മദ്യക്കമ്പനിക്ക് ഷാപ്പുടമയുടെ 35 ലക്ഷം അന്വേഷിക്കാൻ മടി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനമാകെ എൺപതോളം ഷാപ്പുകൾ ബെനാമികളെ വച്ച് നടത്തിപ്പോന്ന തൃശൂർ വാടാനപ്പള്ളിയിലെ കള്ളുഷാപ്പുടമ മദ്യക്കമ്പനിയുമായി നടത്തിയ ലക്ഷങ്ങളുടെ പണമിടപാട് അന്വേഷിക്കാൻ മടിച്ച് ആഭ്യന്തരവകുപ്പ്. ഷാപ്പ് കോൺട്രാക്ടർ ചാലക്കുടി സ്വദേശി അണലിപ്പറമ്പ് ശ്രീധരൻ പഞ്ചാബിലെ മദ്യനിർമാണക്കമ്പനിയുമായി നടത്തിയ 35 ലക്ഷം രൂപയുടെ പണമിടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണറാണ് ആഭ്യന്തര വകുപ്പിനു കത്തു നൽകിയിരുന്നത്. ഷാപ്പു മാത്രം നടത്തുന്നയാൾ സ്പിരിറ്റും മദ്യവും നിർമിക്കുന്ന പഞ്ചാബിലെ കായ ഡിസ്റ്റിലറിക്ക് എന്തിന് ഇത്രയും വലിയ തുക നൽകിയെന്ന സംശയമായിരുന്നു ഉന്നതതല അന്വേഷണം ആവശ്യപ്പെടാൻ കാരണം. എന്നാൽ ഒരു മാസമായിട്ടും അന്വേഷണത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
കായ ഡിസ്റ്റിലറിയുടെ കേരളത്തിലെ വിതരണക്കാർ തന്റെ കല്യാണി സ്പിരിറ്റ് എന്ന കമ്പനിയാണെന്നു ശ്രീധരൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ബവ്കോയുടെ പട്ടികയിൽ ഈ രണ്ടു പേരുകളും ഇല്ല. എക്സൈസ് പിടിച്ചെടുത്ത രേഖകൾ പ്രകാരം കായ ഡിസ്റ്റിലറിക്കു പണം നൽകിയിരിക്കുന്നതു കമ്പനി അക്കൗണ്ടിൽനിന്നല്ല, ശ്രീധരന്റെ വ്യക്തിഗത അക്കൗണ്ടിൽനിന്നാണ്. ഡിസ്റ്റിലറിയുമായുള്ള മറ്റുചില പണമിടപാടുകളെക്കുറിച്ചും എക്സൈസിനു വിവരം ലഭിച്ചിരുന്നു. ഇത്രയും ഗൗരവമുള്ള വിഷയത്തിലാണ് ആഭ്യന്തരവകുപ്പ് എക്സൈസ് കമ്മിഷണറുടെ കത്ത് അവഗണിച്ചത്.
തൊഴിലാളികൾക്കു നടത്താൻ അനുവദിച്ച ചെങ്ങന്നൂർ റേഞ്ചിലെ ഷാപ്പുകൾ മറിച്ചുകൊടുക്കാൻ ഇടപെട്ടതു തൊഴിലാളി നേതാക്കൾ തന്നെയാണ്. അഞ്ചു ഗ്രൂപ്പുകളിലെ 25 ഷാപ്പുകൾ ശ്രീധരനു നൽകാനാണു 2020 ഒക്ടോബർ 8നു മുദ്രപ്പത്രത്തിൽ കരാറെഴുതിയത്. ഈ രേഖയിൽ ഒപ്പിട്ടവരിൽ പ്രധാനി സിഐടിയു സംഘടനയുടെ താലൂക്ക് ജനറൽ സെക്രട്ടറി വി.കെ.വാസുദേവനാണ്. എം.സിബി (സിഐടിയു), കെ.വിജയൻ, വി.സുനിൽ (ഐഎൻടിയുസി), കെ.സദാശിവൻപിള്ള (ബിഎംഎസ്) എന്നിവരും ഒപ്പിട്ടു. തൊഴിലാളികളെ ഏൽപിച്ച ഷാപ്പുകൾ മറിച്ചുകൊടുക്കുന്നതു നിയമവിരുദ്ധമായിരിക്കെയാണ് ഇതിനു രേഖയുമുണ്ടാക്കിയത്.
മാവേലിക്കര, നൂറനാട്, കായംകുളം, ശാസ്താംകോട്ട, വാടാനപ്പള്ളി, നെയ്യാറ്റിൻകര റേഞ്ചുകളിലായി 12 ഗ്രൂപ്പുകളിലെ എൺപതോളം ഷാപ്പുകളുടെ ലൈസൻസാണു ബെനാമി ഇടപാട് കണ്ടെത്തി എക്സൈസ് റദ്ദാക്കിയത്. കള്ളെത്തിച്ചതും പണമടച്ചതുമെല്ലാം ശ്രീധരനാണെന്നു ലൈസൻസികളുടെ മൊഴിയുണ്ട്. 8 ഗ്രൂപ്പുകളിലെ നടത്തിപ്പു താനാണെന്നും ബാക്കി ഗ്രൂപ്പുകളിൽ സഹായി മാത്രമെന്നുമാണു ശ്രീധരൻ എക്സൈസിനു നൽകിയ മൊഴി. ഒരാൾ രണ്ടു ഗ്രൂപ്പിലധികം ഷാപ്പ് നടത്താൻ പാടില്ലെന്നാണു നിയമം.