കുഞ്ഞു വിഐപികളെ വരവേറ്റ് പൊലീസ് ഡെസ്ക്

Mail This Article
തിരുവനന്തപുരം∙ സ്കൂൾ തുറക്കുന്ന ദിനം കുട്ടികൾക്ക് സ്വാഗതമേകി വെൽകം ഡെസ്കുമായി സിറ്റി പൊലീസും. ശംഖുമുഖം ഡിവിഷനു കീഴിലെ പൊലീസ് സ്റ്റേഷനുകളാണ് വെൽകം ഡെസ്കുകളുമായി കുട്ടികളെ സ്വീകരിച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കാനും റോഡ് മുറിച്ച് കടക്കാനും വാഹന പാർക്കിങ്ങിനും ഉൾപ്പെടെ പൊലീസ് സഹായത്തിനെത്തി. ശംഖുമുഖം എസി ഡി.കെ. പ്യഥ്വിരാജിന്റെ നേതൃത്വത്തിലാണ് കൂട്ടികൾക്ക് വെൽകം ഡെസ്ക് ഒരുക്കിയത്.
ശംഖുമുഖം ഡിവിഷന് കീഴിൽ ഓരോ സ്റ്റേഷനുകളിലെയും പ്രധാന സ്കൂളുകൾക്ക് മുന്നിലായിരുന്നു വെൽകം ഡെസ്കുകൾ തുറന്നത്. വെട്ടുകാട് സ്കൂളിന് മുന്നിൽ വലിയതുറ പൊലീസിന്റെ വെൽകം ഡെസ്ക് പ്രവർത്തിച്ചപ്പോൾ കമേലശ്വരത്തായിരുന്നു പൂന്തുറ പൊലീസ് ഡെസ്ക് തുറന്നത്. വഞ്ചിയൂർ, പേട്ട പൊലീസ് സ്റ്റേഷനുകൾക്ക് കീഴിലെ സ്കൂളുകൾക്ക് മുന്നിലും വെൽകം ഡെസ്കുകൾ പ്രവർത്തിച്ചു. ലഹരി വിരുദ്ധ കലാലയമെന്ന ബോർഡ് ഉയർത്തിയാണ് പൊലീസ് സംഘങ്ങൾ കൂട്ടികളെ സ്വാഗതം ചെയ്തത്. ലഹരി മരുന്നിന് എതിരെയും നിയമ സംവിധാനങ്ങളെ കുറിച്ചുമുള്ള അനൗൺസ്മെന്റുകളും വെൽകം ഡെസ്കുകളിൽ കേൾപ്പിച്ചു.