ADVERTISEMENT

വിഴിഞ്ഞം ∙ മത്സ്യബന്ധന സീസൺ, ട്രോളിങ് നിരോധനം എന്നിവ ആസന്നമായിരിക്കെ വിഴിഞ്ഞത്ത് മുന്നൊരുക്കങ്ങൾ ഒന്നുമായില്ല. സുരക്ഷാ ചുമതലയ്ക്കായി എത്തുന്ന പൊലീസ് സംഘത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെയും സജ്ജമായില്ല.  ട്രോളറുകൾ ഇല്ലാത്തതിനാൽ ട്രോളിങ് നിരോധനം വിഴിഞ്ഞത്തെ ബാധിക്കില്ലെങ്കിലും ഇക്കാലം ഇവിടെ മീൻപിടിത്ത സീസൺ ആണ്.

കെട്ടിമേയാതെ മേൽക്കൂര ദ്രവിച്ച് കുറ്റിക്കാടു മൂടിയ വിഴിഞ്ഞത്തെ പൊലീസ് പിക്കറ്റ് പോസ്റ്റുകളിലൊന്ന്.
കെട്ടിമേയാതെ മേൽക്കൂര ദ്രവിച്ച് കുറ്റിക്കാടു മൂടിയ വിഴിഞ്ഞത്തെ പൊലീസ് പിക്കറ്റ് പോസ്റ്റുകളിലൊന്ന്.

കാലവർഷ തിരകൾ കാരണം സമീപ തീരങ്ങളിൽ വള്ളം ഇറക്കാനാകാത്തതിനാൽ ഹാർബർ സൗകര്യമുള്ള വിഴിഞ്ഞത്തേക്ക് മത്സ്യത്തൊഴിലാളികൾ കൂട്ടമായി എത്തും. നിലവിൽ ഇവരുടെ വരവ് തുടങ്ങിയിട്ടുണ്ട്. വള്ളങ്ങൾ ഉൾപ്പെടെ മത്സ്യബന്ധന സന്നാഹങ്ങളും എത്തിത്തുടങ്ങി. ഇനിയുള്ള നാളുകൾ വിഴിഞ്ഞത്ത് സീസൺ തിരക്കാണ്. ഇതു മുൻനിർത്തിയാണ് സുരക്ഷ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാറുള്ളത്.

വിഴിഞ്ഞത്തേക്ക് സുരക്ഷയ്ക്കായി ഇത്തവണ  നൂറിലധികം പേരുൾപ്പെടുന്ന പൊലീസ് സംഘം എത്തുമെന്ന് പറയുന്നു.  തീരദേശത്തെ വിവിധ പിക്കറ്റ് പോസ്റ്റുകളിൽ മുഴുവൻ സമയമാണ് ഇവർക്ക് ഡ്യൂട്ടി. എന്നാൽ ഇവർക്കു തങ്ങാനുള്ള പിക്കറ്റ് പോസ്റ്റുകൾ ഇതുവരെയും കെട്ടി മേഞ്ഞിട്ടില്ല. ഓല ഷെഡുകൾ പലതും മേൽക്കൂര ദ്രവിച്ചു കുറ്റിക്കാട്ടിലായി. 

വിഴിഞ്ഞം ഫിഷ്‌ ലാൻഡ്, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ മുൻവശം, നോമാൻസ് ലാൻഡ്, ആഴാകുളം ക്വാർട്ടേഴ്സ് ജംക്‌ഷൻ തുടങ്ങി തുറമുഖ പരിസരത്തെ പത്തോളം ഷെഡുകളാണ് പുനരുദ്ധാരണം സമയത്തിനു നടത്താത്തതിനാൽ തകർച്ചയിലായത്.ഈ ഷെഡുകളിൽ പലതിലും വെളിച്ചം ഇല്ല. പിക്കറ്റ് പോസ്റ്റില്ലാതെ പൊലീസുകാർ വലയുന്ന മുക്കോലയിൽ പോസ്റ്റ് സ്ഥാപിക്കേണ്ടതും അത്യാവശ്യം. 

പ്രഖ്യാപനം മാത്രം; നടപടിയില്ല

സീസൺ കാലത്ത് തീരം രാവും പകലും ഒരു പോലെ സജീവമാകും. ഫിഷ്‌ ലാൻഡ് പ്രദേശത്ത് ശുദ്ധജല ലഭ്യത സൗകര്യം, ശുചീകരണ സംവിധാനം, വഴിവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.  കടലിൽ വള്ളങ്ങൾക്ക് സുഗമമായി വന്നു പോകുന്നതിനു മാർഗം തെളിയിക്കുന്ന ബോയ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.

മത്സ്യത്തൊഴിലാളികളുടെ യാത്ര സൗകര്യത്തിനു വിഴിഞ്ഞം–പൂവാർ റൂട്ടിൽ കൂടുതൽ ബസ് സർവീസ് നടത്താറുള്ളതാണ്. ഇതു സംബന്ധിച്ചും ബന്ധപ്പെട്ടവരിൽ നിന്നു നടപടി നിർദേശങ്ങളുണ്ടായിട്ടില്ല.

കാലവർഷം വൈകുന്നു

ജൂൺ പിറന്നിട്ടും കാലവർഷം എത്താത്തത് തീരത്ത് ആശങ്ക പരത്തി.   ശക്തമായ മഴയിൽ കടൽ ഇളകി മറിഞ്ഞാൽ മാത്രമേ മത്സ്യലഭ്യത ഉണ്ടാകൂ . സാധാരണ മേയ് 15നു ശേഷം മഴ ലഭിക്കുന്നതോടെയാണ്  സാധ്യത തെളിയുന്നത്. കൊഞ്ചു മത്സ്യത്തിൽ തുടങ്ങി കണവ, വാള തുടങ്ങി ഘട്ടം ഘട്ടമായി മറ്റു വിവിധ ഇനങ്ങളും ഇക്കാലത്ത് ലഭിക്കാറുള്ളതാണ്. അടുത്തദിവസങ്ങളിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com