സ്ലാബ് പൊട്ടി സെപ്ടിൽ ടാങ്കിൽ വീണു; വയോധികയെ രക്ഷിച്ചു
Mail This Article
നെയ്യാറ്റിൻകര ∙ സ്ലാബ് പൊട്ടി സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ നെയ്യാറ്റിൻകര ഫയർ ഫോഴ്സ് രക്ഷിച്ചു. വഴുതൂർ രമ്യാ ഭവനിൽ രാമചന്ദ്രൻ നായരുടെ ഭാര്യ വിമലാ ദേവി (68) ആണ് 25 അടി ആഴമുള്ള സെപ്റ്റിക് ടാങ്കിൽ വീണത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. സ്ലാബ് തകർന്ന് വിമലാദേവി ഉള്ളിലേക്ക് വീണെങ്കിലും സ്ലാബ് പിവിസി പൈപ്പിൽ തട്ടി നിന്നു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ലാബ് റോപ്പിൽ കെട്ടി നിർത്തി. പിന്നീട് നെറ്റിന്റെ സഹായത്തോടെ വയോധികയെ മുകളിൽ എത്തിക്കുകയായിരുന്നു.സ്ലാബ് ഉള്ളിലേക്ക് വീഴാതിരുന്നത് ഗുണമായെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർഫോഴ്സ് ഓഫിസർമാരായ ഷിജു ടി.സാം, ശരത്, എം.സി.അരുൺ, വൈശാഖ്, ജയകൃഷ്ണൻ, ചന്ദ്രൻ, വി.എസ്.സുജൻ, അരുൺ ജോസ്, ഹോം ഗാർഡുമാരായ ഗോപകുമാർ, സജികുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.