധി ഭവൻ റോഡ്)

റോഡ് ഫണ്ട് ബോർഡാണ് ഈ റോഡിനെ ഈ ഗതിയിലാക്കിയത്. വലിയ കൾ‍വെർട്ട് നി‍ർമിക്കാനായി ആദ്യം റോഡ് പൊളിച്ചു. സുവിജ് പൈപ്പ് സ്ഥാപിക്കാനായി രണ്ടാമതും കുഴിയെടുത്തു. കുഴി മൂടിയെങ്കിലും ഇപ്പോൾ പൊടി ശല്യം രൂക്ഷം. കാലവർഷം തുടങ്ങിയാൽ ചെളിയിൽ തെന്നി വീഴാൻ സാധ്യതയേറെ. ആറാം തവണയും ടെൻഡർ ചെയ്ത് കരാറുകാരനെ കാത്തിരിക്കുകയാണ് ഇപ്പോഴും അധികൃതർ.

തിരുവനന്തപുരത്ത് വഞ്ചിയൂർ ഗവ. ഹൈസ്കൂളിനു മുൻപിൽ തകർന്നുകിടക്കുന്ന റോഡ്.

റോഡ് 4: മെറ്റലിൽ തട്ടി വീണാൽ എല്ലൊടിയും!
വഞ്ചിയൂർ ഹൈസ്കൂൾ (വഞ്ചിയൂർ– പുത്തൻ റോഡ്)

ടാറിങ്ങിനായി മെറ്റൽ പാകിയതോടെ എല്ലാം കഴിഞ്ഞെന്ന നിലപാടിലാണ് അധികൃതർ. സുവിജ് ലൈൻ സ്ഥാപിക്കാനായി കുഴിച്ച മണ്ണ് സ്കൂളിന്റെ മതിലിനോട് ചേർത്ത് തള്ളിയിരിക്കുന്നു. നൂറു കണക്കിനു വിദ്യാർഥികൾ പഠിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ റീജനൽ ക്യാംപസും ഈ റോഡിലാണ്.

തിരുവനന്തപുരം പനവിള നിന്നും വിമൻസ് കോളജിനടുത്തേക്കുള്ള കലാഭവൻ മണി റോഡ് പൊളിച്ചിട്ടത് നന്നാക്കാതെ കിടക്കുന്നു.

റോഡ് 5: അപകടനിരക്ക് കൂടിയ റോഡ്
വിമൻസ് കോളജ് (കലാഭവൻ മണി റോ‍ഡ് അഥവാ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിക്കു തൊട്ടു ചേർന്ന റോഡ്)

മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിക്കു തൊട്ടടുത്താണ് ഈ റോഡ്. റോഡ് ഫണ്ട് ബോർഡ് 5 തവണ ടെൻഡർ ചെയ്തിട്ടും കരാറുകാരനെ കിട്ടാതെ വന്നതോടെ റോഡിന്റെ നവീകരണ ചുമതല സ്മാർട് സിറ്റി ലിമിറ്റഡിനെ ഏൽപിച്ചിരിക്കുകയാണ്. തമ്പാനൂരിലെത്തുന്ന വിദ്യാർഥിക്ക് പനവിള വഴി എളുപ്പത്തിൽ കോളജിൽ എത്താനുള്ള വഴിയാണ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്.

മണക്കാട്– കല്ലാട്ടുമുക്ക് റോഡ് പൊളിഞ്ഞ നിലയിൽ.

പണിയോടു പണി, എന്നു തീരുമെന്നു മാത്രം ചോദിക്കരുത് !

മണക്കാട്– അമ്പലത്തറ റോഡ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമിക്കാനായി രണ്ടു മാസം മുൻപാണ് പൊതുമരാമത്ത് വകുപ്പ് പണി ആരംഭിച്ചത്. 8 കോടിയുടെ പദ്ധതി. ഒരു വശത്തെ ഓട നിർമാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതൊക്കെ എന്നു തീരുമെന്നു മാത്രം ചോദിക്കരുത്. 11 സർ‍ക്കാർ, സ്വകാര്യ സ്കൂളുകളാണ് പ്രദേശത്തുള്ളത്. ഒരു കോളജും. മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നവർ ഉൾപ്പെടെ കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർ തിരികെ വീട്ടിലേക്കു പോകാൻ എന്തു ചെയ്യണം എന്ന ചോദ്യമാണ് ബാക്കി.

2 റോഡുകൾ കൂടി സ്മാർട്ട് സിറ്റി ഏറ്റെടുത്തു

തിരുവനന്തപുരം ∙ റോഡ് ഫണ്ട് ബോർഡിനെ നവീകരണ ചുമതല ഏൽപിച്ചിരുന്ന രണ്ടു റോഡുകൾ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ഏറ്റെടുത്തു. റോഡുകൾ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താൻ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയ സ്മാർട്ട് സിറ്റി അധികൃതർ ഇന്ന് ടെൻഡർ പ്രസിദ്ധീകരിക്കും. റോഡ് ഫണ്ട് ബോർഡിലെ ഉദ്യോഗസ്ഥരുടെ ഉഴപ്പിനെ നിശിതമായി വിമർശിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തിയതിനു പിന്നാലെയാണ് റോഡുകൾ കൈമാറിയത്. പനവിള– റോസ് ഹൗസ് റോഡ് (കലാഭവൻ മണി റോഡ്), വിജെടി ഹാൾ ഫ്ലൈ ഓവർ റോഡ് എന്നിവയാണ് സ്മാർട്ട് സിറ്റി അധികൃതർ ഏറ്റെടുത്തത്. ആദ്യ കരാറുകാരനെ മാറ്റിയ ശേഷം പുതിയ ആളെ കണ്ടെത്താനായി റോഡ് ഫണ്ട് ബോർഡ് 5 തവണ ടെൻഡർ ചെയ്ത റോഡുകളാണിവ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com