ADVERTISEMENT

തിരുവനന്തപുരം∙ പൊതു വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്കുയർത്തുകയാണു സർക്കാർ ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാലയങ്ങളിൽ നിന്ന് 5 ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ സ്ഥാനത്തുനിന്ന് കഴിഞ്ഞ 7 വർഷം കൊണ്ട് കുട്ടികൾ തിരികെയെത്തി.  പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയിൻകീഴ് ഗവ.ബോയ്സ് എൽപിഎസിൽ ഒരു കോടി രൂപ ചെലവഴിച്ചു പണിത കെട്ടിടവും ഉദ്ഘാടനം ചെയ്തു.   

അധ്യക്ഷനായ മന്ത്രി വി.ശിവൻകുട്ടി സ്കൂൾ അക്കാദമിക് കലണ്ടറും മന്ത്രി ജി.ആർ.അനിൽ മധുരം മലയാളം, ഗണിതം രസം, കുട്ടിക്കൂട്ടം കൈപ്പുസ്തകങ്ങളും ഐ.ബി.സതീഷ് എംഎൽഎ ‘ഹലോ ഇംഗ്ലിഷ് കിഡ്‌സ്’ പുസ്തകവും പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്.ഷാനവാസ്, കലക്ടർ ജെറോമിക് ജോർജ്, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ.എസ്.ഷിബു എന്നിവർ പ്രസംഗിച്ചു. പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും അരങ്ങേറി. 

‘ഹൃദിസ്ഥാമീശ്വരൻ തൃപ്ത...’സ്കൂളിൽ പഠിച്ച ശ്ലോകം ഓർത്തുചൊല്ലി മുഖ്യമന്ത്രി

താൻ സ്കൂളിൽ പഠിച്ച സംസ്കൃത ശ്ലോകം സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ ഓർത്തുചൊല്ലി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ഒരു വ്യക്തിയുമായുണ്ടായ ഈശ്വരനെ സംബന്ധിച്ച സംവാദത്തിനിടെ ചൊല്ലിയെന്നു പറഞ്ഞാണ് പണ്ടു പഠിച്ച ശ്ലോകം മുഖ്യമന്ത്രി കുട്ടികൾക്കു മുന്നിലും ആവർത്തിച്ചത്. ‘മറ്റൊരു തരത്തിലെടുക്കേണ്ട’ എന്ന മുന്നറിയിപ്പോടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

‘ഇന്നലെ എന്നെ കാണാൻ ഒരാൾ വന്നു. പ്രത്യേക കഴിവുള്ള ആളാണ്. വലിയ തോതിൽ കാര്യങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണദ്ദേഹം. ഹൃദയത്തിലെ ഈശ്വരനെയാണ് ഉണർത്താൻ നോക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഹൃദയത്തിലാണോ ഈശ്വരൻ എന്നു ഞാൻ തിരിച്ചു ചോദിച്ചു. നമ്മുടെ ശരീരത്തിലെ ശക്തിയെ ഉണർത്തുക എന്നു പറഞ്ഞാൽ ശരിയാണ്. ഈശ്വരനെ ഉണർത്തുക എന്നു പറഞ്ഞാൽ അതിന്റെ അർഥമെന്താണ്? അപ്പോൾ ഹൈസ്കൂളിൽ എന്റെ അധ്യാപകൻ പഠിപ്പിച്ച ശ്ലോകം ചൊല്ലി’

തുടർന്നാണ് ‘ഹൃദിസ്ഥാമീശ്വരൻ തൃപ്ത’ എന്നു തുടങ്ങുന്ന നാലുവരി ശ്ലോകം മുഖ്യമന്ത്രി ചൊല്ലിയത്. സംസ്കൃത ശ്ലോകത്തിന്റെ അർഥമെന്തെന്ന് മുഖ്യമന്ത്രി വിശദമാക്കിയില്ലെങ്കിലും സദസ്സിൽ നിന്നു കയ്യടി ഉയർന്നു.‘ഒരാവശ്യത്തിനും എന്നെ പഠിപ്പിച്ച കാര്യമല്ല. എന്നാൽ ഇപ്പോഴും ഓർക്കുന്നതു കൊണ്ട് ചൊല്ലി. എനിക്കെങ്ങനെ അതു പറയാൻ കഴിഞ്ഞു എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. അധ്യാപകന്റെ റോൾ ഇത്തരത്തിലായിരിക്കണം. കുട്ടികളിൽ ശരിയായ വീക്ഷണം വളർത്തിയെടുക്കണം. പകർന്നു കൊടുക്കുന്ന അറിവ് എത്രകാലം കഴിഞ്ഞാലും അവർ മനസ്സിൽ കൊണ്ടു നടക്കുമെന്ന് ഓർക്കണം’– മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com