തിരുവനന്തപുരം ∙ തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ കോതയാർ ഡാമിനു സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പ്. കാട്ടാനയുടെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്നൽ പ്രകാരമാണ് ഇൗ വിവരം സ്ഥിരീകരിച്ചത്. കോതയാർ ഡാമിൽ നിന്നു വിതുര വഴി നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്. ഇന്നലെ പുലർച്ചെ 3.30നാണു പെരിയാർ കടുവ സങ്കേതത്തിൽ അരിക്കൊമ്പന്റെ സഞ്ചാരപഥത്തെക്കുറിച്ചു സിഗ്നൽ ലഭിച്ചത്.
കോതയാറിൽ നിന്നു നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ എത്തുകയാണെങ്കിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനു നിർദേശം ലഭിച്ചു. ഇതോടെ അതിർത്തിമേഖലകളിൽ വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. 20 കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ ഇക്കാര്യം വനംവകുപ്പിന് അറിയാനാകുമെന്നും അധികൃതർ പറഞ്ഞു. അരിക്കൊമ്പൻ വിഷയത്തിൽ ലഭ്യമായ വിവരങ്ങൾ തമിഴ്നാട് കേരളത്തിനു കൈമാറുന്നുണ്ട്.
കന്യാകുമാരി ഡിഎഫ്ഒയും ഇന്നലെ കേരളത്തിലെ വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം തുറന്നു വിട്ടതെന്നാണു തമിഴ്നാട് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്. തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവും ശരീരത്തിൽ പരുക്കുകളുമായി അരിക്കൊമ്പൻ പഴയ വേഗത്തിൽ സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണു വനം വകുപ്പിന്റെ നിഗമനം. കീഴ്ക്കാംതൂക്കായ പ്രദേശങ്ങൾ കൂടുതലായ സ്ഥലത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും സഞ്ചാരത്തിനു തടസ്സമുണ്ടാക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷിച്ചാൽ മാത്രമേ അരിക്കൊമ്പന്റെ വഴി എങ്ങോട്ടാണെന്നു വ്യക്തമാകുകയുള്ളൂവെന്നും വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ ആരോഗ്യവാൻ, ശാന്തൻ: തമിഴ്നാട്
ചെന്നൈ ∙ കോതയാർ വനമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ആനയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റ് ആനക്കൂട്ടങ്ങൾക്കൊപ്പം അരിക്കൊമ്പനും ചേരുമെന്നു പ്രതീക്ഷിക്കുന്നു. ആവശ്യത്തിനു തീറ്റയും വെള്ളവും ലഭ്യമായതിനാൽ അരിക്കൊമ്പൻ ശാന്തനാണ്. വനപാലകരുടെ ഒരു സംഘം ചൊവ്വാഴ്ച പുലർച്ചെ വരെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചതായും റേഡിയോ കോളർ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നുണ്ടെന്നും വനം സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
English Summary: Arikomban near Kothayar Dam; Neyyar forest area is only 130 km away