തുടർച്ചയായി രാത്രി ഡ്യൂട്ടി : മെഡിക്കൽ സർവീസസ് കോർപറേഷൻ ആസ്ഥാനത്ത് പ്രതികാര നടപടി

kmscl-kerala-medical-service-corporation
SHARE

തിരുവനന്തപുരം ∙ മരുന്നു സംഭരണ ഗോഡൗണുകളിലെ അഗ്നിബാധയെക്കുറിച്ചുള്ള വിവാദങ്ങൾ ശക്തമായി തുടരുന്നതിനിടെ മെഡിക്കൽ സർവീസസ് കോർപറേഷൻ ആസ്ഥാനത്ത് ജീവനക്കാരോട് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി.  30 പേർക്കു രാത്രി ഡ്യൂട്ടി നൽകി ഇന്നലെ ഉത്തരവ് ഇറങ്ങി. ഇവർ 16വരെ തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യണം. അതിനുശേഷം 30 പേരെ നിയോഗിക്കും. രാത്രി 7നു ഹാജരായി പിറ്റേന്നു രാവിലെ 8വരെ ജോലി ചെയ്യണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തുടർച്ചയായി 13 മണിക്കൂർ ജോലി ചെയ്യണം. 

സ്ഥാപനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു പോകുന്നതിൽ ജീവനക്കാർക്കു പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. അതിനാൽ എല്ലാവരെയും പാഠം പഠിപ്പിക്കുമെന്നു ചില ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു.  ജീവനക്കാരിൽ ഭൂരിഭാഗവും കരാർ ജോലിക്കാരാണ്. രാത്രി ജോലി ചെയ്യേണ്ടിവന്നാൽ പലരും രാജിവച്ചു പോകുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർക്ക് ഉണ്ട്. കോർപറേഷൻ ആസ്ഥാനമോ ഗോഡൗണുകളോ രാത്രി പ്രവർത്തിക്കേണ്ട ആവശ്യമില്ല. 

ഉന്നത ഉദ്യോഗസ്ഥർ ചിലപ്പോൾ രാത്രി 9 വരെ ഫയലുകൾ നോക്കാൻ ഉണ്ടാകും. അതിനുശേഷം ഓഫിസ് പൂർണമായും അടയ്ക്കും. കരാറുകൾ ഉറപ്പിക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ആസ്ഥാനത്തെ പ്രധാന ജോലി.  മരുന്നുകൾ അതതു ജില്ല ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. അവിടെയും രാത്രികാലങ്ങളിൽ സംഭരണമോ വിതരണമോ നടക്കാറില്ല. 

ആസ്ഥാനത്തു രാത്രി എന്തിനാണു രാത്രി ഡ്യൂട്ടിയെന്ന്  അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എ.ദീപാറാണി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മാനേജിങ് ഡയറക്ടർ കെ.ജീവൻ ബാബുവിനെ കണ്ട് ജീവനക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കോർപറേഷനിലെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ആരോപണം ഉയർന്നിട്ടുണ്ട്. 

ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ അർഹതയില്ലാത്ത ഉദ്യോഗസ്ഥരെ ദിവസവും 20 കിലോമീറ്റർ അകലെയുള്ള താമസസ്ഥലത്തുനിന്നു വിളിച്ചുകൊണ്ടുവരികയും കൊണ്ടുവിടുകയും ചെയ്യുന്നുണ്ട്. വിവരാവകാശം വഴി വാഹനങ്ങളുടെ റജിസ്റ്ററുകൾ ചോദിച്ചപ്പോൾ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നുവെന്നാണു മറുപടി നൽകിയത്. സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്തു കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. ഇവർക്കു ഭാവിയിൽ സ്ഥിരനിയമനം നൽകി കോർപറേഷനെ സിപിഎമ്മിന്റെ വരുതിയിലാക്കാനാണു ശ്രമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS