ADVERTISEMENT

മലയിൻകീഴ് ∙ അച്ഛന്റെ ചിത്രത്തിൽ ഉമ്മവച്ചും കൈവീശി കാണിച്ചും യാത്ര പറഞ്ഞ് എസ്.അഭിരാമിയും എസ്.അശ്വതിയും എസ്.അർജുനും ഒന്നാം ക്ലാസിലേക്കു പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളിൽ ആനന്ദത്തിന്റെയും വേദനയുടെയും നനവുണ്ടായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്നുവീണ ആ സഹോദരങ്ങളുടെ ജീവിതത്തിലെ ആഹ്ലാദകരമായ ഇന്നലത്തെ ദിനം അച്ഛൻ മരിച്ചതിന്റെ പതിനെട്ടാം ദിനം കൂടിയിരുന്നു. പേയാട് കാട്ടുവിള ചരുവിളാകത്തു വീട്ടിൽ റിട്ട.എസ്ബിഐ ജീവനക്കാരനായ കെ.സുരേഷ് കുമാറിന്റെയും ബി.സുനിത കുമാരിയുടെയും ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ഒടുവിൽ ഒറ്റ പ്രസവത്തിൽ കിട്ടിയ മക്കളാണ് അഭിരാമിയും അശ്വതിയും അർജുനും. 

അർബുദത്തിനു ചികിത്സയിലായിരുന്ന സുരേഷ് കുമാർ (61) കഴിഞ്ഞ 15ന് ആണ് മരണത്തിന് കീഴടങ്ങിയത്. മക്കൾ ഒരുമിച്ച് സ്കൂളിൽ പോകുന്നത് കാണാൻ ഏറെ കൊതിച്ച സുരേഷിനെ വിധി അതിനനുവദിച്ചില്ല. വിളപ്പിൽ ഗവ.എൽപി സ്കൂളിൽ പ്രവേശനം നേടിയ മൂവരും ഇന്നലെ ബന്ധുവിന്റെ കൈപിടിച്ചാണ് പ്രവേശനോത്സവത്തിന് എത്തിയത്. ഉച്ചയോടെ വീട്ടിൽ മടങ്ങിയെത്തിയ മൂവരും തങ്ങൾക്ക് കിട്ടിയ സമ്മാനപ്പൊതിയിലെ ബുക്കും പെൻസിലും തൊപ്പിയും എല്ലാം പിതാവിന്റെ ചിത്രത്തിനു മുന്നിൽ വച്ച് ആഹ്ലാദം പങ്കിട്ടു. സുരേഷ്കുമാറിന്റെ മരണ ശേഷം സുനിതകുമാരിയും മക്കളും മാത്രമാണ് വീട്ടിൽ. 

  സർവീസ് കുറവായതിനാൽ സുരേഷിന് ചെറിയ തുകയാണ് പെൻഷനായി ലഭിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി ഏറെ മോശമായതിനാൽ മക്കളെ എങ്ങനെ വളർത്തി വലുതാക്കും എന്നത് സുനിതയുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു.  അപ്പോഴും അച്ഛൻ മടങ്ങി വരുമ്പോൾ സ്കൂളിലെ വിശേഷങ്ങൾ പറയാനുള്ള കാത്തിരിപ്പിലാണ് മക്കൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com