മലയിൻകീഴ് ∙ ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയതിന്റെ ആകാംക്ഷയുമായി ഗായത്രി സി.കെ.നായരും ബാസിമ അഫ്സലും നാളെ പഠിക്കാൻ എത്തും. പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽനിന്നാണ് ഇവരുടെയും വരവ്. യുപി, ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന മലയിൻകീഴ് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 50 വർഷങ്ങൾക്കു ശേഷം ഇത്തവണ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചപ്പോൾ ആദ്യം സാന്നിധ്യം അറിയിച്ച വിദ്യാർഥികളാണ് ഗായത്രിയും ബാസിമ അഫ്സലും.
ഇവർക്കു പിന്നാലെ 23 പെൺകുട്ടികൾ അഡ്മിഷൻ എടുത്തു. ഇവിടത്തെ യുപി വിഭാഗം അധ്യാപകനായ ജി.കെ.കുമാറിന്റെ മകളായ ഗായത്രി എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നേടിയത് . ഇതേ സ്കൂളിലെ ജീവനക്കാരനായ പി.തുഷാരന്റെ മകളായ ബാസിമ ഏഴാം ക്ലാസിലാണ് ചേർന്നത്.