ADVERTISEMENT

തിരുവനന്തപുരം ∙ ‘വിരട്ടൽ ഞങ്ങളോടു വേണ്ട’ എന്ന ലൈനാണ് ജില്ലയിലെ മലയോര മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആനയ്ക്കും കരടിക്കും കാട്ടുപോത്തിനുമൊക്കെ. എത്ര ആട്ടിയോടിച്ചാലും വീണ്ടും തിരികെ വരുന്ന ‘അരിക്കൊമ്പൻ ശൈലി’യാണ് ഇവയുടെ കാടിറക്കം. വ്യാപക കൃഷിനാശവും പതിവ്. നടപടിയില്ലാത്തത്ിനു പുറമേ മൃഗങ്ങൾ ഉണ്ടാക്കിയ വിളനാശത്തിന് നഷ്ടപരിഹാരം വേണമെന്ന കർഷകരുടെ ആവശ്യവും സർക്കാർ കണ്ടില്ലെന്ന മട്ടിലാണ്. 

കണ്ണടച്ച്  വനംവകുപ്പ്

വെള്ളനാട് കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണ് കരടി ചത്തത് ഈയിടെ. കണ്ണമ്പള്ളി കുറിഞ്ചിലക്കോട് പ്രഭാമന്ദിരത്തിൽ ബി.പ്രഭാകരൻ നായർ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ കിണറ്റിലാണ് കരടി വീണത്. വനംവകുപ്പ് അധികൃതർ മയക്കുവെടി വച്ച ശേഷം വല കെട്ടി കരയ്ക്ക് കയറ്റാനുള്ള ദൗത്യം പാളുകയായിരുന്നു. കിണറിലെ പമ്പ് സെറ്റിന്റെ പൈപ്പുകൾ ഉൾപ്പെടെ കരടി നശിപ്പിച്ചിരുന്നു. ഇതിന് വീട്ടുടമ 10,000 രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനു നൽകിയ അപേക്ഷയിൽ ഇതുവരെ നടപടിയില്ല.  

കാട്ടുപന്നിശല്യത്തിൽ ആര്യനാട്  

ഉഴമലയ്ക്കൽ പഞ്ചായത്തിലെ വാലൂക്കോണം ഏലായിൽ 5 ഏക്കറോളം വരുന്ന നെൽക്കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. നഷ്ടപരിഹാരം തേടി  കർഷകർ‍ നൽകിയ അപേക്ഷയും ഫയലിലാണ്. ആര്യനാട് പഞ്ചായത്തിലെ പറണ്ടോട്, ചേരപ്പള്ളി, ബൗണ്ടർമുക്ക്, കെ‌ാക്കോട്ടേല, മീനാങ്കൽ, ഐത്തി, ഉഴമലയ്ക്കൽ പഞ്ചായത്തിലെ അയ്യപ്പൻകുഴി, പരുത്തിക്കുഴി, വാലൂക്കോണം തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുപന്നികൾ യഥേഷ്ടം വിഹരിക്കുന്നു. പുലർച്ചെ ടാപ്പിങ്ങിനു പോകുന്നവരെ ആക്രമിക്കുന്നതും പതിവ്. ഇൗഞ്ചപ്പുരി മൈലമൂട് പാറമുകളിൽ 2 വർഷത്തിനിടെ 3 തവണയാണ് കാട്ടുപോത്ത് ഇറങ്ങിയത്. തേവിയാരുകുന്ന് ഭാഗത്തും എത്തി.  മാവുനിന്നകുഴി, ചെട്ടിചാടിമൂല, ചെറുമഞ്ചൽ ഭാഗത്തും കാട്ടുപോത്തിന്റെ സാന്നിധ്യം പതിവാണ്. 

