ശാന്തമായ തീരത്തേക്ക് വൻ തിരകൾ, ചുറ്റിക്കറക്കി ശക്തിയോടെ പിൻവാങ്ങും: വീണവരിൽ പലരെയും കണ്ടെത്തിയിട്ടില്ല
Mail This Article
വിഴിഞ്ഞം∙ വശ്യമാണ് ആഴിമല തീരം. ഭംഗി കണ്ട് ഇറങ്ങാൻ വെമ്പുന്ന സഞ്ചാരികൾ ഇവിടുത്തെ അപകടസാധ്യത അറിയാറില്ല. 3 വർഷത്തിനിടെ ഇവിടെ നഷ്ടപ്പെട്ടത് പത്തോളം ജീവനുകളാണ്. ഇതിൽ ഒടുവിലത്തേതാണ് കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദിന്റേത്. ചൊവ്വ രാത്രി തിരയിൽപ്പെട്ട രാകേന്ദിന്റെ മൃതദേഹം ഇന്നലെ അകലെ കടലിൽ കണ്ടെത്തുകയായിരുന്നു.
പതുങ്ങും; പാഞ്ഞടുക്കും
ശാന്തമായ തീരത്തേക്ക് വൻ തിരകളാർത്ത് വരും. ചുറ്റിക്കറക്കി ശക്തിയോടെ പിൻവാങ്ങുന്ന ഈ തിരകൾ ആണ് പ്രധാന അപകടക്കെണി. കടലിലേക്ക് ഉന്തി നിൽക്കുന്നതും പടർന്നു കിടക്കുന്നതുമായ പാറക്കൂട്ടങ്ങളാണ് മറ്റൊന്ന്. പള്ളിച്ചൽ പാറ, ചാരുപാറ, പെരുങ്കല്ല് എന്നിവയാണിവ. പാറക്കൂട്ടത്തിൽ നിന്നു സെൽഫി പകർത്തവെ ഉയർന്ന തിരകൾ കടലിലേക്ക് തള്ളി വീഴ്ത്തും. ഇത്തരത്തിൽ ഈ ഭാഗത്തു വീണവരിൽ പലരെയും ഇനിയും കണ്ടെത്തിയിട്ടില്ല. പാറക്കൂട്ടങ്ങൾക്കു താഴെ ഗുഹ പോല അഗാധ ഗർത്തങ്ങളുണ്ടെന്ന് പഴമക്കാർ പറയുന്നു.
വേണം എയ്ഡ് പോസ്റ്റ്
ആഴിമലയിൽ അടിയന്തരമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും ലൈഫ് ഗാർഡുമാരുടെ എണ്ണം കൂട്ടുകയുമാണ് അധികൃതർ ചെയ്യേണ്ടത്. സുരക്ഷാ വേലികൾ സ്ഥാപിച്ച് വിജനമായ ഭാഗത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കണം.
ആരൊരുക്കും രക്ഷ?
ആഴിമലയിലെ തിരകൾ പോലെയാണ് പ്രഖ്യാപനങ്ങൾ. വന്ന വഴിയും പോയ വഴിയുമില്ല. മുന്നറിയിപ്പ് ബോർഡ് ഉണ്ടെങ്കിലും കാര്യമില്ല. ആഴിമല ക്ഷേത്ര ഭാരവാഹികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2 ലൈഫ് ഗാർഡുകളെ നിയമിച്ചെങ്കിലും തിരക്ക് വരുമ്പോൾ നിയന്ത്രണം പ്രായോഗികമല്ല. സന്ദർശകർ ഏറെയും കയറുന്ന പാറക്കൂട്ടങ്ങൾ വിജന ഭാഗത്താണ്. തെങ്ങിൻതോപ്പും മറ്റുമുള്ള മേഖലയിൽ അപകടമുണ്ടായാലും പുറത്തറിയാൻ വൈകും. ഇത് രക്ഷാപ്രവർത്തനത്തെയും ബാധിക്കും. ഇവിടെ സുരക്ഷാ വേലി വേണമെന്നു നാട്ടുകാർ പറയുന്നു.
അടിയന്തര യോഗം വിളിക്കും
ആഴിമല തീരത്ത് ശാശ്വതമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഉടൻ യോഗം വിളിക്കുമെന്ന് കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് സി.ജെറോം ദാസ് പറഞ്ഞു. പഞ്ചായത്തിനു ചെയ്യാൻ കഴിയുന്ന സുരക്ഷാ നടപടികൾ നടപ്പാക്കുമെന്നും മറ്റുള്ളവ സർക്കാർ സംവിധാനം വഴി നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേദനയിൽ അനിൽ
വിഴിഞ്ഞം∙ഭാര്യാ സഹോദരീ ഭർത്താവ് കയ്യിൽ നിന്നു വഴുതിപ്പോയതിന്റെ ഞെട്ടലിലാണ് അനിൽകുമാർ. അപകടത്തിൽ മരിച്ച രാകേന്ദിന്റെ അടുത്ത ബന്ധുവാണ് അനിൽ. അടിയൊഴുക്കുള്ള കടലിന്റെ അപകടാവസ്ഥ അറിയാതെയാണ് രാകേന്ദും അനിലും കടലിലിറങ്ങിയത്. കൈപിടിച്ചു കരയിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് രണ്ടാമത്തെ വലിയ തിരയിൽ വഴുതിപ്പോയതെന്ന് അനിൽ ഓർക്കുന്നു. നഗരത്തിലെ പന്തൽ പണി കഴിഞ്ഞ ശേഷം ആലസ്യം അകറ്റാനാണ് സംഘമായി ആഴിമല എത്തിയത്.