കോട്ടൂരിൽ കൃഷിനഷ്ടം

കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ അഗസ്ത്യവന മേഖലയിൽ കാട്ടു പന്നികളും കാട്ടുപോത്തുമാണ് നാടിറങ്ങി ആക്രമണം നടത്തുന്നത്. 3 മാസം മുൻപ് വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ അയ്യപ്പൻകാണിയെ കാട്ടു പോത്ത് ആക്രമിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോട്ടൂർ കടമാൻകുന്ന് രാഹുൽ ഭവനിൽ രാഹുലിനും പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇപ്പോഴും ചികിത്സയിലാണ്. കൊല്ലായിൽ, തെന്നൂർ, നന്ദിയോട് പഞ്ചായത്തിലെ കുടവനാട്, മീൻമുട്ടി, ചെല്ലഞ്ചി, പാങ്ങോട് പഞ്ചായത്തിലെ വെള്ളയംദേശം, പാണ്ടിയൻപാറ എന്നിവിടങ്ങളിലും കാട്ടുപോത്ത് ഭീഷണിയുണ്ട്.  അരിപ്പയിൽ കരടിയുടെ ശല്യമാണ് ഭീഷണി. ഇവിടെ സ്കൂളിന്റെ മുറ്റം വരെ കരടിയെത്തി.

മലയിൻകീഴിനെ വിരട്ടി വാനരന്മാർ  

മൂക്കുന്നിമലയുടെ താഴ്‌വാരത്തെ വിളവൂർക്കൽ, മലയിൻകീഴ് പ്രദേശങ്ങളിൽ വർഷങ്ങളായി നാട്ടുകാർ വാനര ദുരിതത്തിലാണ്. വാഴ, പച്ചക്കറി, തെങ്ങ് കർഷകർക്ക് വ്യാപക നാശമാണ് സംഘമായി എത്തുന്ന കുരങ്ങുകൾ സൃഷ്ടിക്കുന്നത്. ഇതേ തുടർന്ന് വിളവൂർക്കൽ പഞ്ചായത്തിൽ പലരും കൃഷി നിർത്തി. പിടികൂടുന്ന കുരങ്ങുകളെ പേപ്പാറ, നെയ്യാർ വനമേഖലയിലാണ് തുറന്നു വിട്ടിരുന്നത്. എന്നാൽ ആ പ്രദേശങ്ങളിൽ പ്രതിഷേധം ശക്തമായതോടെ കുരങ്ങുകളെ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. മൂക്കുന്നിമലയിൽ ക്വാറി പ്രവർത്തനം തുടങ്ങിയതോടെയാണ് കുരങ്ങുകൾ നാട്ടിലേക്ക് ഇറങ്ങിയത്. മലയിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കുരങ്ങുകൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥ പുന:സൃഷ്ടിക്കണമെന്ന ആവശ്യവും ശക്തമാണ്. 

കാട്ടാന ശല്യത്തിന് നഷ്ടപരിഹാരമില്ല

ശംഖുതാങ്ങി, ഇൗഞ്ചപ്പുരി വനമേഖലയോട് ചേർന്ന് പാട്ടത്തിന് കൃഷി ചെയ്തിരുന്ന ഇൗഞ്ചപ്പുരി കുക്കു സദനത്തിൽ ടി.കെ.മണിയുടെ വാഴ, മരിച്ചീനി എന്നിവ കാട്ടാന ചവിട്ടി മെതിച്ചിരുന്നു. മൂന്നര ലക്ഷം രൂപയുടെ നാശമാണുണ്ടായത്. ഇതിനും നഷ്ടപരിഹാരമില്ല.  

കാട് കയറിയ നടപടികൾ

വന്യജീവികളുടെ ആക്രമണം തടയുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി ഫോറസ്റ്റ് സ്റ്റേഷനുകളും ദ്രുത പ്രതികരണ സേനാ യൂണിറ്റുകളും സ്ഥാപിക്കുമെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ഇനിയും നടപടിയില്ല. വനംവകുപ്പിന്റെ ശുപാർശയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പാണ് തടസ്സമുന്നയിച്ചിരിക്കുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലും മെല്ലെപ്പോക്കു നയമാണുളളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com